വെന്തുരുകി കേരളം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Temperature expected to rise in Kerala image source : nationalheraldindia.com

9 ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ (2024 ഫെബ്രുവരി 24 ) സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

നാളെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. നാളെ (2024 ഫെബ്രുവരി 24 ) സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കൊല്ലം, ആലപ്പുഴ, പാലക്കാട്, 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും  താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത്.

* ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണം  ഉണ്ടാക്കുന്ന പാനീയങ്ങള്‍ ( മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ) പകല്‍ സമയത്ത് ഒഴിവാക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍, പാദരക്ഷകൾ ധരിക്കുക. കുട, തൊപ്പി ഉപയോഗിക്കുക.

* വിദ്യാർഥികളുടെ കാര്യത്തിൽ കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം എന്നിവ ഉറപ്പുവരുത്തുക.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

* ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ (പ്രത്യേകിച്ച് ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ) ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കുക. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. അല്ലാത്തവർ ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ കുടിവെള്ളം ശീലമാക്കി നിർജലീകരണം തടയുക.

* മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
ഉച്ച സമയത്ത് കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. 

*  തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Comments

    Leave a Comment