ഇന്ന് സാർ‌വദേശീയ തൊഴിലാളി ദിനം; അറിയാം മേയ് ദിനത്തിന്റെ പിന്നാമ്പുറങ്ങൾ....

Today International Labor Day

ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും മേയ് ഒന്ന് തൊഴിലാളി ദിനമായി ഇന്നും അംഗീകരിച്ചിട്ടില്ല.

1886 മേയ് ഒന്നു മുതൽ അമേരിക്കയിലെ ചിക്കാഗോയിലും,​ കാനഡയിലും എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം, ന്യായമായ വേതനം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  നടന്ന തൊഴിലാളി പണിമുടക്കിന്റെ ഓർമ്മദിനമായിട്ടാണ് മേയ് ഒന്ന് സാർ‌വദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നത്. 

16 മുതൽ 20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ മാത്രം വിശ്രമം. ഒരു നൂറ്റാണ്ടുവരെ ഇതായിരുന്നു തൊഴിലാളി ജീവിതങ്ങളുടെ ദിനക്രമം. രാവന്തിയോളം പണിയെടുത്തിട്ടും കിട്ടുന്നതാകട്ടെ തുച്ഛമായ വേതനവും.

പതിനായിരക്കണക്കിനു തൊഴിലാളികൾ പങ്കെടുത്ത ഈ പണിമുടക്കിന്റെ വിജയത്തിൽ പരിഭ്രാന്തരായ തൊഴിലുടമകൾ പോലീസുമായി ചേർന്ന് രണ്ടാം ദിവസം മുതൽ തൊഴിലാളികളെ ആക്രമിച്ച് സംഘർഷത്തിനു തുടക്കമിടുകയും അത് പിന്നീട് സംഘട്ടനങ്ങളും പൊലീസ് മർദ്ദനങ്ങളും വെടിവയ്പ്പും വരെയായി മാറി. പണിമുടക്ക് നാലാം ദിനത്തിലേക്കു കടന്നപ്പോൾ പ്രതിഷേധവും ഏറ്റുമുട്ടലുകളും രൂക്ഷമാവുകയും വെടിവയ്പിൽ ആറ് തൊഴിലാളികളും ഏഴു പൊലീസുകാരും കൊല്ലപ്പെടും ചെയ്തു.

പിന്നീട് സർക്കാർ പണിമുടക്ക് നിരോധിച്ചു. തൊഴിലാളികളുടെ വീടുകളിൽ വ്യാപകമായ റെയ്ഡും ക്രൂരമർദ്ദനങ്ങളും അരങ്ങേരുകയും  പണിമുടക്കിനു നേതൃത്വം നൽകിയ ഏഴ് തൊഴിലാളികളെ കൊലക്കുറ്റം ചുമത്തി തുറുങ്കിലടക്കുകയും ചെയ്തു. നിയമനടപടികൾ വേഗത്തിലാക്കിയ സർക്കാരും കോടതിയും 1887 നവംബർ 11- ന് ഈ തൊഴിലാളികളെ പരസ്യമായി തൂക്കിലേറ്റി. 

തൂക്കുകയർ കഴുത്തിൽ അണിയിച്ചപ്പോൾ തൊഴിലാളികൾ പറഞ്ഞ 'ഞങ്ങളുടെ നിശബ്ദത,​ ഇന്ന് നിങ്ങൾ അവസാനിപ്പിക്കുന്ന ഞങ്ങളുടെ ശ്വാസോച്ഛോസത്തെക്കാൾ വലിയ ശക്തിയായി വരുന്ന ഒരു ദിവസം വരും!" എന്ന വാക്കുകൾ,​ തൊഴിലെടുത്തു ജീവിക്കുന്ന ലോകമെങ്ങുമുള്ളവർക്ക് ആവേശവും പ്രതീക്ഷയുമായി മാറി. 

ഒടുവിൽ ഗത്യന്തരമില്ലാതെ എട്ട് മണിക്കൂർ ജോലിയെന്ന തൊഴിലാളികളുടെ ആവശ്യം ഭരണാധികാരികൾക്ക് അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടായില്ല. 1904ൽ ആംസ്​റ്റർഡാമിൽ നടന്ന ഇന്റർനാഷനൽ സോഷ്യലിസ്​റ്റ്​ കോൺഫറൻസാണ് എട്ട് മണിക്കൂർ ജോലി സമയമാക്കിയതി​ൻറെ വാർഷികമായി ​മേയ് ഒന്നിനെ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ,​ മറ്റു രാജ്യങ്ങളിൽ മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങി. 

