ഇടക്കാല റിപ്പോർട്ട് കൈമാറി ശ്രീധരൻ, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് സംസ്ഥാനത്തിനായുള്ള അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പൊന്നാനി എം എൽ എ ആയ കെ പി നൗഷാദ് അലി കൂടി പങ്കെടുത്ത ഈ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തുടർചർച്ചകൾ നടത്താൻ തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത. സർക്കാരുമായി സഹകരിക്കാൻ തയ്യാറെന്ന് ശ്രീധരൻ അറിയിച്ചിരുന്നു. വിശദപഠനത്തിന് ശേഷം മാത്രം അതിവേഗ റെയിൽ പാത പദ്ധതിയെന്നാണ് യു ഡി എഫ് സർക്കാർ നിലപാട്.
ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാത നിർദേശം സർക്കാർ അതിവേഗ റെയിൽപാതയ്ക്കായി ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാൽ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരമുളള അതിവേഗ റെയിൽ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്.
കഴിഞ്ഞ പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിൽ സിൽവർ ലെയിനിന് ബദലായുള്ള ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം 2 ആഴ്ചക്കുള്ളിൽ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ നൽകിയ മറുപടി. നേരത്തെ തന്നെ സിൽവർ ലൈനിനും ആർ ആർ ടി എസിനും ബദലായി പുതിയ അതിവേഗ പാതയെന്ന നിർദേശം ശ്രീധരൻ മുന്നോട്ടുവച്ചിരുന്നു.
സതീശൻ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗത്തിൽ തിരുവനന്തപുരം- കാസർകോട് കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ് അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ തന്നെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായ ഒരു ഡി പി ആർ പോലുമില്ലാത്ത കെ റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്നും പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം വിവരിച്ചിരുന്നു.
Summary : Chief Minister VD Satheesan and Metroman E. Sreedharan held a meeting at the Thiruvananthapuram Secretariat regarding the high-speed rail project for the state. Sreedharan handed over the interim report of the project to the Chief Minister. Meting also attended by Ponnani MLA KP Naushad Ali. It is reported that the government is considering taking up the alternative route proposal put forward by E Sreedharan for the high-speed rail line. It is indicated that the Chief Minister's positive approach was taken because the land acquisition required for this alternative route is much less compared to the current projects.












Comments