വി.ഐ.പി മെഡിക്കല്‍ ഡ്യൂട്ടി : മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കെ.ജി.എം.ഒ.എ

VIP medical duty: KGMOA welcomes Chief Minister's stance

ആരോഗ്യവകുപ്പ് ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സമയോചിതവും പ്രശംസനീയവുമാണെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.

വി.ഐ.പികള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ സംഘങ്ങളെ അനാവശ്യമായി നിയോഗിക്കുന്നതിനെതിരെ മുഖ്യമന്ത്രി വി. ഡി. സതീശന്‍ സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വാഗതാര്‍ഹമാണെന്നും  മറ്റ് ജനപ്രതിനിധികളും അധികാരികളും ഇതേ നിലപാട് സ്വകരിക്കണമെന്നും  കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

മേയ് 23ന് നടന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ നിന്നും ഡി.എം.ഒ നിയോഗിച്ച മെഡിക്കല്‍ സംഘത്തെ, തനിക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തിരിച്ചയച്ചു. ആരോഗ്യവകുപ്പ്  ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സമയോചിതവും  പ്രശംസനീയവുമാണെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രികള്‍ വരെയുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളില്‍ എത്തുന്ന സാധാരണക്കാരായ രോഗികളുടെ ചികിത്സയ്ക്കായി ഉള്ളതാണ് സര്‍ക്കാര്‍ ആരോഗ്യ സംവിധാനം. എന്നാല്‍ വി.ഐ.പി അകമ്പടി, ഉത്സവങ്ങള്‍, മേളകള്‍, പരീക്ഷകള്‍ എന്നിവയ്ക്കായി  മെഡിക്കല്‍ സംഘത്തെ പതിവായി നിയോഗിക്കുന്നതു മൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് യഥാസമയം ചികില്‍സ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രായത്തെയും ആരോഗ്യത്തെ പരിഗണിച്ച് അദ്ദേഹത്തിന് മാത്രമായി ഏര്‍പ്പെടുത്തിയ സൗകര്യം പിന്നീട് വന്ന സര്‍ക്കാരുകള്‍ക്കായി മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിത കീഴ് വഴക്കമായി മാറ്റുകയായിരുന്നു. ഇതു മൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 

സംസ്ഥാനത്തുടനീളം മികച്ച ആശുപത്രികളും ആധുനിക ക്രിട്ടിക്കല്‍ കെയര്‍ സൗകര്യങ്ങളും ഉള്ളപ്പോള്‍ വി.ഐ.പി വാഹനവ്യൂഹങ്ങളെ മെഡിക്കല്‍ സംഘങ്ങള്‍ അനുഗമിക്കുന്ന രീതി കാലഹരണപ്പെട്ടതാണ്. യാത്രാമാര്‍ഗ്ഗങ്ങളിലെയും വേദികളിലെയും ആശുപത്രികളുമായി മുന്‍കൂട്ടി ഏകോപനം നടത്തിയും ആവശ്യാനുസരണം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍ അടങ്ങിയ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയും സേവനം ലഭ്യമാക്കാന്‍ സാധിക്കും.സുരക്ഷാ മാനദണ്ഡങ്ങള്‍ അടങ്ങിയ 'ബ്ലൂ ബുക്ക്' പ്രോട്ടോക്കോള്‍ പ്രകാരമുള്ള അനിവാര്യ ഘട്ടങ്ങളിലും യഥാര്‍ത്ഥ അടിയന്തിര സാഹചര്യങ്ങളിലും മാത്രമേ മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കാവൂവെന്നും കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Summary : The Kerala Government Medical Officers Association (KGMOA) Ernakulam District Committee has welcomed the exemplary stand taken by Chief Minister V. D. Satheesan against the unnecessary deployment of government medical teams for VIPs and urged other public representatives and authorities to adopt the same stand. When former Chief Minister VS Achuthanandan was the Chief Minister, the facilities provided exclusively to him considering his age and health were turned into forced subordination by the superiors for the subsequent governments. Despite several representations regarding the crises arising due to this, no action was taken.


Comments

    Leave a Comment