ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സേഡസ് ബെന്‍സ് 2021 ഒക്ടോബറിൽ ഇന്ത്യയിലെ അതിന്റെ ഡീലര്‍ഷിപ്പിനുള്ള അവസാന മോഡൽ ഒരു അംഗീകൃത ഡീലർക്ക് കൈമാറിയതിനുശേഷം, കമ്പനി നേരിട്ട് ഉപഭോക്താക്കൾക്ക് കാറുകൾ വിൽക്കുകയാണ് ചെയ്യുന്നത്. 'റീട്ടെയ്ൽ ഓഫ് ദി ഫ്യൂച്ചർ' എന്ന പുതിയ വിൽപ്പന മോഡലിലൂടെ 1,000ല്‍ അധികം കാറുകൾ നേരിട്ട് ഉപഭോക്താക്കള്‍ക്ക് കമ്പനി ഇതുവരെ വിറ്റതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപഭോക്താക്കൾക്ക് നേരിട്ട് കാറുകൾ വിൽക്കുന്ന പദ്ധതി വന്‍ വിജയമെന്ന് മേഴ്സിഡസ് ബെന്‍സ്.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സേഡസ് ബെന്‍സ്
'റീട്ടെയ്ൽ ഓഫ് ദി ഫ്യൂച്ചർ' എന്ന പുതിയ വിൽപ്പന മോഡലിലൂടെ നേരിട്ട് ഉപഭോക്താക്കൾക്ക് കാറുകൾ വിൽക്കുകയാണ്. ഡീലര്‍ഷിപ്പുകൾ വഴി ബിസിനസ് എന്ന പരമ്പരാഗത രീതി കഴിഞ്ഞ ഒക്ടോബർ മാസമാണ് കമ്പനി അവസാനിപ്പിച്ചത്.
വിലകളും ഓഫറുകളും ഇപ്പോൾ കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഏകീകൃത എക്സ്-ഷോറൂം വിലകൾ ഇത് ഉറപ്പ് നൽകുന്നു. ഉപഭോക്താക്കൾക്ക് വ്യക്തിഗത ഡീലർമാരുമായി വിലക്കിഴിവുകൾ ചർച്ച ചെയ്യാനും വില പേശാനും ഇനി കഴിയില്ല. ഉപഭോക്താവിന് നൽകുന്ന വാങ്ങൽ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇനി ഡീലർമാർക്ക് പരസ്പരം മത്സരിക്കാനാവുക. ഇത് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണെന്ന് മെഴ്സിഡസ് അധികൃതര്‍ അവകാശപ്പെടുന്നു.
2021 ഒക്ടോബറിൽ ആണ് കമ്പനി അതിന്റെ ഡീലര്‍ഷിപ്പിനുള്ള അവസാന മോഡൽ ഇന്ത്യയിലെ ഒരു അംഗീകൃത ഡീലർക്ക് കൈമാറിയത്. അതിനുശേഷമാണ് നേരിട്ട് ഉപഭോക്താക്കൾക്ക് കാറുകൾ വിൽക്കുകയെന്ന രീതിയുമായി കമ്പനി രംഗത്തെത്തിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടെസ്റ്റ് ഡ്രൈവുകളുടെയും വാഹന ഡെലിവറിയുടെയും ചുമതല ഇപ്പോഴും ഡീലർഷിപ്പുകൾക്കു തന്നെയാണ്.
പുതിയ വിൽപ്പന മോഡലിലൂടെ 1,000ല്‍ അധികം കാറുകൾ നേരിട്ട് ഉപഭോക്താക്കള്‍ക്ക് കമ്പനി ഇതുവരെ വിറ്റതായും 2,000-ത്തിലധികം ഓർഡറുകൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭിച്ചെന്നും കമ്പനി പറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ദില്ലിയിലെ ഒരു ഉപഭോക്താവിന് വിതരണം ചെയ്ത എ-ക്ലാസ് ലിമോസിനാണ് ഇത്തരത്തില്‍ വിറ്റ ആയിരാമത്തെ വാഹനം എന്ന് കമ്പനി പറയുന്നു.
പുതിയ ബിസിനസ് മോഡലിന് കീഴിൽ, രാജ്യത്തുടനീളമുള്ള കാറുകളുടെ പൂർണ്ണമായ സ്റ്റോക്ക് മെഴ്സിഡസ് ബെന്‍സ് സ്വയം കൈകാര്യം ചെയ്യുന്നതുമൂലം ഡീലർമാർക്ക് വാഹനം സ്വന്തമാക്കാന്‍
കനത്ത മൂലധന നിക്ഷേപം ആവശ്യമില്ലാതെയായി. ഇത് ഡീലര്‍ഷിപ്പുകളുടെ ബിസിനസ് പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നുവെന്ന് മേഴ്സിഡസ് ബെന്‍സ് പറയുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ റീട്ടെയ്ൽ ഓഫ് ദി ഫ്യൂച്ചർ പ്ലാറ്റ്ഫോമിന് കീഴിൽ ആയിരാമത്തെ മെഴ്സിഡസ്-ബെൻസ് ഉപാഫോക്താവിന് എത്തിക്കുന്നത് സന്തോഷകരമാണെന്ന് മെഴ്സിഡസ്-ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. ഉപഭോക്തൃ മികവ് പുനർനിർമ്മിക്കുന്നതിനുള്ള കാഴ്ചപ്പാടാണിതെന്നും ആഡംബര റീട്ടെയിലിന്റെ ഭാവി എന്ന നിലയിൽ പുതിയ പദ്ധതി കമ്പനിക്ക് അത്യധികം ആത്മവിശ്വാസം നൽകുന്നുവെന്നും ഉപഭോക്താക്കൾക്ക് ഈ പുതിയ റീട്ടെയിൽ അനുഭവം വളരെ ബോധ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ജനുവരി 1 മുതൽ വിവിധ മോഡലുകളുടെ എക്സ്-ഷോറൂം വില വർദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മെഴ്സിഡസ് ബെന്‍സ്. ഫീച്ചർ കൂട്ടിച്ചേർക്കലുകളുടെയും ഇൻപുട്ട് ചെലവുകളുടെയും ഫലമായി തിരഞ്ഞെടുത്ത മോഡലുകൾക്ക് രണ്ട് ശതമാനം വരെ വില കൂടും. എന്നാൽ നിലവില്‍ 2021 മോഡല്‍ കാറുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കും എ-ക്ലാസ്, ജിഎൽഎ, ഇ-ക്ലാസ് എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത ശ്രേണിയിലുള്ള കാറുകൾ 2021 ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്നവർക്കും GLE 450, GLE 400d എസ്യുവികൾ ബുക്ക് ചെയ്ത് ഈ വർഷം ഏപ്രിൽ മുതൽ ഡെലിവറികൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കും വില പരിരക്ഷയുടെ ഉറപ്പ് കമ്പനി നൽകിയിട്ടുണ്ട്.
Comments