ജനുവരി 26 : റിപ്പബ്ലിക് ദിനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

January 26 : Some things you should know about Republic Day.

എന്തുകൊണ്ട് ജനുവരി 26 ഒരു അവധിയാണ്? റിപ്പബ്ലിക് ദിനം കൊണ്ടാണെന്ന് പലരും മറുപടി പറയും. എന്നാൽ റിപ്പബ്ലിക് ദിനം എന്നതുകൊണ്ട് എന്താണ് അർത്ഥമെന്താണെന്ന് അവരോട് ചോദിച്ചാലോ ......

ജനുവരി 26, ഇന്ത്യയുടെ റിപ്പബ്ലിക് ദിനം

എന്നാൽ പലർക്കുമിന്ന് ഒരു അവധിദിനം എന്നതിലപ്പുറം ഇതിന്റെ പ്രാധാന്യമറിയുമോ എന്ന് ചോദിച്ചാൽ കൃത്യമായ ഒരു മറുപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്.അല്ലെങ്കിൽ പലതരം ആശയക്കുഴപ്പമുണ്ടാക്കുന്ന ഉത്തരങ്ങൾ ലഭിക്കും. 

റിപ്പബ്ലിക് ദിനം അടിസ്ഥാനപരമായി ഇന്ത്യ ഒരു റിപ്പബ്ലിക് രാഷ്ട്രമായി മാറിയ ദിവസമാണ്. 73 വർഷം മുമ്പ് ഈ ദിവസമാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. എന്നാൽ ഈ ഭരണഘടന ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1947 ഓഗസ്റ്റ് 28-ന്  ഡോ.ബി.ആർ. അംബേദ്കർ അധ്യക്ഷനായി ഒരു ഭരണഘടന രൂപീകരിക്കാനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. ഈ വലിയ ദൗത്യം പൂർത്തിയാക്കാൻ അവർ  2 വർഷവും 11 മാസവും 18 ദിവസവും എടുത്തു എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം! 

ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാതാക്കൾ ലോകത്തിന്റെ നാല് കോണുകളിൽ നിന്ന് എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും എല്ലാ ഭരണഘടനകളും ധാരാളമായി വായിക്കുകയും എല്ലാ നല്ല കാര്യങ്ങളും ഇന്ത്യയുടെ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 5 വർഷത്തെ പദ്ധതിയായ പഞ്ചവത്സര പദ്ധതി സോവിയറ്റ് യൂണിയന്റെ ഭരണഘടനയിൽ നിന്നും യൂണിയനും സംസ്ഥാനവും തമ്മിലുള്ള അധികാര വിഭജനം കാനഡയുടെ ഭരണഘടനയിൽ നിന്നും  എടുത്തതാണ്.

1947 മുതൽ 1950 വരെയുള്ള കാലയളവിൽ ഇന്ത്യാ രാജ്യത്തിൻറെ തലപ്പത്ത് ഉണ്ടായിരുന്നത് ജോർജ്ജ് ആറാമൻ രാജാവും ഗവർണ്ണർ ജനറലായി സി രാജഗോപാലാചാരിയുമായിരുന്നു. ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് മാറിയതും ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ജനുവരി 26നാണ്. ഈ ദിനത്തിലാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറായി നിയോഗിക്കപ്പെട്ടത്.

'റെസ് പബ്ലിക്ക' എന്ന ലാറ്റിൻ പദത്തിൽ നിന്നുത്ഭവിച്ച റിപ്പബ്ലിക്ക് എന്ന വാക്കിൻ്റെ അർത്ഥം ജനക്ഷേമരാഷ്ട്രം' എന്നാണ്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളെയാണ് 'റിപ്പബ്ലിക്ക്' എന്ന് വിളിക്കുന്നത്. ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ താല്പര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിർവ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണ കർത്താക്കൾ. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്.

കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന 1947 നവംബർ 4-ന് ഭരണഘടനാ അസംബ്ലിക്ക് കൈമാറി. നിരവധി യോഗങ്ങൾക്കും ചർച്ചകൾക്കും ശേഷം 308 അസംബ്ലി അംഗങ്ങൾ 1949 നവംബര്‍ 26-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 24-ന്, അസംബ്ലി അംഗങ്ങള്‍ ഭരണഘടനയുടെ രണ്ട് കൈയെഴുത്ത് പകര്‍പ്പുകളില്‍ (ഒന്ന് ഇംഗ്ലീഷിലും ഒന്ന് ഹിന്ദിയിലും) ഒപ്പിട്ടു. രണ്ട് ദിവസത്തിന് ശേഷം1950 ജനുവരി 26ന് പൂർത്തിയായ ഭരണഘടന പ്രാബല്യത്തിൽ വന്നതോടെയാണ് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായി മാറിയത്. പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ ആശയങ്ങളാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്.  

എന്തുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തതെന്ന് പലർക്കും അറിയാത്തൊരു കാര്യമാണ്. 1930-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് ഗവൺമെന്റിനെ എതിർത്ത് "പൂർണ സ്വരാജ്" അഥവാ സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്  ഈ തീയതിൽ ആയതുകൊണ്ടാണ് ഈ ദിനത്തെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്.

ഇന്ത്യൻ വ്യോമസേനയെ "റോയൽ എയർഫോഴ്സ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ദിവസം, "റോയൽ" എന്ന ഈ വാക്ക് പേരിൽ നിന്ന് ഒഴിവാക്കി പുതിയ പേര് ഇന്ത്യൻ എയർഫോഴ്സ് എന്നാക്കി മാറ്റി.

റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ അതിഥിയായി പങ്കെടുത്തത് 1950-ൽ അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡണ്ട് സുകാർണോ ആയിരുന്നു.

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചുകൊണ്ട് തുടക്കമാകുന്ന രാജ്യത്തിന്റെ 3 ദിവസത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 29-ന് നടക്കുന്ന ഒരു സൈനിക ചടങ്ങായ "ബീറ്റിംഗ് ദി റിട്രീറ്റ്"-ൽ അവസാനിക്കുന്നു.

Comments

    Leave a Comment