സിം കാർഡ് എണ്ണം പരിധി വിട്ടാൽ 2 ലക്ഷം രൂപ വരെ പിഴ.

Penalty up to Rs 2 lakh for exceeding the SIM card limit

സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥല ഉടമ വിസമ്മതിച്ചാലും കമ്പനികൾക്കു സർക്കാർ വഴി അനുമതി. വ്യവസ്ഥകൾ ഈ മാസം 26 മുതൽ പ്രാബല്യത്തിലാകുമെന്നു കേന്ദ്രസർക്കാർ

ന്യൂഡൽഹി : അനുവദനീയമായ എണ്ണത്തിലേറെ സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാവുന്നതടക്കമുള്ള പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. വ്യവസ്ഥകൾ
ഈമാസം 26 മുതൽ  പ്രാബല്യത്തിലാകുമെന്നു കേന്ദ്രസർക്കാർ അറിയിച്ചു.

ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഒഴികെ ബാക്കിയുള്ള ഇടങ്ങളിൽ  9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഈ പരിധി 6 ആണ്. ആദ്യ ചട്ടലംഘനത്തിന് 50,000 രൂപ പിഴയും വീണ്ടും ആവർത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കാനും വ്യവസ്ഥയുണ്ട്. 

ചതിയിൽപെടുത്തി മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാനുള്ള വ്യവസ്ഥ വിജ്ഞാപനത്തിലുണ്ട്.

ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് 2 ലക്ഷം രൂപ വരെ പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാവുന്നതാണ്. 

മറ്റു വ്യവസ്ഥകൾ 

സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥല ഉടമ വിസമ്മതിച്ചാലും കമ്പനികൾക്കു സർക്കാർ വഴി അനുമതി. 

യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനു വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാനും സർക്കാരിന്  അവകാശം. 

രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിനു കമ്പനികൾക്കു നിർദേശം നൽകാം. സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ ഇത്തരത്തിൽ നിരീക്ഷിക്കാൻ പാടില്ല. എന്നാൽ, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ കേൾക്കാനും വിലക്കാനും സർക്കാരിനു കഴിയും. 

മറ്റ് കുറ്റവും ശിക്ഷയും

അനധികൃത മെസേജുകളും കോളുകളും ചോർത്തുക, സമാന്തര ടെലികോം സേവനം നൽകുക :  3 വർഷം തടവോ 2 കോടി രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. 

അനധികൃത വയർലെസ് ഉപകരണം കൈവശം വയ്ക്കുക: 50,000 മുതൽ 2 ലക്ഷം രൂപ വരെ പിഴ. 

ടെലികോം സേവനങ്ങൾ ബ്ലോക്ക് ചെയ്യാവുന്ന അനധികൃത ഉപകരണങ്ങൾ കൈവശം വയ്ക്കുക : 3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. 

രാജ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുക: 3 വർഷം തടവോ 2 കോടി രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. ആവശ്യമെങ്കിൽ സേവനം വിലക്കാനും അനുവാദമുണ്ട്. 

ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴ. 

Comments

    Leave a Comment