ഇന്ത്യയിലെ മധ്യവർഗം പ്രതിസന്ധിയിലോ ? ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നിരക്ഷരർക്കിടയിലുള്ള തൊഴിലില്ലായ്മയേക്കാൾ ഒൻപത് മടങ്ങ് കൂടുതലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇൻഫ്‌ളുവൻസർമാരുടെ വാഗ്ദാനങ്ങളിൽ വീണ് ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് (F&O) ട്രേഡിംഗിലേക്ക് തിരിഞ്ഞ ഒരു കോടിയിലധികം ഇന്ത്യക്കാർ മൂന്നു ലക്ഷം കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്.
ഇന്ത്യയിലെ മധ്യവർഗത്തിന്റെ സ്വപ്‌നങ്ങൾ അസ്തമിച്ചുകൊണ്ടിരിക്കുകയാണോ ?
1991ലെ ഉദാരവത്കരണത്തിന് ശേഷം ഇന്ത്യയുടെ വളർച്ചയുടെ നട്ടെല്ലായിരുന്ന മധ്യവർഗത്തിന്റെ വിദ്യാഭ്യാസം നേടിയാൽ മികച്ച തൊഴിലും അതുവഴി സാമ്പത്തിക അഭിവൃദ്ധിയും ലഭിക്കുമെന്ന പരമ്പരാഗത സമവാക്യം തകർന്നിരിക്കുകയാണ്.
ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നതും, വരുമാനം കൂടാത്തതും, കുതിച്ചുയരുന്ന ജീവിതച്ചെലവും വർധിച്ചുവരുന്ന കടബാധ്യതയും മധ്യവർഗത്തെ വരിഞ്ഞുമുറുക്കുന്നു. സാമ്പത്തികമായും, സാമൂഹികമായും, മാനസികമായും ഈ വിഭാഗം ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന കാര്യത്തിൽ സംശയമേതുമില്ല.
ഏറ്റവും പ്രധാനം അഭിവൃദ്ധിക്കായി മധ്യവർഗം എക്കാലവും വിശ്വസിച്ചിരുന്ന വിദ്യാഭ്യാസം നിലവിലെ സാഹചര്യത്തിൽ കനത്ത തിരിച്ചടി നൽകുന്നു എന്നതാണ്. ഉദാഹരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടം വളരെ പ്രധാനപ്പെട്ട ഒന്നാണ്. 2031-ഓടെ ഐടി മേഖലയിലെ തൊഴിലവസരങ്ങൾ 80 ലക്ഷത്തിൽ നിന്ന് 60 ലക്ഷമായും കസ്റ്റമർ എക്‌സ്പീരിയൻസ് മേഖലയിൽ 25 ലക്ഷത്തിൽ നിന്ന് 18 ലക്ഷമായും കുറയുമെന്ന് നിതി ആയോഗ് കണക്കാക്കുന്നു. പ്രധാന കമ്പനികൾ ശമ്പള ഇനത്തിലുള്ള ചെലവ് മൂന്നിലൊന്ന് കുറയ്ക്കാനായി എഐ ഉപയോഗിച്ചുള്ള ഓട്ടോമേഷനിലേക്ക് മാറുകയാണ്.
പ്രതിവർഷം 80 ലക്ഷം പേർ ബിരുദം നേടി ഇന്ത്യയിൽ പുറത്തിറങ്ങുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം ജനങ്ങൾക്കും ശരിയായ ജോലി ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. 29.1 ശതമാനം ആണ് ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇത് നിരക്ഷരർക്കിടയിലുള്ള തൊഴിലില്ലായ്മയേക്കാൾ ഒൻപത് മടങ്ങ് കൂടുതലാണ്.
ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് തൊഴിൽക്ഷമതയുടെ കുറവാണ്. ബിരുദധാരികളിൽ വെറും 43 ശതമാനം പേർക്ക് മാത്രമാണ് തൊഴിൽ ചെയ്യാൻ ആവശ്യമായ നൈപുണ്യം ഉള്ളത്. ദശകങ്ങളായുള്ള മനഃപാഠ പഠന രീതിയും പരീക്ഷാ സമ്പ്രദായങ്ങളുമാണ് തൊഴിൽക്ഷമതയുടെ കുറവിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. രാജ്യത്തെ 21,500 ഐഐടി ബിരുദധാരികളിൽ 8,000 പേർ തൊഴിൽ രഹിതരാണ് എന്നുള്ള വാസ്തവം ഞെട്ടിക്കുന്നതാണ്.
മധ്യവർഗത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ തൊഴിലുകളുടെ തിരോധാനം, വരുമാനവും ജീവിതച്ചെലവും തമ്മിലുള്ള അന്തരം, കുതിച്ചുയരുന്ന കടബാധ്യത എന്നിവയാണ്.
തൊഴിലുകളുടെ തിരോധാനത്തിന്റെ പ്രധാന കാരണം വൈറ്റ് കോളർ ജോലികളിലെ വളർച്ച നിരക്കിൽ ഉണ്ടായ കാര്യമായ അന്തരമാണ്. നിലവിൽ വെറും ഒരു ശതമാനമാണ് വൈറ്റ് കോളർ ജോലികളിലെ വളർച്ച നിരക്ക്. 2020-ന് മുൻപ് ഇത് 11 ശതമാനമായിരുന്നു.
