50 കോടി ക്ലബ്ബിൽ ഇടം നേടിയ ചാക്കോച്ചൻ ചിത്രം "ന്നാ താൻ കേസ് കൊട്" ഇനി ഒടിടിയിൽ.

Chakochan film

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമായ 'ന്നാ താൻ കേസ് കൊട്' 50 കോടി ക്ലബ്ബിൽ ഇടം നേടി.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താൻ കേസ് കൊട്' ഉടനെ തന്നെ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സെപ്റ്റംബർ 8 മുതൽ ഡിസ്നി പ്ലസ് ​ഹോട്സ്റ്റാറിലൂടെ ആണ് സ്ട്രീമിം​ഗ്.

ഓ​ഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തിയ ചിത്രം നിറഞ്ഞ സദസുകളിലെ പ്രദർശനത്തിനൊടുവിലാണ് ഒടിടിയിലേക്ക് മാറുന്നത്. ഒടിടി ട്രെയിലറും ഹോട്സ്റ്റാർ പുറത്തിറക്കിയിട്ടുണ്ട്. 

'കൊഴുമ്മൽ രാജീവൻ' എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ തകർത്തഭിനയിച്ച് പ്രേക്ഷക നിരൂപക പ്രശംസകൾ ഒരു പോലെ നേടിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടി  

റിലീസ് ദിനം തന്നെ ഒരുപാട് വിവാദങ്ങൾക്ക് വഴിവച്ചുകൊണ്ട് ജനശ്രദ്ധയാകർശിച്ച ചിത്രമായിരുന്നു 'ന്നാ താൻ കേസ് കൊട്'. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചിരുന്നത്. ഇത് ഒരുവിഭാ​ഗത്തെ ചൊടിപ്പിക്കുകയും സര്‍ക്കാരിന് എതിരെയാണ് പോസ്റ്റർ എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായി രം​ഗത്തെത്തി. 

വിഷയത്തിൽ ചിത്രത്തിന്റെ സംവിധായകനും കുഞ്ചാക്കോ ബോബനും  അടക്കമുള്ള അണിയറ പ്രവർത്തകരും  വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ലെന്നും ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് അങ്ങനെ പരസ്യം നൽകിയത് എന്നുമായിരുന്നു വിശദീകരണം. 

തമിഴ്നാട്ടിൽ നടന്ന ഒരു സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നുമാണ് നടൻ കുഞ്ചാക്കോ ബോബന്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചത്.

Comments

    Leave a Comment