ഇന്ത്യക്കാര്‍ക്കിടയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു.

Travel insurance Sales Surge Image Credit : Google

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പോളിസികളുടെ വില്‍പനയില്‍ 43 ശതമാനം വര്‍ധനവുണ്ടായതായി ട്രാവല്‍ ഇന്‍ഷുറര്‍ ടെക് സ്റ്റാര്‍ട്ടപ്പായ 'നിയോ'.

വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യമായി വിദേശയാത്ര നടത്തുന്നവരും വിനോദയാത്രകള്‍ പോകുന്നവരുമാണ് കൂടുതലായി ഇന്‍ഷുറന്‍സ് എടുക്കുന്നത്.

ട്രാവല്‍ ഇന്‍ഷുറര്‍ ടെക് സ്റ്റാര്‍ട്ടപ്പായ 'നിയോ' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രാ ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പനയില്‍ 43 ശതമാനം വര്‍ധനവുണ്ടായതായി പറയുന്നു. 11,979 പോളിസികളാണ് 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മാത്രം വിറ്റഴിക്കപ്പെട്ടത്. ചെറിയ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്ന യുവയാത്രക്കാര്‍ പോലും ഇപ്പോള്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ താല്പര്യം കാണിക്കുന്നത്  വിദേശത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളോ വിമാനം റദ്ദാക്കുന്നത് പോലുള്ള തടസ്സങ്ങളോ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന  ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ടായ തിരിച്ചറിവ് വര്‍ധിച്ചുവരുന്നതിന്റെ ലക്ഷണമാണ്. അമേരിക്കയിലേക്ക് പോകുന്നവരാണ് ഉയര്‍ന്ന ചികിത്സാ ചെലവ് ഭയന്ന് ഇന്‍ഷുറന്‍സ് കൃത്യമായി എടുക്കുന്നത്.

ഡല്‍ഹി നഗരമാണ് ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ മുന്നില്‍ (25.62%). തൊട്ടുപിന്നാലെ ബെംഗളൂരു (21.23%), മുംബൈ (17.58%), ഹൈദരാബാദ് (10.16%) എന്നീ നഗരങ്ങളുമുണ്ട്.  

യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സ് തുക പരിശോധിച്ചപ്പോൾ കുറഞ്ഞ പ്രീമിയത്തിനാണ് കൂടുതല്‍ പ്രിയം എന്ന് മനസിലാകുന്നു.  കൂടുതൽ  യാത്രക്കാരും (86 ശതമാനം) 50,000 രൂപയുടെ പരിരക്ഷയുള്ള പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്. 9.85 ശതമാനം പേര്‍ ഒരു ലക്ഷം രൂപയുടെ പരിരക്ഷയുള്ള ഇന്‍ഷുറന്‍സും, 2.37 ശതമാനം പേര്‍ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയുള്ള ഇന്‍ഷുറന്‍സും, 1.79 ശതമാനം പേര്‍ രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയുള്ള ഇന്‍ഷുറന്‍സും തിരഞ്ഞെടുക്കുന്നു.

വിദേശയാത്ര നടത്തുന്നവരില്‍ ഭൂരിഭാഗവും (63.8 ശതമാനം) ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 45.92 ശതമാനം പേര്‍ ജെന്‍സി വിഭാഗത്തില്‍പ്പെട്ടവരും 45.76 ശതമാനം പേര്‍ മില്ലേനിയല്‍സ് വിഭാഗത്തില്‍പ്പെട്ടവരും 8.36 ശതമാനം പേര്‍ ജെന്‍ എക്‌സ് വിഭാഗത്തില്‍പ്പെട്ടവരുമാണ്.

യാത്രക്കാരില്‍ 19.93 ശതമാനം പേര്‍ ദമ്പതികളും, 12.26 ശതമാനം പേര്‍ കുടുംബമായി പോകുന്നവരും, 4.1 ശതമാനം പേര്‍ സംഘങ്ങളായി പോകുന്നവരുമാണ്.

വിദേശയാത്രകളില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളുടെ പട്ടികയില്‍
യുഎഇ (24.79%), തായ്‌ലന്‍ഡ് (19.97%), യുകെ (10.68%), കസാക്കിസ്ഥാന്‍ (8.9%), ഉസ്‌ബെക്കിസ്ഥാന്‍ (7.3%) എന്നിവയാണ് മുന്നില്‍. കൂടാതെ മലേഷ്യ (6.11%), സിംഗപ്പൂര്‍ (5.81%), വിയറ്റ്‌നാം (4.84%), ഫ്രാന്‍സ് (4.62%) എന്നീ രാജ്യങ്ങളിലേക്കും ഇന്‍ഷുറന്‍സ് എടുത്ത് യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്.വിസ ബുക്കിംഗിന്റെ കാര്യത്തില്‍ ദുബായ് ആണ് ഒന്നാമത് (38.99% വര്‍ധന). വിസ ഓണ്‍ അറൈവല്‍ സൗകര്യവും കുറഞ്ഞ യാത്രാ ചെലവുമാണ് തായ്‌ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാക്കുന്നത്. 

വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ ചെലവിടല്‍ രീതിയിലും മാറ്റം വന്നിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് 2025-ല്‍ ഷോപ്പിംഗിനുള്ള ചെലവ് 4.81 ശതമാനം കുറഞ്ഞു. അതേസമയം ഭക്ഷണത്തിനും പ്രാദേശിക യാത്രകള്‍ക്കും പുതിയ അനുഭവങ്ങള്‍ക്കുമായി ചെലവാക്കുന്ന തുക കൂടി.

വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ ചെലവിടലിന്റെ 47.28 ശതമാനവും ഇപ്പോഴും ഷോപ്പിംഗിനാണ് പോകുന്നത്.ഭക്ഷണത്തിനായി 20.69 ശതമാനവും യാത്രകള്‍ക്കായി 19.93 ശതമാനവും താമസത്തിനായി 9.09 ശതമാനവും വിനോദ പരിപാടികള്‍ക്കായി 3.01 ശതമാനവും ചെലവാക്കുന്നു. 2024-നെ അപേക്ഷിച്ച് 2025-ല്‍ യാത്രക്കാർ ഷോപ്പിംഗിനുള്ള ചെലവ് 4.81 ശതമാനം കുറച്ചപ്പോൾ ഭക്ഷണത്തിനും പ്രാദേശിക യാത്രകള്‍ക്കും പുതിയ അനുഭവങ്ങള്‍ക്കുമായി ചെലവാക്കുന്ന തുക കൂടിയതായും റിപ്പോർട്ട് പറയുന്നു.

Comments

    Leave a Comment