സിൽവർലൈനിന് ചുവപ്പുകൊടി : ഭൂമി നൽകാനാകില്ലെന്ന് ദക്ഷിണ റെയിൽവേ.

Silverline-Project : Southern Railway against using railway land for project

കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം : കേരളത്തിന്റെ സിൽവർലൈൻ വേഗറെയിൽ പദ്ധതിക്കു ദക്ഷിണ റെയിൽവേയുടെ ചുവപ്പുകൊടി. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി കെ റെയിൽ കേന്ദ്ര റെയിൽവേ ബോർഡിനു പലവട്ടം കത്തെഴുതിയ സാഹചര്യത്തിലാണ് റെയിൽവേ ഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത് ദക്ഷിണ റെയിൽവേ റിപ്പോർട്ട് നൽകിയത്. 

റെയിൽവേ ഭൂമിയിൽ കെ റെയിലുമായി ചേർന്നുനടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകണമെന്നു റെയിൽവേ ബോർഡ് ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോർട്ട് നൽകിയിരിക്കുന്നത്. 
കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂർണമായും റെയിൽവേ ട്രാക്കിനു സമാന്തരമായി കടന്നുപോകുന്ന സിൽവർലൈനിന് 183 ഹെക്ടർ റെയിൽവേ ഭൂമിയാണു വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

റിപ്പോർട്ടിൽനിന്ന്:

∙ 200 കിലോമീറ്റർ വേഗത്തിലുള്ള സ്റ്റാൻഡേഡ് ഗേജാണു സിൽവർലൈനിന്റേത്. ഇതു നിലവിലെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാകില്ല. ട്രാക്കിന് ഇരുവശത്തും ഭിത്തി പണിയുന്നതു റെയിൽവേ ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കും.

∙ ഇന്ത്യൻ റെയിൽവേയുടെ പാതയെ പലയിടത്തും 45 ഡിഗ്രിയിൽ സിൽവർ ലൈൻ പാത ക്രോസ് ചെയ്യുന്നതു ഭാവിയിൽ ട്രാക്ക് വികസനത്തിനു തടസ്സമാകും.

∙ റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി വികസിപ്പിക്കുന്ന സ്റ്റേഷനുകളിൽ ഉൾപ്പെട്ട കോഴിക്കോട്ടും കണ്ണൂരും സിൽവർ ലൈനിനു സ്റ്റേഷൻ നിർമിക്കാൻ ഭൂമി നൽകാനാകില്ല. വെസ്റ്റ് ഹില്ലിൽ റെയിൽവേ ലൈനിനു പടിഞ്ഞാറാണു സിൽവർലൈനിന്റെ ആർഒആർ സ്റ്റേഷൻ നിർദേശിച്ചിരിക്കുന്നത്. ഇവിടെ റെയിൽവേ റോറോ സ്റ്റേഷൻ നിർമിക്കാനിരിക്കുകയാണ്. തിരൂർ, വടകര, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകൾ വികസിപ്പിക്കേണ്ടവയുടെ പട്ടികയിലുണ്ട്. ഇവിടെയൊന്നും ഭൂമി നൽകാനാകില്ല.

∙ കെ റെയിൽ ആവശ്യപ്പെടുന്നതിൽ, എൻഎച്ച് 66 ആറു വരിയാക്കുന്നതിനുവേണ്ടി ദേശീയപാതാ അതോറിറ്റിക്കു വിട്ടുകൊടുത്ത ഭൂമിയുണ്ട്.

∙ കണിയാപുരത്ത് ആവശ്യപ്പെട്ടിരിക്കുന്നതു ഭാവിയിൽ റെയിൽവേക്കു വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന സ്ഥലമാണ്. 

- മുരിക്കുംപുഴ–കണിയാപുരം, കഴക്കൂട്ടം–കൊച്ചുവേളി, കണിയാപുരം–കഴക്കൂട്ടം സെക്‌ഷനുകളിൽ കെ റെയിലിന്റെ ട്രാക്കിന്റെ അതിർത്തിയും നിലവിലെ റെയിൽവേ ട്രാക്കുമായി 4–7 മീറ്റർ അകലമേയുള്ളൂ. 8 മീറ്റർ അകലം നിർബന്ധമാണ്. എങ്കിലേ ട്രാക്ക് അറ്റകുറ്റപ്പണിക്കു വാഹനമെത്തിക്കാൻ റോഡ് സാധ്യമാകൂ.

∙ കഴക്കൂട്ടം യാഡിൽ ചോദിച്ചിരിക്കുന്ന സ്ഥലം നൽകിയാൽ ത്രികോണാകൃതിയിലുള്ള പ്രയോജനമില്ലാത്ത സ്ഥലം മാത്രമേ റെയിൽവേക്കു ബാക്കി കിട്ടുകയുള്ളൂ.

∙ കോട്ടയം ചിങ്ങവനം സെക്‌ഷനിൽ കെ റെയിലിന്റെ ഡ്രോയിങ് റെയിൽവേയുടെ ലാൻഡ് പ്ലാനുമായി യോജിക്കുന്നതല്ല. 

∙ അങ്കമാലി–ആലുവ സെക്‌ഷനിലും തൃശൂർ–ഒല്ലൂർ സെക്‌ഷനിലും സിൽവർലൈൻ–റെയിൽവേ ട്രാക്കുകൾ തമ്മിൽ കൃത്യമായ അകലമില്ല. തൃശൂർ സ്റ്റേഷനിൽ സിൽവർ ലൈൻ സ്റ്റേഷൻ റെയിൽഭൂമിയെ വിഭജിക്കുന്നു. 

- വളവ് നിവർത്താനാകില്ല; നിശ്ചിത അകലമില്ല

- തിരുവനന്തപുരം ഡിവിഷനിൽ കെ റെയിൽ ആവശ്യപ്പെട്ട സ്ഥലത്ത് റെയിൽവേ അധികൃതർ പരിശോധന നടത്തിയിരുന്നു. കണ്ടെത്തലുകൾ കഴിഞ്ഞ മാർച്ചിൽ അറിയിച്ചിട്ടും ഇതുവരെ കെ റെയിൽ പ്രതികരിച്ചിട്ടില്ല. പാലക്കാട് ഡിവിഷനിൽ കടുത്ത വളവുകളുള്ള 11 സ്ട്രെച്ചുകളിൽ റെയിൽവേ ലൈനിനു തൊട്ടുചേർന്നാണു സിൽവർലൈൻ അലൈൻമെന്റ്. ഇവിടെ വളവു നിവർത്തി വേഗം 160 കിലോമീറ്റർ വരെയാക്കുന്നതിനു സിൽവർലൈൻ തടസ്സമാകും. കൂടാതെ 17 സ്ട്രെച്ചുകളിൽ റെയിൽവേയുടെ സേഫ്റ്റി സോൺ വഴിയാണ് സിൽവർലൈൻ ട്രാക്ക് കടന്നുപോകേണ്ടത്.

Comments

    Leave a Comment