അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഇനി മുതൽ യുപിഐ പേയ്‌മെന്റ് നടത്താം

UPI payment now possible despite insufficient balance in the account

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം യുപിഐ പേയ്‌മെന്റുകളുടെ വ്യാപ്തി വിപുലീകരിക്കുന്ന ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ഇപ്പോൾ യു പി ഐ യുടെ കാലമാണ്. 

യൂണിഫൈഡ്  പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ  ദൈനംദിന ഇടപാടുകളിൽ ഇന്ന് അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. പേയ്‌മെന്റുകൾ നടത്താൻ ആളുകൾ ഇന്ന് ആദ്യം തിരഞ്ഞെടുക്കുന്ന മാർഗവും യു പി ഐ ആണ്.  

ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെയും യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിലൂടെയും ഈ കാലഘട്ടത്തിൽ  നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കുന്നത് എളുപ്പമാണ്. ഇതുകൊണ്ട് തന്നെ നിരവധി ഉപയോക്താക്കളും ബിസിനസുകളും യുപിഐ പേയ്‌മെന്റുകളിലേക്ക് മാറി.

ഇതുവരെ ഒരു വ്യക്തിക്ക്   അവരുടെ അക്കൗണ്ടിലോ വാലറ്റിലോ മതിയായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിക്ക് യുപിഐ ഇടപാടുകൾ നടത്താൻ അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഒരാൾക്ക് യുപിഐ പേയ്‌മെന്റ് നടത്താമെന്ന അവസ്ഥ വന്നിരിക്കുകയാണ്.

യുപിഐ പേയ്‌മെന്റുകളുടെ വ്യാപ്തി വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം പുറപ്പെടുവിച്ചിരുന്ന ഒരു സർക്കുർ മൂലം അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും പേയ്‌മെന്റുകൾ നടത്താം. യു പി ഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഉപഭോക്താവിന്റെ മുൻകൂർ സമ്മതത്തോടെ വ്യക്തികൾക്ക് ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്ക് നൽകുന്ന പ്രീ-അപ്പ്രൂവ്ഡ്  ക്രെഡിറ്റ് ലൈൻ വഴി യുപിഐ പേയ്‌മെന്റുകൾ നടത്താം. 

ഓരോ ബാങ്കുകൾക്കും അവരുടെ ബോർഡ് അംഗീകൃത നയമനുസരിച്ച്, ക്രെഡിറ്റ് ലൈനുകളുടെ ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും തീരുമാനിക്കാവുന്നതാണ്. ഈ നിബന്ധനകളിൽ, വായ്പ പരിധി, വായ്പ കാലയളവ്, പലിശ എന്നിവ ഉൾപ്പെട്ടേക്കാം. യുപിഐ - പേ ലേറ്റർ എന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. 

ഉപയോക്താവിന്റെ സമ്മതം ലഭിച്ച ശേഷം, ബാങ്ക് ഒരു ക്രെഡിറ്റ് ലൈൻ നിർമ്മിക്കുകയും ബാങ്ക് നിശ്ചയിച്ചിട്ടുള്ള ക്രെഡിറ്റ് പരിധിയിൽ ഉപയോക്താവിന് പണം നൽകുകയും കുടിശിക തീർക്കാൻ സമയ പരിധിയും നൽകുന്നു.

Comments

    Leave a Comment