ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾ പരിഗണിച്ച് സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റമെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഈസ്റ്റേൺ പുതിയ രൂപത്തിലും രുചിയിലും വിപണിയിലേക്ക്.
പുതിയ ലോഗോ, ബ്രാൻഡ് ഐഡന്റിറ്റി എന്നിവയ്ക്ക് ഒപ്പം 'ഫ്ലേവേഴ്സ് ഓഫ് അറേബ്യ' എന്ന പുതിയ ഉൽപ്പന്ന ശ്രേണിയും അവതരിപ്പിച്ചു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾ കൂടി പരിഗണിച്ച് സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം.
കേരളത്തിന്റെ തനത് പാചക സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈസ്റ്റേൺ പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകാനൊരുങ്ങുകയാണെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റെസ്റ്റോറന്റ് ശൈലിയിലുള്ള അറേബ്യൻ രുചികൾ വീട്ടിലെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള 'ഹബീബി, കം ഹോം' കാമ്പയിന്റെ ഭാഗമായി 'ഫ്ലേവേഴ്സ് ഓഫ് അറേബ്യ' എന്ന പുതിയ ഭക്ഷണ ഉൽപ്പന്ന ശ്രേണിയിൽ ഷവർമ മസാല, കബ്സ മസാല എന്നിവ ഈസ്റ്റേൺ അവതരിപ്പിച്ചു. 50 ഗ്രാമിന് 50 രൂപയാണ് വില. എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാകും.
ഓർക്ക്‌ല എഎസ്എ യുടെ അനുബന്ധ സ്ഥാപനമായ ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഐടിസി ലിമിറ്റഡ് പ്രാരംഭ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല എന്ന വിശദീകരമാണ് ഗിരീഷ് നായർ നൽകിയത്.
Comments