ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ ടാറ്റ

Tata Motors to build Noida International Airport, India's largest airport ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിൽ പണികഴിപ്പിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനുള്ള കരാറാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പ് ( Tata Group)  ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ കരാർ ഏറ്റെടുത്തു. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ( Noida International Airport) നിർമ്മിക്കാനുള്ള കരാറാണ് ടാറ്റ ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗം ഏറ്റെടുത്തതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിൽ ആണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം വരുന്നത്.

ടാറ്റ ഗ്രൂപ്പും യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. 
വിമാനത്താവളത്തിൽ റണ്‍വേ, ടെര്‍മിനലുകള്‍, റോഡുകള്‍, യൂട്ടിലിറ്റികള്‍, എയര്‍സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ കരാറിന്റെ ഭാഗമായി ടാറ്റ പ്രോജക്ട്സ് നിർമ്മിക്കുമെന്ന് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (YIAPL) അറിയിച്ചു. 

ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടായിരിക്കും നിർമാണം എന്ന് പറഞ്ഞ ടാറ്റാ പ്രൊജക്റ്റ് സിഇഒയും എംഡിയുമായ വിനായക് പൈയെ  ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നീ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തന്നെ  നിർമ്മാണം  കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും  പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം ആയിരിക്കും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ഒക്ടോബർ 7 ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി ഉത്തർപ്രദേശ് സർക്കാർ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിൽ എത്തിയിരുന്നു.  സ്വിസ് ഡെവലപ്പർ ആയ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമാണ് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്. 

പണി പൂർത്തിയാകുന്നതോടു കൂടി  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം 1,334 ഹെക്ടര്‍ സ്ഥലത്ത് 5,700 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മാണം നടക്കുന്നത്. 2024 ഓടെ  വിമാനത്താവളം തുറക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


Comments

    Leave a Comment