ക്രെഡിറ്റ് കാർഡ് ഫീച്ചറുകളിലും ചാർജുകളിലും നിരവധി മാറ്റങ്ങൾ

Changes in credit card features and charges

എയർപോർട്ട് ലോഞ്ചിൽ ആർക്കൊക്കെ പോകാം ? ക്രെഡിറ്റ് കാർഡുകളിലെ ആനുകൂല്യങ്ങളും ഇനി കുറയും

വിവിധ ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡ് ഫീച്ചറുകളിലും ചാർജുകളിലും ഉടൻ തന്നെ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്ക്, ഐ ഡി എഫ്‌ സി ഫസ്റ്റ് ബാങ്ക്, എസ്‌ ബി ഐ കാർഡ് തുടങ്ങിയവായുടെ ക്രെഡിറ്റ് കാർഡുകളിലാണ് മാറ്റം വരുന്നത്.    

പല ക്രെഡിറ്റ് കാർഡുകളും ഇന്ത്യയ്ക്കുള്ളിലെ എയർപോർട്ട് ലോഞ്ച് ആക്‌സസ് വെട്ടികുറച്ചിട്ടുണ്ട്. ചില ക്രെഡിറ്റ് കാർഡുകൾ എയർപോർട്ട് ലോഞ്ച് പ്രവേശനത്തിനുള്ള അർഹതക്കായി മിനിമം ചെലവ് നിബന്ധനകളും കൊണ്ടുവന്നിട്ടുണ്ട്.

ഐസിഐസിഐ ബാങ്ക് 2024 ഫെബ്രുവരി 1 മുതൽ നിരവധി ക്രെഡിറ്റ് കാർഡുകളിൽ ഫീച്ചറുകളിലും ചാർജുകളിലും മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഐ സി ഐ സി ഐ ബാങ്കിൽ നിന്നുള്ള തിരഞ്ഞെടുത്ത 21 ക്രെഡിറ്റ് കാർഡുകളിലെ മാറ്റങ്ങളാണ് ഇതിൽ പ്രധാനമായിട്ടുള്ളത്. 

2024 ഫെബ്രുവരി 1 മുതൽ വാടക പേയ്‌മെന്റുകൾക്കും ഇ-വാലറ്റ് ലോഡിംഗ് ഇടപാടുകൾക്കും  റിവാർഡ് പോയിന്റുകളൊന്നും ലഭിക്കില്ല. Amazon Pay ICICI ബാങ്ക് ക്രെഡിറ്റ് കാർഡ്  ഈ പരിഷ്‌ക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2024 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങളിൽ ഒന്ന്, ഡൈനാമിക് കറൻസി കൺവേർഷൻ (DCC) ഫീസും 1% നികുതിയുമാണ്.  അന്താരാഷ്ട്ര സ്ഥലങ്ങളിൽ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യയിലെ വ്യാപാരികളുമായി ഇന്ത്യൻ കറൻസിയിൽ നടത്തുന്ന എല്ലാ അന്താരാഷ്ട്ര ഇടപാടുകൾക്കും ഈ ഫീസ് ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. ഈ മാറ്റം എല്ലാ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഒരേപോലെ ബാധകമാകും.

മുമ്പ് സർക്കാർ പേയ്‌മെന്റുകൾ ഒഴികെയുള്ള പോയിന്റുകൾ ആണ് യൂട്ടിലിറ്റി ഇടപാടുകൾക്കുള്ള റിവാർഡ് പോയിന്റുകൾ വിഭാഗത്തിൽ പെട്ടിരുന്നതെങ്കിൽ ഇപ്പോൾ യൂട്ടിലിറ്റി പേയ്‌മെന്റ് വിഭാഗത്തിന്റെ ഭാഗമായി സർക്കാർ ഇടപാടുകൾ ഉൾക്കൊള്ളുന്നതാണ്.2024 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം എല്ലാ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും സാർവത്രികമായി ബാധകമാകും.

ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇനി മുതൽ  മുൻ കലണ്ടർ പാദത്തിൽ 35,000 രൂപ ചെലവഴിച്ചെങ്കിൽ മാത്രമേ    കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കുകയുള്ളൂ . മുൻ കലണ്ടർ പാദത്തിൽ നടത്തിയ ചെലവിനനുസരിച്ച് മാത്രമേ  തുടർന്നുള്ള കലണ്ടർ പാദത്തിലേക്കുള്ള എയർ പോർട്ട് ലോഞ്ച് സൗകര്യങ്ങൾ കൊടുക്കുകയുള്ളൂ എന്നാണ് വ്യവസ്ഥ.ഉദാഹരണത്തിന്, 2025 ഏപ്രിൽ-ജൂൺ പാദത്തിൽ കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനത്തിന് യോഗ്യത നേടുന്നതിന്, 2024 ജനുവരി-മാർച്ച് പാദത്തിലും തുടർന്നുള്ള പാദങ്ങളിലും നിങ്ങൾ കുറഞ്ഞത് 35,000 രൂപ ക്രെഡിറ്റ് കാർഡ് വഴി നിർബന്ധമായും ചെലവഴിക്കേണ്ടി വരും. 

നിലവിൽ, ഒരു ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡോ അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് എക്‌സ്‌പ്രഷൻസ് ക്രെഡിറ്റ് കാർഡോ ഉപയോഗിക്കുന്ന വ്യക്തിക്ക് കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനത്തിന് അർഹത നേടുന്നതിന് ഒരു പാദത്തിൽ കുറഞ്ഞത് 5,000 രൂപ ചിലവൊഴിച്ചാൽ മതിയായിരുന്നു. 

ആജീവനാന്ത സൗജന്യ കാർഡുകളോ മിഡ് റേഞ്ച് കാർഡുകളോ സ്വന്തമാക്കുന്ന ഒരു വിഭാഗം കാർഡ് ഹോൾഡർമാർ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഒന്നും നടത്താതെ  ഈ കാർഡുകൾ നൽകുന്ന എയർപോർട്ട് ലോഞ്ച് സൗകര്യങ്ങൾ എപ്പോഴും ഉപയോഗിക്കുന്നു എന്നുള്ളതാണ് മിനിമം തുക ചെലവഴിക്കണം എന്ന മാനദണ്ഡം കൊണ്ടുവരാനുള്ള കാരണം. ഹോട്ടലുകളുടെയും എയർലൈനുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും റിവാർഡ് പ്രോഗ്രാമുകൾ  എല്ലാം ഉപയോഗിക്കുകയും എന്നാൽ ക്രെഡിറ്റ് കാർഡ് വഴി  ചെലവ് അധികം നടത്താത്ത ഉപഭോക്താക്കൾ ബാങ്കുകൾക്ക് ബാധ്യതയാണ്. ഇത്തരം ഉപഭോക്താക്കൾ കുറവ് ചെലവ് ചെയ്താലും  ബാങ്കുകൾക്ക് അവരുടെ  കാർഡുകൾ  റദ്ദാക്കാൻ സാധിക്കില്ലാത്തതിനാലാണ് മിനിമം ചെലവ് ചെയ്യുന്നവർക്കേ ഇനി  ലോഞ്ച് സന്ദർശനങ്ങൾ പോലുള്ള സൗകര്യങ്ങൾ തരികയുള്ളൂ എന്ന രീതിയിലേക്ക് ബാങ്കുകൾ മാറിയത്.

Comments

    Leave a Comment