ഇന്ത്യയിലെ ഐടി മേഖലയിൽ 2024-25 കാലഘട്ടത്തിൽ ഒരു ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് ജോലി നഷ്ടമായതായി കണക്കുകൾ പറയുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളും (SMEs) കോർപ്പറേറ്റ് കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും നിയന്ത്രണങ്ങളും മൂലം പ്രതിസന്ധിയിലാണ്.
മധ്യവർഗം നേരിടുന്ന പ്രധാന പ്രശ്നളിൽ മറ്റൊന്ന് വരുമാനവും ജീവിതച്ചെലവും തമ്മിലുള്ള കടുത്ത അന്തരമാണ്. ഓരോ എട്ട് വർഷം കൂടുമ്പോഴും ജീവിതച്ചെലവ് ഇരട്ടിയാകുന്നു. വർഷംതോറും ഭക്ഷണച്ചെലവ് 11 ശതമാനവും ചികിത്സാച്ചെലവ് 14 ശതമാനവും കൂടുന്നു. എന്നാൽ ഭൂരിഭാഗം ജീവനക്കാരുടെയും ശമ്പളം പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാറി മാറി വരുന്ന ഭരണകർത്താക്കൾ
കോർപ്പറേറ്റ് നികുതിയിൽ കാര്യമായ ഇളവുകൾ നൽകുമ്പോൾ വ്യക്തിഗത ആദായനികുതി വിഹിതം ജിഡിപിയുടെ 2.5 ശതമാനത്തിൽ നിന്ന് 3.6 ശതമാനമായി വർധിച്ചു.
കുതിച്ചുയരുന്ന കടബാധ്യതയാണ് മധ്യവർഗം നേരിടുന്ന മറ്റൊരു പ്രശ്നം. 67 ശതമാനം പേരും 30 വയസ്സിനു മുൻപ് ആദ്യത്തെ വായ്പ എടുക്കുന്നതായി കണക്കുകൾ പറയുന്നു. പകുതിയോളം ഇന്ത്യൻ കുടുംബങ്ങൾക്കും വ്യക്തിഗത വായ്പകളുണ്ട്. സ്മാർട്ട് ഫോൺ വാങ്ങാനും യാത്ര പോകാനും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ് ആളുകൾ പ്രധാനമായും വ്യക്തിഗത വായ്പകളെടുക്കുന്നത്. ഇതിൽ 5-10 ശതമാനം പേരും കടക്കെണിയിലാണ്. നിലവിൽ അമേരിക്കയെക്കാളും ചൈനയെക്കാളും ഉയർന്ന തോതിലുള്ള ഗാർഹിക കടമാണ് ഇന്ത്യയിലുള്ളത്.
സോഷ്യൽ മീഡിയയുടെ വ്യാപനം മധ്യവർഗത്തിൽ മാനസിക സമ്മർദമുണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉത്കണ്ഠയ്ക്കും വിഷാദത്തിനുമുള്ള മരുന്നുകളുടെ ഉപയോഗം മറ്റ് മരുന്നുകളേക്കാൾ കൂടി. ഐഐടികളിലെ ആത്മഹത്യാ നിരക്ക് 2015-ന് ശേഷം ഇരട്ടിയായി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇൻഫ്‌ളുവൻസർമാരുടെ വാഗ്ദാനങ്ങളിൽ വീണ് ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് (F&O) ട്രേഡിംഗിലേക്ക് തിരിഞ്ഞ ഒരു കോടിയിലധികം ഇന്ത്യക്കാർ മൂന്നു ലക്ഷം കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്.
മധ്യവർഗത്തിന്റെ സാമ്പത്തിക തകർച്ച രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ തന്നെ കാര്യമായി ബാധിക്കുന്നു. 2011 - 2025 കാലയളവിൽ എഫ് എം സി ജി വളർച്ച നിരക്ക് 11% ൽ നിന്ന് 3% ആയും കൺസ്യൂമർ ഡ്യൂറബിൾസ് 11% ൽ നിന്ന് 1-2% ആയി കുറഞ്ഞു. കാർ വിൽപ്പനയിലും വൻതോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 97 കോടി വോട്ടർമാരിൽ ആദായനികുതി നൽകുന്നത് നാലു കോടി പേർ മാത്രമായതിനാൽ രാഷ്ട്രീയ പാർട്ടികൾ വോട്ടുകൾക്കായി പാവപ്പെട്ടവർക്കും ഫണ്ടിങിനായി അതിസമ്പന്നർക്കുമാണ് മധ്യവർഗത്തേക്കാൾ പ്രാധാന്യം നൽകുന്നത്. മധ്യവർഗത്തിൽ നിന്നുള്ള നികുതി വരുമാനം മറ്റു വിഭാഗങ്ങൾക്കുള്ള സബ്സിഡികൾക്കായി ഉപയോഗിക്കുമ്പോൾ അവരുടെ പ്രശ്‌നങ്ങൾ രാഷ്ട്രീയമായി അവഗണിക്കപ്പെടുന്നു.
വളർച്ചയുടെ ചാലകശക്തിയായിരുന്ന മധ്യവർഗ ഉപഭോഗം ഇപ്പോൾ തീർത്തും നിശ്ചലമായിരിക്കുകയാണെന്നും, കൃത്യമായ ഇടപെടൽ ഈ മേഖലയിൽ ഉണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെത്തന്നെ ബാധിക്കുമെന്നും ഈ മേഖലയിൽ ഗവേഷണം നടത്തിയ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നു.
Source : Breakpoint: The Crisis of the Middle Class and the Future of Work by Sourabh Mukharji.












Comments