ലോകം എന്നും സമ്പന്നരുടെയും, അതിസമ്പന്നരായ കോർപ്പറേറ്റുകളുടെയും അധീനതയിലാണ്. ഭൂരിഭാഗം ഭരണകൂടങ്ങളും ഇവരുടെ പക്ഷത്താണ്. അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധൻ ആഡം സ്മിത്തിന്റെ വെൽത്ത് ഒഫ് നേഷൻസ് എന്ന വിഖ്യാതമായ സാമ്പത്തികശാസ്ത്ര രചനയിലൂടെ, മാർക്കറ്റ് എക്കോണമി എന്ന സാമ്പത്തികനയ ഭാവനപ്രകാരം ഭരണകൂടം തങ്ങളുടെ രാജ്യസംരക്ഷണ പ്രതിരോധത്തിലും, ക്രമസമാധാനപാലനത്തിലും, നീതിന്യായ നടപടികളിലും, നികുതി പിരിവിലും, പശ്ചാത്തല സൗകര്യ വികസനത്തിലും മാത്രം ശ്രദ്ധിക്കുക; മറ്റെല്ലാ കാര്യങ്ങളും വിപണിക്കും സമൂഹത്തിനുമായി വിട്ടുകൊടുക്കുക- എന്ന ആശയമാണ് മുന്നോട്ട് വച്ചിട്ടുള്ളത്.  ഇന്ത്യയ്ക്ക് ആഡം സ്മിത്തിന്റെ ഈ സാമ്പത്തികശാസ്ത്രം ചേരുകയില്ലെന്നു മനസ്സിലാക്കിയ ജവഹർലാൽ നെഹ്റു ഈ സാമ്പത്തിക നയത്തിന്റെ പരീക്ഷണശാലയാക്കുവാൻ രാജ്യത്തെ അനുവദിച്ചില്ല എന്ന മാത്രമല്ല പകരം ഫാബിയൻ സോഷ്യലിസത്തെ (സമ്മിശ്ര സമ്പദ്‌വ്യവസ്ഥ) അദ്ദേഹം തിരഞ്ഞെടുക്കുകയും ചെയ്തു.


എന്നാൽ ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും മേയ് ഒന്ന് തൊഴിലാളി ദിനമായി ഇന്നും അംഗീകരിച്ചിട്ടില്ല. കാരണം,​ തൊഴിലാളി പ്രക്ഷോഭത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും സ്മരണകൾ തലമുറകളിലൂടെ ഓർമ്മിക്കപ്പെടുന്നത് രാജ്യത്ത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കുമെന്ന് ഭരണകൂടം ഭയക്കുന്നു. അതിനാൽ,​ സമരത്തിനു നേതൃത്വം കൊടുത്ത തൊഴിലാളികളെ തൂക്കിലേറ്റുന്നതിനു മുമ്പായി 1887 സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആഘോഷിക്കാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഗ്രോവെർ ക്ളീവ്‌ലന്റ് ഉത്തരവിട്ടു. അതുകൊണ്ട് അമേരിക്കയിലും കാനഡയിലും ഇന്നും സെപ്റ്റംബറിലാണ് തൊഴിലാളിദിനം!

വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമപ്പുറം അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ ഒരു സമര പ്രസ്ഥാനം ഉയർന്നുവരിക തന്നെ ചെയ്യും. ആ മുന്നേറ്റത്തിന്റെ പോരാട്ടവീറിൽ സമത്വത്തിലും സഹോദര്യത്തിലുമൂന്നിയ ഒരു പുത്തൻ ലോകം യാഥാർഥ്യമാവും. അതിനായി നാം ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. നല്ല നാളേക്കായുള്ള പോരാട്ടങ്ങൾക്ക് ഈ മെയ് ദിനം കരുത്തുപകരും. എല്ലാവർക്കും മെയ് ദിനാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Comments

    Leave a Comment