റിസൾട്ട് വരുമ്പോഴും കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും കുട്ടികളോട് എങ്ങനെ പെരുമാറണം ?

How to treat the children when the result comes and when choosing the course?

ഇനി പരീക്ഷ ഫലങ്ങളുടെയും പുതിയ കോഴ്സ് തിരഞ്ഞെടുക്കലിന്റെയും കാലമാണ്. അമിത പ്രതീക്ഷ നിങ്ങളുടെ മക്കളുടെ ഭാവി തന്നെ മാറ്റി മറിച്ചേക്കാം. ഇത് മാതാപിതാക്കളുടെ ശ്രദ്ധക്ക്...

മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ അമിത പ്രതീക്ഷ വച്ച് പുലർത്തുന്നവരാണ്. ചില മാതാപിതാക്കൾ ആവട്ടെ, അവർക്ക് നേടാനാവാതെ പോയത് മക്കളിലൂടെ നേടിയെടുക്കാൻ വെംമ്പുന്നവരും. ഇത് കുട്ടികളിൽ അമിതമായ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. പലപ്പോഴും മാതാപിതാക്കളുടെ ആഗ്രഹവും നിർബന്ധവും കാരണം അനുയോജ്യമല്ലാത്ത കോഴ്സുകളെടുത്ത് പഠനം പാതിവഴിയിൽ നിലച്ചതും ഉപക്ഷിച്ചവരുമായ നിരവധി പേരുണ്ട്. 

രക്ഷിതാക്കൾ കുട്ടികളെ പരീക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുകയും അവർക്ക് സമ്മർദ്ദം സൃഷ്ടിക്കാതിരിക്കുകയും പരീക്ഷാഫലങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ സംസാരിക്കുകയും ചെയ്യണം. ഒരു രക്ഷിതാവ് ചെയ്യേണ്ടത് കുട്ടികൾക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും വേണ്ട പൂർണ്ണ പിന്തുണ നൽകുക എന്നത് മാത്രമാണ്. 

എന്നാൽ ഓരോകുട്ടിക്കും അവർക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമാണോ ? ഉത്തരം ലളിതമാണ്. "അല്ല ". കാരണം എപ്പോൾ കോഴ്‌സുകൾ നിരവധിയാണ്. മാത്രമല്ല, ഇപ്പോൾ എടുക്കുന്ന ഒരു തീരുമാനം അവരുടെ ഭാവി നിർണ്ണയിക്കുന്നതിലെ സുപ്രധാന ഘടകവുമാകും എന്നതും ഈ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടേറിയതാക്കുന്നു.  

കൂടുതൽ ആയാസാകാരമല്ലാതെ പഠനം പൂർത്തിയാക്കാനും, ശേഷം ആസ്വദിച്ചു ജോലി ചെയ്യാനും ഒരാൾക്ക് കഴിയണമെങ്കിൽ ഓരോരുത്തരും അവരവർക്ക് ഇണങ്ങുന്ന കോഴ്‌സുകൾ തിരെഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. മാതാപിതാക്കളുടെ താല്പര്യമോ, കൂടെ പഠിച്ചവരുടെ കൂടെ തുടർന്ന് പോകുന്നതിന് വേണ്ടിയോ ഒരിക്കലും  കോഴ്‌സുകൾ തിരഞ്ഞെടുക്കരുത്. അതിനായി ഓരോ വിദ്യാർത്ഥികളും അവരവരുടെ  പ്രത്യേകം അഭിരുചികളും കഴിവുകളും തിരിച്ചറിയേണ്ടതും, താൽപ്പര്യങ്ങൾ മനസ്സിലാക്കേണ്ടതുമുണ്ട്. 

ഈ വിഷയത്തിൽ മക്കളുടെ  അഭിരുചിയും കഴിവുകളും എന്താണെന്ന ധാരണ മാതാപിതാക്കൾക്കും ആവശ്യമാണ്. അഭിരുചി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഒരു പ്രത്യേക വിഷയത്തിലുള്ള കഴിവും താത്പര്യവും അല്ലെങ്കിൽ ആ വിഷയത്തിൽ കഴിവാർജ്ജിക്കാനുള്ള ഒരാളുടെ പ്രത്യേക സ്വഭാവ വിശേഷണത്തെയാണ് അഭിരുചി എന്ന് പറയുന്നത്.  ഒരാളുടെ അഭിരുചി സ്ഥായിയായി നിൽക്കുന്നതാണെങ്കിലും, തനിയെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. 

