ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Parenting in Digital World image source : childwatch.com

പേരന്റിങ് രീതികൾക്കും ഈ യുഗത്തിൽ മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ മാതാപിതാക്കളും കുട്ടികളും കടുത്ത സമ്മർദത്തിലേക്ക് വീണു പോകും.

നാം ഇന്ന് ജീവിക്കുന്ന ഈ നൂറ്റാണ്ട് ഡിജിറ്റൽ യുഗമാണ്. ഈ യുഗത്തിൽ അതിവേഗമാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. 

സർവമേഖലകളിലും വളരെ പെട്ടെന്നാണ് ഡിജിറ്റൽ ടെക്നോളജി സ്വാധീനം ചെലുത്തുന്നത്. അതുപോലെ തന്നെ പേരന്റിങ് രീതികൾക്കും ഈ യുഗത്തിൽ  മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ മാതാപിതാക്കളും കുട്ടികളും കടുത്ത സമ്മർദത്തിലേക്ക് വീണു പോകും. 

ഡിജിറ്റൽ ലോകത്തെ കുറിച്ച് മാതാപതാക്കൾക്ക് മികച്ച  അറിവില്ലെങ്കിൽ കുട്ടികളെ മനസ്സിലാക്കാനും അവരുടെ ലോകവുമായി ബന്ധപ്പെടാനും വളരെയധികം പ്രയാസമനുഭവിക്കേണ്ടി വരുന്നതാണ്. മാത്രമല്ല മാറുന്ന ലോകത്തിനാവശ്യമായ ഡിജിറ്റൽ നൈപുണ്യം മനസ്സിലാക്കാനും അതു മക്കളിളിലേക്ക് പകർന്നു നൽകാനും  മാതാപിതാക്കൾ പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്. 

ഡിജിറ്റൽ ലോകത്തിൽ കുട്ടികളെ വളർ‌ത്തുമ്പോൾ മാതാപിതാക്കൾ  ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ......

1. റോൾ മോഡൽ (മാതൃക) -മിക്കവാറും കുട്ടികൾക്ക് അവരുടെ റോൾ മോഡൽ അവരുടെ മാതാവോ പിതാവോ ആയിരിക്കും.അത് കൊണ്ട് തന്നെ മാതാപിതാക്കൾ മക്കൾക്ക് മാതൃകയായി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ഇന്ന് ഡജിറ്റൽ ലോകത്ത് നിരവധി മാതൃകകൾ ലഭ്യമാണ്.അവരിൽ പലരുടെയും സ്വാധീനം വളരെ ശക്തവുമാണ്. ഇതിൽ വീണു പോകാതിരിക്കാൻ ശക്തവും പോസിറ്റീവുമായ ഒരു മാതൃകയായി മാതാപിതാക്കൾ നിലകൊള്ളേണ്ടത് അത്യാവശ്യമാണ്.

കുട്ടികളുമൊത്തുള്ള സംസാരം, മാതാപിതാക്കൾ തമ്മിൽ പരസ്പരമുള്ള ബഹുമാനം, എന്തുകാര്യത്തിനും ഒപ്പമുണ്ടെന്നുള്ള ധൈര്യം നൽകുക, കൂട്ടുകാരെപ്പറ്റി നല്ല ധാരണയുണ്ടാകുക, അറിവും നർമ്മബോധവും ഉണ്ടാകുക, അവരുടെ കൂടെ സമയം ചിലവൊഴിക്കുക ഇതൊക്കെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ്.

2. സ്മാർട്ട് ആകുക  - ഡിജിറ്റൽ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും ചൂഷണ സാധ്യതകളെ കുറിച്ചും മക്കൾക്ക് അവബോധം നൽകുക. 

3. സ്ക്രീൻ ടൈം - ഇന്ന് മിക്ക മാതാപിതാക്കളും നേരിടുന്ന പ്രധാനം പ്രശ്നമാണ് കുട്ടികൾ മൊബൈൽ അല്ലെങ്കിൽ ടെലിവിഷന് അഡിക്ട് ആണെന്നുള്ളത്. നമുക്ക് ബലമായി കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കാനോ, പൂർണമായി ഒഴിവാക്കാനോ സാധ്യമല്ല. 

സ്ക്രീനുകൾക്ക് പുറത്തുള്ള ലോകത്തേക്ക് കുട്ടികളെ  കൂട്ടി കൊണ്ടു പോവുക എന്നുള്ളതാണ് കുട്ടികളെ ഇതിൽ നിന്നും രക്ഷിക്കാനുള്ള ഏക പോംവഴി. ഇക്കാര്യത്തിൽ മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാവേണ്ടതാണ്.

4. പഠിക്കാനും വളരാനുമുള്ള അവസരമൊരുക്കുക - സാങ്കേതിക വിദ്യ അതിവേഗം മുന്നോട്ട് കുതിക്കുന്ന ഈ യുഗത്തിൽ മക്കൾക്ക്  ആവശ്യമായ അറിവില്ലെങ്കിൽ നിരവധി അവസരങ്ങൾ നഷ്ടമാകുന്നതാണ്. അതുകൊണ്ട് ഡിജിറ്റൽ ലോകത്തെ മാറ്റങ്ങൾ പഠിക്കാനും അവ വളർച്ചയ്ക്കായി ഉപയോഗിക്കാനും മക്കൾക്ക് അവസരം ഒരുക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്.

5. മക്കളെ കേൾക്കുക - എല്ലാ ദിവസവും മക്കൾക്കൊപ്പം സമയം ചെലവിടുന്നതിന് മാതാപിതാക്കൾ പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. സമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തിയാർജിക്കുന്ന ഈ  കാലഘട്ടത്തിൽ അവരെ കേൾക്കാൻ കൂടുതൽ സമയം ചെലവിടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ വലിയ ദുരന്തത്തിൽ കലാശിക്കുന്നതാണ്.

6. സ്വയം സമയം ചെലവിടണം - മാതാപിതാക്കളുടെ മാനസികാരോഗ്യം കുട്ടികളെ സ്വാധീനിക്കുമെന്നതിനാൽ സ്വയം പരിചരണത്തിനു വേണ്ടി മാതാപിതാക്കൾ സമയം ചെലവിടണം. അതിവേഗത്തിൽ മുന്നേറുന്ന ഈ ഡിജിറ്റൽ യുഗത്തിൽ മാതാപിതാക്കൾക്ക് സമ്മർദം കൂടാനും ശ്രദ്ധ തെറ്റാനും സാധ്യത ഏറെയായതിനാൽ ഇത് സമ്മർദം കുറയ്ക്കാനും ഊർജം വീണ്ടെടുക്കാനും സഹായിക്കും.

Comments

    Leave a Comment