ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി വിഭാഗങ്ങളിലും വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് (ഡയനാമിക് അലോക്കേഷന്‍) നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമാണ് ഈ ഫണ്ടുകളുടെ മുഖമുദ്ര.
വിശാലമായ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ വേറിട്ടു നില്‍ക്കുന്നൊരു വിഭാഗമാണ് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍. ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി വിഭാഗങ്ങളിലും വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് (ഡയനാമിക് അലോക്കേഷന്‍) നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമാണ് ഈ ഫണ്ടുകളുടെ മുഖമുദ്ര. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി നിഷ്‌കര്‍ഷിച്ചിട്ടുള്ളതു പ്രകാരം, ഫണ്ടിന്റെ 65 ശതമാനമെങ്കിലും നിക്ഷേപം ഓഹരിയില്‍ (ഇക്വിറ്റി) ഉണ്ടായിരിക്കണം എന്നതൊഴിച്ചാല്‍, ഏതൊക്കെ മാര്‍ക്കറ്റ് ക്യാപ് വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഫണ്ട് മാനേജര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
വിപണിയിലെ മാറ്റങ്ങളോട് കൃത്യമായി പ്രതികരിക്കാനുള്ള ശേഷിയാണ്, ഫ്‌ലെക്‌സിക്യാപ് ഫണ്ടുകളുടെ യഥാര്‍ത്ഥ കരുത്തെന്ന് ഹീലിയോസ് ഇന്ത്യ ബിസിനസ് മേധാവി ദേവിപ്രസാദ് നായര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക നിക്ഷേപകരുടെയും ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോയുടെ നട്ടെല്ലായി മാറാന്‍ മികച്ച നിലയില്‍ നിക്ഷേപ പ്രക്രിയ ആസൂത്രണം ചെയ്തു നിര്‍വഹിക്കപ്പെടുന്ന ഒരു ഫ്‌ളെക്‌സിക്യാപ് ഫണ്ടിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു നിര്‍ണായക കാര്യമുണ്ട്. നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള പല ഫ്‌ളെക്‌സിക്യാപ് ഫണ്ട് സ്‌കീമുകളിലും നിക്ഷേപത്തിന്റെ 65 മുതല്‍ 70 ശതമാനം വരെ വിന്യസിച്ചിരിക്കുന്നത് ലാര്‍ജ്ക്യാപ് ഓഹരികളിലാണ്. തത്ഫലമായി ഇത്തരം ഫണ്ടുകള്‍ ഒരു സാധാരണ ലാര്‍ജ്ക്യാപ് ഫണ്ടിന് തുല്യമായി മാറുന്നു. ഇത് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളുടെ വൈവിധ്യവത്കരണം (ഡൈവേഴ്‌സിഫിക്കേഷന്‍) എന്ന അടിസ്ഥാന പ്രമാണത്തില്‍ നിന്നുള്ള വ്യതിചലമാകുന്നു.
ഇത് നിക്ഷേപകരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം, മിക്ക നിക്ഷേപകരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ ഇക്വിറ്റി ഫണ്ടുകള്‍, ഇന്‍ഡക്‌സ് ഫണ്ടുകള്‍ അല്ലെങ്കില്‍ എന്‍.പി.എസ് എന്നിവയിലൂടെ ഇതിനകം തന്നെ ലാര്‍ജ്ക്യാപ് ഓഹരികള്‍ക്ക് മതിയായ എക്‌സ്‌പോഷര്‍ ലഭിച്ചിട്ടുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളുടെ നിക്ഷേപവും ലാര്‍ജ്ക്യാപ് വിഭാഗം ഓഹരികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് വൈവിധ്യവല്‍ക്കരണം എന്ന ലക്ഷ്യത്തെ ഇല്ലാതാക്കുന്നു.
എന്നാല്‍, അച്ചടക്കത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഫ്‌ളെക്‌സിക്യാപ് ഫണ്ട് ആണെങ്കില്‍ വിപണിയുടെ ചാക്രികത (മാര്‍ക്കറ്റ് സൈക്കിള്‍സ്), നഷ്ട സാധ്യത (റിസ്‌ക്ക്), മൂല്യമതിപ്പ് (വാല്യൂവേഷന്‍സ്) എന്നിവയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച്, സ്ഥിരമായി പോര്‍ട്ട്‌ഫോളിയോ പുനഃസംഘടിപ്പിക്കുന്നതിന് (റീ ബാലന്‍സിംഗ്) പകരം, ഫണ്ടിനുള്ളിലെ വിവിധ ഓഹരി വിഭാഗങ്ങളിലേക്കുള്ള എക്‌സ്‌പോഷര്‍ അനുയോജ്യമായവിധം ക്രമീകരിച്ചുകൊണ്ട് മുന്നില്‍ തെളിഞ്ഞുവരുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയുമെന്നും ദേവിപ്രസാദ് നായര്‍ വിശദീകരിച്ചു.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ അപകടസാധ്യതകള്‍ക്ക് വിധേയമാണ്. എല്ലാ സ്‌കീം സംബന്ധമായ രേഖകളും ശ്രദ്ധാപൂര്‍വ്വം വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Comments