ഇന്ന് വിവിധ സൈക്കോളജിക്കൽ ടെസ്റ്റുകളിലൂടെ വിദഗ്ധ കൗൺസിലറുടെ സഹായത്തോടെ ഒരു കുട്ടിയുടെ  അഭിരുചികൾ മനസ്സിലാക്കാൻ സാധിക്കും. കുട്ടികളുടെ താല്പര്യങ്ങൾ, കഴിവുകൾ, മൂല്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ എന്നിവ മനസ്സിലാക്കാൻ വേണ്ട വിലയിരുത്തലുകൾ നടത്തണം. അഭിരുചി നിർണ്ണയിക്കാൻ ഓൺലൈനായും ഓഫ് ലൈനായും ഇന്ന് നിരവധി സംവിധാനങ്ങളുണ്ട്. 

തന്റെ മക്കളുടെ അഡ്മിഷന് വേണ്ടി ലക്ഷങ്ങൾ മുടക്കാൻ തയ്യാറുള്ള പല രക്ഷിതാക്കളും  കരിയർ കൗൺസലിംഗ്, അഭിരുചി നിർണ്ണയം എന്നി മേഖലകളിൽ കാര്യമായ പണമോ സമയയോ ചിലവാക്കാറില്ല. അഭിരുചിയും മനോഭാവവും ഉള്ള ഒരു മേഖലയിൽ മാത്രമേ ഒരു കുട്ടിക്ക് ഒരു വിഷയം ആസ്വദിച്ചു പഠിക്കാനും ഭാവിയിൽ ആ മേഖലയിൽ  അയാളുടെ ജോലി വളരെ ആസ്വദിച്ചു ചെയ്യാനും, ആ മേഖലയിൽ നന്നായി തിളങ്ങാനും കഴിയുകയുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല.  കുട്ടിക്ക് പ്രത്യേകം അഭിരുചി പരീക്ഷകൾ പേഴ്സണാലിറ്റി ടെസ്റ്റുകൾ എന്നിവ നടത്തി അവൻറെ താല്പര്യങ്ങളും, കഴിവുകളും വ്യക്തിത്വ സവിശേഷതകളും മുൻനിർത്തി അവനു ചേരുന്ന ഒരു കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയും.

ഹൈസ്കൂളിന് ശേഷമുള്ള തീരുമാനമെടുക്കൽ എളുപ്പമാക്കുന്നതിനും  മാതാപിതാക്കൾക്കും കൗമാരക്കാർക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ വളരെ നിർണായകമായ ഒന്നാണ്. “വ്യക്തിയുടെ താൽപ്പര്യങ്ങൾ, കഴിവുകൾ, വ്യക്തിത്വം എന്നിവ വിലയിരുത്താൻ സഹായിക്കുന്ന ഈ ടെസ്റ്റ് പത്താം തരം, പ്ലസ്ടു പരീക്ഷകൾക്ക് ശേഷം കരിയർ തിരഞ്ഞെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ്. നാച്ചുറൽ എബിലിറ്റി, സർഗ്ഗാത്മകത ആശയവിനിമയ കഴിവുകൾ തുടങ്ങി വിവിധ മേഖലകളിലെ ഒരു വ്യക്തിയുടെ സ്വാഭാവിക കഴിവുകൾ, സാധ്യതകൾ എന്നിവ വിലയിരുത്തുന്നതിനുകൂടിയാണ്  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്‍.

ഈ  ടെസ്റ്റുകൾ ഓരോ വിഷയത്തോടും തൊഴിലുകളോടും ഉള്ള താൽപ്പര്യത്തിന്റെ തീവ്രത അളക്കുകയും പഠനശേഷി, യുക്തിസഹമായ ചിന്ത, ഭാഷാപ്രാവീണ്യം തുടങ്ങിയ കഴിവുകൾ പരിശോധിക്കുകയും ഓരോ കഴിവിലും ഉള്ള വ്യക്തിയുടെ നിലവാരം നിർണ്ണയിക്കുകയും ചെയുന്നു. സ്ട്രോങ്ങ്  ഇന്റെരെസ്റ്റ്  ഇൻവെന്ററി, കുഡർ പ്രീഫെറെൻസ്  റെക്കോർഡ്, സ്കോളാസ്റ്റിക് ആപ്റ്റിട്യൂട് ടെസ്റ്റ്, ഡിഫറെൻഷ്യൽ ആപ്റ്റിട്യൂട് ടെസ്റ്റ് എന്നീ ടെസ്റ്റുകൾ ഉദാഹരണമാണ്.

