നയതന്ത്രം വിജയം കണ്ടു ; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ.
ടെഹ്റാൻ: സൗഹൃദരാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാഖ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു.
ഒരു ലിറ്റർ എണ്ണ പോലും ഹോർമുസ് കടലിടുക്ക് കടക്കില്ലെന്ന ഇറാന്‍റെ കടുത്ത തീരുമാനത്തിനാണ് അയവ് വന്നിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസിൽകൂടി കടന്നുപോകാമെന്ന് ഇറാൻ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ അറിയിച്ചു.
'ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി: ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള സുഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഞങ്ങൾ അനുവദിക്കുന്നു’-ഇറാൻ കോൺസുലേറ്റ് ജനറൽ എക്സ് സന്ദേശത്തിൽ പറയുന്നു.
അമേരിക്ക, ഇസ്രായേൽ, അവരുടെ സഖ്യകക്ഷികളുടേയും കപ്പലുകൾ കടലിടുക്ക് കടക്കാൻ അനുവദിക്കില്ല. രാജ്യം ഒരു യുദ്ധാവസ്ഥയിലാണ്. ഈ പ്രദേശം ഒരു യുദ്ധമേഖലയാണ്, നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾ കടന്നുപോകാൻ അനുവദിക്കേണ്ട കാര്യമില്ലെന്ന് അറാഗ്ചി വ്യക്തമാക്കി.
പല രാജ്യങ്ങളും, കപ്പൽ ഉടമകളും ഞങ്ങളെ ബന്ധപ്പെടുകയും കടലിടുക്കിലൂടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളോട് സൗഹൃദമുള്ള ചില രാജ്യങ്ങൾക്ക് അവരുടെ കപ്പലുകൾ കടന്ന് പോകാൻ ഇറാൻ സായുധ സേന അനുവാദം നൽകിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കിയതായി വാർത്താ ഏജണസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
News Summary : Iranian Foreign Minister Abbas Araghchi said the Strait of Hormuz will be opened for friendly countries. Two ships from China, Russia, Pakistan, Iraq and India passed through the Strait of Hormuz.












Comments