സൗജന്യ ഓണക്കിറ്റ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിതരണം മറ്റന്നാള്‍ മുതല്‍.

CM to inaugurate free Onam Kit tomorrow; Delivery from Tuesday

തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. എല്ലാ റേഷന്‍ കാ‍ർഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്.

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ്  മന്ത്രി ജി ആ‍ർ അനിലിന്‍റെ അദ്ധ്യക്ഷതയിൽ നാളെ വൈകുന്നേരം 4 മണിക്ക് ആണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 
ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും നാളെ വൈകുന്നേരം തന്നെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിർവ്വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതൽ തുടങ്ങും. 
തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെയുള്ള തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. എല്ലാ റേഷന്‍ കാ‍ർഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. ഓണത്തിന്  ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നറിയിച്ചിട്ടുണ്ട്. 

ഓഗസ്റ്റ് 23,24 (ചൊവ്വ, ബുധൻ) തീയതികളില്‍  മഞ്ഞ കാർഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 (വ്യാഴം,വെള്ളി ,ശനി) തീയതികളില്‍  പിങ്ക് കാർഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 (തിങ്കൾ, ചൊവ്വ, ബുധൻ) തിയതികളില്‍ നീല കാർഡുടമകള്‍ക്കും സെപ്റ്റംബർ 1, 2, 3 (വ്യാഴം,വെള്ളി ,ശനി) തിയതികളില്‍ വെള്ള കാ‍ർഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 (ഞായർ,തിങ്കൾ, ചൊവ്വ, ബുധൻ) തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. 

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം  കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ മുഖേന വാതില്‍പ്പടിയായി എത്തിക്കുന്നതാണെന്നും ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Comments

    Leave a Comment