അഭിരുചി പരിശോധനകൾ വ്യത്യസ്ത തരത്തിലുള്ള യുക്തിസഹമായ ചിന്തകളെ വിലയിരുത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഓരോ തരം യുക്തിസഹമായ ചിന്തയും ഒരു പ്രത്യേക കഴിവിനെ  സൂചിപ്പിക്കുന്നവയാണ്, അത് മനസ്സിലാക്കുന്നത് വിവിധ തൊഴിലുകളിൽ വിജയം നേടാൻ കുട്ടികളെ സഹായിക്കും. ഉദാഹരണത്തിന് സംഖ്യകളുമായി പ്രവർത്തിക്കാനും ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവിനെ സൂചിപ്പിക്കുന്ന ന്യൂമെറിക്കൽ റീസണിംഗ് ഉള്ള ഒരു കുട്ടിക്ക് എഞ്ചിനീയർ, അക്കൗണ്ടൻറ്, ഡാറ്റാ സയന്റിസ്റ്റ് എന്നീ മേഖലകൾ തിരഞ്ഞെടുക്കുന്നത് വളരെ ഉചിതമായിരിക്കും

അത് പോലെ സ്പേഷ്യൽ റീസണിംഗ് ഉള്ളൊരാൾക്ക് ആർക്കിടെക്റ്റ്, പൈലറ്റ്, സർജൻ എന്നിങ്ങനെയുള്ള മേഖലകളിലും മെക്കാനിക്കൽ റീസണിംഗ് കഴിവ് കൂടുതലുള്ളവർക്ക് മെക്കാനിക്, ടെക്നീഷ്യൻ, എയർ ട്രാഫിക് കൺട്രോളർ എന്നിങ്ങനെയുള്ള മേഖലകളിലും അബ്സ്ട്രാക്ട് റീസണിങ് മികവ് പുലർത്തുന്നവർക്ക് ശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, അഭിഭാഷകൻ തുടങ്ങിയ മേഖലകളിലും വെർബൽ റീസണിങ് കഴിവുള്ളവർക്ക് എഴുത്തുകാരൻ, അധ്യാപകൻ, രാഷ്ട്രീയക്കാരൻ എന്നിങ്ങനെയുള്ള മേഖലകളിലും  തിളങ്ങാൻ കഴിയും. 

ഓരോ കുട്ടിയും ഓരോ യുക്തിസഹമായ ചിന്തയിലും വ്യത്യസ്തമായ നിലവാരവും കാണിക്കുമെന്നതിനാൽ ഇത്തരം പരിശോധന ഫലങ്ങൾ കുട്ടികളുടെ ശക്തമായ യുക്തിസഹമായ ചിന്തകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സഹായിക്കും. ഇത് കുട്ടിയുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ കരിയർ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ രക്ഷിതാക്കളെ സഹായിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ താൽപര്യങ്ങളെയും കഴിവുകളെയും കണ്ടെത്താനും തങ്ങൾക്കനുയോജ്യമായ കരിയർ പാതകൾ തിരഞ്ഞെടുക്കാനും കഴിയും.

ഈ പരീക്ഷകളെ ഒരു വഴികാട്ടിയായി മാത്രം കാണുക.  കരിയർ തിരഞ്ഞെടുക്കുന്നതിൽ കൗൺസിലർമാരുടെ സഹായം വളരെ പ്രധാനപ്പെട്ടതാണ്.  അവസാനതീരുമാനം എടുക്കുന്നതിനുമുമ്പ് വിവിധ മാർഗ്ഗങ്ങൾ പരിശോധിക്കുകയും വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്യുന്നത് വളരെ നിർണ്ണായകമാണ്.

Comments

    Leave a Comment