വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

Maharashtra Deputy Chief Minister Ajit Pawar passes away

രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. മറ്റു 4 പേർക്കും ജീവൻ നഷ്ടമായി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ അന്തരിച്ചു. 66 വയസായിരുന്നു. 

മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ ഇന്ന് രാവിലെയാണ് യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. ലാൻ്റിം​ഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടമായി. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. വിമാനം അപകടത്തിൽ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. 

6 സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാ‍ർ, ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവ് കൂടിയിരുന്നു. 8 തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും അജിത് പവാർ ജയിച്ചു. ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത നേതാവായിരുന്നു അദ്ദേഹം. 

Comments

    Leave a Comment