പ്രവാസികൾക്ക് തിരിച്ചടി ! അമേരിക്കയിൽ നിന്നും നാട്ടിലേക്ക് പണമയച്ചാൽ 5% നികുതി.

5% tax on remittances from the US for expatriates

ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ.

പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി അമേരിക്കയുടെ പുതിയ നികുതി നിർദേശം. യുഎസ് പൗരന്മാരല്ലാത്തവർ  യുഎസിന് പുറത്തേക്ക് പണമയച്ചാൽ  5% നികുതി ഈടാക്കാനുള്ള നിർദേശമാണ് യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് മുന്നോട്ടുവച്ചിരിക്കുന്നത്. നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽ.കേണ്ടതായി വരും.

ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രവാസികളെയും നാട്ടിലെ അവരുടെ കുടുംബങ്ങളെയും നിരാശപ്പെടുത്തുന്ന യുഎസിന്റെ ഈ പുതിയ നികുതി നിർദേശം നടപ്പായാൽ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിൽ‌ 160 കോടി ഡോളറിന്റെ ഇടിവുണ്ടായേക്കാം എന്നാണ് കണക്ക് കൂട്ടുന്നത്. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികൾ വലിയതോതിൽ പണം നാട്ടിലേക്ക് അയക്കാൻ സാധ്യതയുണ്ട്. 

ഈ തീരുമാനം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യക്കാരെയായിരിക്കും. ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത് ഇപ്പോൾ യുഎസിൽ നിന്നാണ്. ആകെ പ്രവാസിപ്പണത്തിന്റെ   27.7%  അമേരിക്കയിൽ നിന്ന് മാത്രമായിട്ടാണ് ഇന്ത്യയിലേക്കെത്തുന്നത്.
യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. 

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം യുഎസിലുള്ളത് ഏകദേശം 45 ലക്ഷം ഇന്ത്യക്കാരാണ്.ഏകദേശം 2.7 ലക്ഷം കോടി രൂപയോളമാണ് (3,200 കോടി ഡോളർ)  2023-24 സാമ്പത്തിക വർഷം മാത്രം ഇവർ ഇന്ത്യയിലേക്ക് അയച്ചത്. 

പ്രവാസിപ്പണം നേടുന്നതിൽ മറ്റു രാജ്യങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളി ഇന്ത്യ തന്നെയാണ് കാലങ്ങളായി ഒന്നാമത്. ലോക ബാങ്കിന്റെ 2024ലെ കണക്കുപ്രകാരം ലോകമെമ്പാടുമുള്ള പ്രവാസികൾ ആകെ 12,910 കോടി ഡോളറാണ് (ഏകദേശം 10.84 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് അയച്ചത്. 2023ൽ ഇത് 12,500 കോടി ഡോളറായിരുന്നു (10.41 ലക്ഷം കോടി രൂപ). രണ്ടാമതുള്ള മെക്സിക്കോ 6,820 കോടി ഡോളറും  മൂന്നാമതുള്ള ചൈന 4,800 കോടി ഡോളറുമാണ് 2024ൽ നേടിയത്. 

Comments

    Leave a Comment