ലോകത്തിലെ ഏറ്റവും ‘ശക്തമായ’ പാസ്‌പോര്‍ട്ട് ഈ ഏഷ്യൻ രാജ്യത്തിന്റേത്

The Most Powerful Passport in the world

ഈ പാസ്‌പോര്‍ട്ട് ഉള്ളവർക്ക് വീസയില്ലാതെ 195 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവും. ഇന്ത്യൻ പാസ്‌പോര്‍ട്ട് ഉള്ളവർക്ക് വീസയില്ലാതെ എത്ര രാജ്യത്തേക്ക് സഞ്ചരിക്കാൻ പറ്റുമെന്നറിയാമോ ?

ഏറ്റവും പുതിയ ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചിക പ്രകാരം പാസ്‌പോര്‍ട്ടുകളില്‍ ഏറ്റവും ശക്തമായത് സിംഗപ്പൂരിന്റേതാണ്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഒരാൾക്ക് 195 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവും. 

രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഒരാൾക്ക് 192 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവും.

191 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാൻ അനുവാദമുള്ള 
ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്, ദക്ഷിണകൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ആണ് മൂന്നാം സ്ഥാനത്ത്.

82-ാം സ്ഥാനത്ത് ആണ് നിലവിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.  സെനഗല്‍, താജിക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം. 2006 - ലെ 71–ാം സ്ഥാനമായിരുന്നു ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഏറ്റവും മികച്ച സ്ഥാനമെങ്കിൽ 90–ാം സ്ഥാനത്തേക്കിറങ്ങിയ 2021 -ലാണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഏറ്റവും കുറഞ്ഞത്.

190 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാനാവുള്ള ന്യൂസീലാന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുകെ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിനാണ് നാലാം സ്ഥാനമെങ്കിൽ ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് അഞ്ചാമതും ഗ്രാസ് പോളണ്ട് എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ആറാം റാങ്കിലുമുണ്ട്. അഞ്ചാം സ്ഥാനക്കാർക്ക് 189 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാനാവുമെങ്കിൽ ആറാം സ്ഥാനക്കാർക്ക് 188 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാം 

കാനഡ, മാള്‍ട്ട, ഹംഗറി, ചെചിയ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട്  ഏഴാം സ്ഥാനത്തും അമേരിക്കന്‍ പാസ്‌പോര്‍ട്ട് എട്ടാം സ്ഥാനത്തും എസ്‌തോണിയ, ലിത്വാനിയ, യുഎഇ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട്  ഒമ്പതാം സ്ഥാനത്തും ഐസ്‌ലന്‍ഡ്, ലാത്വിയ, സ്ലൊവാക്യ, സ്ലൊവേനിയ എന്നീ രാജ്യങ്ങള്‍ പത്താം സ്ഥാനത്തുമാണുള്ളത്. ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉള്ളവർക്ക് യഥാക്രമം 187, 186, 185, 184 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവും.    

പാക്കിസ്ഥാൻ, യെമന്‍(100), ഇറാഖ്(101), സിറിയ(102) അഫ്ഗാനിസ്ഥാന്‍(103) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാനത്തിലുള്ളത്.   പാക്കിസ്ഥാൻ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വീസയില്ലാതെ 33 രാജ്യങ്ങളിലേക്കും അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വീസയില്ലാതെ 26 രാജ്യങ്ങളിലേക്കുമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്.

കഴിഞ്ഞ 19 വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള ഏകദേശം 227 രാജ്യങ്ങളുടേയും സ്വയംഭരണ പ്രദേശങ്ങളുടേയും വിവരങ്ങള്‍ ശേഖരിച്ച്‌  
ഹെന്‍ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് ലോകരാജ്യങ്ങളുടെ വിമാന യാത്രാ സൗകര്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുന്നുണ്ട്. രാജ്യങ്ങളുടെ നയങ്ങള്‍ മാറുന്നതിനനുസരിച്ച് തല്‍സമയം തന്നെ ഇവര്‍ പാസ്‌പോര്‍ട്ടുകളുടെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്താറുണ്ട്. 

'വീസയില്ലാതെ യാത്ര ചെയ്യാനാവുന്ന രാജ്യങ്ങളുടെ എണ്ണം 2006 ല്‍ 58 ആയിരുന്നത് 2024 ല്‍ 111 ആയി ഉയര്‍ന്നിട്ടുണ്ട്. എങ്കിലും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളും കുറഞ്ഞ രാജ്യങ്ങളിലേക്കു മാത്രം വീസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള അന്തരം ഇക്കാലയളവില്‍ വര്‍ധിക്കുകയാണുണ്ടായത്' എന്ന് ഹെന്‍ലെ ആൻഡ് പാട്‌ണേഴ്‌സ് അധ്യക്ഷന്‍ ക്രിസ്റ്റ്യന്‍ കേലിന്‍ പറയുന്നു. 

രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) കണക്കുകള്‍ പ്രകാരമാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

Comments

    Leave a Comment