ആരോഗ്യ ഇൻഷുറൻസുകൾക്കിനി ഗ്രേസ് പീരിയഡ് ; ഒരു മണിക്കൂറിൽ കാഷ്‍ലെസ് ക്ലെയിമുകൾ.

Grace period to renew health insurances Image Source : The Economic Times

ഗ്രേസ് പീരിയഡിൽ പ്രീമിയം അടയ്ക്കുന്നവർക്ക് അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല. ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് 3 മണിക്കൂറിനുള്ളിൽ ക്ലെയിമുകൾക്ക് അനുമതി നൽകണം.

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഉടമകൾക്ക് നിർബന്ധമായും ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ഉത്തരവ് പോളിസി കാലയളവിനുള്ളിൽ പ്രീമിയം അടച്ച് പുതുക്കാൻ കഴിയാത്തവർക്ക് ഗുണകരമാണ്.

ഒരു വർഷം, 6 മാസം, 3 മാസം എന്നീ ഇടവേളകളിൽ പ്രീമിയം അടയ്ക്കുന്നവർക്ക് 30 ദിവസവും, പ്രതിമാസ പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസവുമാണ് ഗ്രേസ് പീരിയഡ്. ഗ്രേസ് പീരിയഡിൽ പ്രീമിയം അടയ്ക്കുന്നവർക്ക് അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല. ഇനി മുതൽ പോളിസി കാലയളവിൽ തവണകളായി പ്രീമിയം അടച്ചവർക്ക് ഗ്രേസ് പീരിയഡിലും കവറേജ് ലഭിക്കുന്നതാണ്. 

നേരത്തെ പല ഇൻഷുറൻസ് കമ്പനികളും വ്യത്യസ്തമായ തോതിൽ ഗ്രേസ് പീരിയഡ് നൽകുന്നുണ്ടെങ്കിലും ഏകീകൃത ചട്ടമുണ്ടായിരുന്നില്ല. മുൻപ് ഇറക്കിയ 55 സർക്കുലറുകൾക്ക് പകരമാണ് ഐആർഡിഎഐയുടെ പുതിയ മാസ്റ്റർ സർക്കുലർ.

കാഷ്‍ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ഒരു മണിക്കൂറിനുള്ളിൽ അംഗീകരിക്കണം. 

രോഗി ആശുപത്രി വിടുമ്പോൾ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് 3 മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനി ക്ലെയിമുകൾക്ക് അനുമതി നൽകണം. വൈകിയാൽ ഉണ്ടായേക്കാവുന്ന ആശുപത്രിച്ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കേണ്ടി വരുന്നതാണ്. 

ജൂലൈ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. 

നിബന്ധനകൾ :- 

# പോളിസി എടുക്കുന്നവർക്ക് വ്യവസ്ഥകൾ, പോളിസി വിവരങ്ങൾ അടക്കം എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിൽ കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (CIS) നൽകണം.

# എല്ലാ പ്രായവിഭാഗത്തിൽപ്പെട്ടവർക്കും, എല്ലാത്തരം ചികിത്സയ്ക്കു വിധേയമാകുന്നവർക്കും യോജിക്കുന്ന പോളിസികൾ കമ്പനികൾ അവതരിപ്പിക്കണം. സ്റ്റെം സെൽ തെറപ്പി, റോബട്ടിക് ശസ്ത്രക്രിയ, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ തുടങ്ങിയ നൂതന ചികിത്സാ രീതികൾക്കും പോളിസികൾ പരിഗണിക്കണം.

# കമ്പനികൾ ആശുപത്രികളിൽ കാഷ്‍ലെസ് പോളിസികൾക്കായി  
പ്രത്യേക ഹെൽപ്ഡെസ്ക് തുറക്കണം.

# പോളിസി കാലാവധിയിൽ ഇൻഷുറൻസ് ക്ലെയിം നടത്താത്തവർക്ക് പ്രത്യേക ആനുകൂല്യം (നോ ക്ലെയിം ബോണസ്) നൽകാവുന്നതാണ്. 

# പ്രീമിയം തുക വർധിപ്പിക്കാതെ തന്നെ കവറേജ് തുക വർധിപ്പിക്കുകയോ, പ്രീമിയത്തിൽ ഇളവോ നൽകാം.

# നിബന്ധനകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പോളിസിയെടുത്ത് 30 ദിവസത്തിനുള്ളിൽ പോളിസി റദ്ദാക്കാൻ ഉപയോക്താവിനു അവസരം നൽകണം.

#  7 ദിവസം മുൻപേ രേഖാമൂലം അറിയിച്ചതിന് ശേഷം ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കാവുന്നതാണ്. ആനുപാതികമായ പ്രീമിയം തുക കമ്പനി തിരികെ നൽകണം. 

# പോളിസി കാലയളവിൽ എപ്പോൾ വേണമെങ്കിലും നോമിനിയെ മാറ്റാനും അനുമതി.

# ചികിത്സയ്ക്കിടയിൽ രോഗി മരിച്ചാൽ ക്ലെയിം സെറ്റിൽമെന്റ് റിക്വസ്റ്റ് അടിയന്തരമായി പരിഗണിക്കണം. മൃതദേഹം ഏറ്റവും വേഗത്തിൽ വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കണം.

# പോളിസി ഉടമയുടെ പരാതിയിന്മേൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ നൽകുന്ന ഉത്തരവ് 30 ദിവസത്തിനുള്ളിൽ പാലിക്കാൻ കമ്പനിക്ക് ബാധ്യത. പാലിച്ചില്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും കമ്പനി പരാതിക്കാരന് 5,000 രൂപ പിഴയായി നൽകണം.




Comments

    Leave a Comment