ഷെങ്കൻ വിസ : 2024 - ൽ ഇന്ത്യക്കാർക്ക് നഷ്ടമായത് 136 കോടി രൂപ

Schengen Visa Rejection : India's lost Rs.136 crores in 2024

ഏറ്റവും കൂടുതൽ ഷെങ്കൻ വിസ നിരസിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്. യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ.

ബ്രസൽസ്: ഷെങ്കൻ വിസ നിരസിക്കപ്പെട്ടതുമൂലം 2024 - ൽ ഇന്ത്യക്കാർക്ക് നഷ്ടമായത് 136 കോടി രൂപ. 2024ൽ മാത്രം1.65 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. വിസക്കുള്ള അപേക്ഷ തള്ളിയാലും ഫീസ് തിരിച്ചു നൽകാത്തതിനാലാണ് ഇത്രയും ഭീമമായ തുക നഷ്ടമായത്. 

ഏറ്റവും കൂടുതൽ ഷെങ്കൻ വിസ നിരസിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യക്ക്  മൂന്നാം സ്ഥാനമാണ്. കോണ്ടെ നാസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം സമർപ്പിച്ചതിൽ 5.91 ലക്ഷം അപേക്ഷകൾ അംഗീകരിക്കുകയും 1.65 ലക്ഷം അപേക്ഷകൾ നിരസിക്കുകയും ചെയ്തു. ഫ്രാൻസാണ് ഇന്ത്യയുടെ കൂടുതൽ അപേക്ഷകൾ ( 31,314 ) നിരസിച്ചത്. കൂടാതെ  സ്വിറ്റ്സർലൻഡ്  26,126 അപേക്ഷകളും ജർമ്മനി 15,806 അപേക്ഷകളും സ്പെയിൻ 15,150 
അപേക്ഷകളും നെതർലാൻഡ്‌സ് 14,569 അപേക്ഷകളും നിരസിച്ചു. 

യൂറോപ്യൻ കമ്മീഷന്റെ കണക്ക് പ്രകാരം ആകെ  15 ശതമാനം അപേക്ഷകൾ ആണ് നിരസിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടത് അൾജീരിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണ്. 2024ൽ ആകെ നിരസിക്കപ്പെട്ട ഷെങ്കൻ വിസ അപേക്ഷകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. ഇതു മൂലം ഫീസ് ഇനത്തിൽ മാത്രമായി 1410 കോടി രൂപയാണ് ലഭിച്ചത്.  

12 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യൻ അപേക്ഷകർക്ക്  അപേക്ഷാ ചെലവ് 80 യൂറോയിൽ (ഏകദേശം 7746 രൂപ) നിന്ന് 90 യൂറോ (ഏകദേശം 8714 രൂപ) ആയി വർദ്ധിപ്പിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികൾ, വിദ്യാർത്ഥികൾ, നോണ്‍ പ്രോഫിറ്റ് സംഘടനകളുടെ പ്രതിനിധികൾ, ചില പ്രത്യേക കേസുകൾ എന്നിവരെ വർദ്ധിപ്പിച്ച ഫീസ് ഘടനയിൽ നിന്ന് ഒഴിവാക്കി.

യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലാത്വിയ, ലിച്ചന്‍സ്‌റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വിസ നിലവിലുള്ളത്.

Comments

    Leave a Comment