പ്രസിഡന്‍റിന് ഒപ്പം സഞ്ചരിച്ച വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും പ്രവിശ്യാ ഗവർണറും അടക്കം അഞ്ച് ഉന്നതരും അപകടത്തിൽ മരിച്ചു.
ഇന്നലെ വൈകിട്ട് വനമേഖലയിൽ തകർന്നു വീണ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു. അണക്കെട്ട് ഉദ്‌ഘാടനത്തിനായി അയൽരാജ്യമായ അസർബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിൽ നിന്നും തിരിച്ചുവരുന്നതിനിടെയാണ് സംഭവം.
പ്രസിഡന്‍റിന് ഒപ്പം സഞ്ചരിച്ച വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും പ്രവിശ്യാ ഗവർണറും അടക്കം അഞ്ച് ഉന്നതരും അപകടത്തിൽ മരിച്ചു. തകർന്നു വീണ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ 12 മണിക്കൂറിലധികം നീണ്ടു നിന്ന തെരച്ചിലിനുശേഷം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും സംഭവത്തിൽ മരണമടഞ്ഞു.
മൂന്ന് ഹെലികോപ്റ്ററുകളിൽ പോയ ഉന്നത സംഘത്തിന്റെ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനിൽ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്‍റ് റെയ്‌സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റർ മാത്രം മൂടൽ മഞ്ഞിൽ കാണാതായി. ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റർ എവിടെയെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് ഹെലികോപ്റ്റര്‍ കണ്ടെത്താനായിട്ടുള്ള ഏറെ ദുഷ്കരമായ ദൗത്യത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്താനായത്.
രക്ഷാദൗത്യത്തില്‍ ഇറാനെ സഹായിക്കാനെത്തിയ റഷ്യയും തുർക്കിയും മൂടൽമഞ്ഞിലും ചിത്രം എടുക്കാൻ കഴിയുന്ന ഡ്രോണുകളും പരിശീലനം കിട്ടിയ ദൗത്യ സംഘത്തെയും നൽകി. ഒരു ഡ്രോണിൽ നിന്ന് ലഭിച്ച തകർന്ന ഹെലികോപ്റ്ററിന്‍റെ ആദ്യ ദൃശ്യം മനസ്സിലാക്കി അവിടേക്കെത്തിയ രക്ഷാ സംഘം കത്തിക്കരിഞ്ഞ കോപ്റ്ററും ശരീര അവശിഷ്ടങ്ങളുമാണ് ആദ്യം കണ്ടത്. ഇതിനുപിന്നാലെ ആരും ജീവനോടെ ഇല്ലെന്ന് സ്ഥിരീകരിച്ചു.
.
മലയിടുക്കുകളിൽ തട്ടിയാണ് ഹെലികോപ്റ്റർ തകർന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി എന്നിവരും അപകടത്തിൽ മരിച്ചിട്ടുണ്ട്.
ഇറാൻ ദേശീയ ചാനൽ തന്നെയാണ് റെയ്സിയുടെ മരണ വാർത്ത രാജ്യത്തെ അറിയിച്ചത്. ഇനി വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്‌ബർ ആയിരിക്കും ഇറാന്റെ താത്കാലിക പ്രസിഡന്‍റ്. അൻപത് ദിവസത്തിനകം തെരഞ്ഞെടുപ്പിലൂടെ രാജ്യം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.
Comments