ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ. മെയ് 1 മുതൽ ഗാർഹിക പാചകവാതക ബുക്കിംഗിൽ പുതിയ പരിഷ്കാരങ്ങൾ ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.
വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. മൂന്നാം തവണയാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇന്നത്തെ വില വർധനവോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമാണ് പുതിയ വില. തലസ്ഥാനത്ത് 3071.50 രൂപയായും മുംബൈയിൽ 3024 രൂപയായും 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഉയർന്നു. തുടർച്ചയായി ഉണ്ടാകുന്ന ഈ വിലവർധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും.
പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ മാറ്റമില്ലെങ്കിലും പ്രീമിയം പെട്രോൾ, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയ്ക്ക് ആഗോള വിപണിക്ക് അനുസൃതമായി വില വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുകയാണ്. ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
മെയ് 1 മുതൽ ഗാർഹിക പാചകവാതക ബുക്കിംഗിൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. നഗരപ്രദേശങ്ങളിൽ ഇനി മുതൽ 25 ദിവസത്തിലൊരിക്കൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്. അനുവദിച്ച സമയപരിധിക്ക് മുമ്പുള്ള ബുക്കിംഗുകൾ സിസ്റ്റം സ്വയം ബ്ലോക്ക് ചെയ്യും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.












Comments