ലാൽസലാം കോമ്രേഡ് ; ഓർമ്മകളിൽ യെച്ചൂരി.

CPIM General Secretary Sitaram Yechury Passes Away

വിട വാങ്ങിയത് പാർട്ടിയുടെ സൗമ്യ മുഖം. പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല.

ന്യൂഡൽഹി : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 72 വയസായിരുന്നു. 

ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ മാസം 19നാണ് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിന്നു.  പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

മൃതദേഹം ഇന്ന് വൈകീട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും. നാളെ രാവിലെ 11 മണി മുതല്‍ 3 മണിവരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലും പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കുന്നതാണ്. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും. 

മൂന്നു പ്രാവശ്യം യെച്ചൂരി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്നു. 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്നാണ് യെച്ചൂരി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി ആദ്യമായി ഏറ്റെടുത്തത്. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിലും  പിന്നീട് 2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.കൂടാതെ പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു.

സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായി1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് സീതാറം യെച്ചൂരി ജനിച്ചത്. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

1975-ല്‍ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 32 - ആം വയസ്സിൽ (1984-ല്‍) സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായി. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവും 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗവുമായി.

സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകാൻ തീരുമാനമായി. തല്ക്കാലം ഒരാൾക്ക് താല്ക്കാലിക ചുമതല നൽകുകയെന്നും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുമെന്നും നേതാക്കൾ സൂചിപ്പിച്ചു.

Comments

    Leave a Comment