കുറഞ്ഞ ഉപയോഗമുള്ള വാഹനങ്ങൾക്കിനി കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം : ഐആർഡിഎഐ

Lower insurance premium for less used vehicles : IRDAI Representative Image

'പേ ആസ് യൂ ഗോ', 'പേ ആസ് യൂ ഡ്രൈവ്', 'പേ ആസ് യൂ യൂസ്' ഓപ്ഷനുകൾ ഉപഭോക്താക്കൾക്കിനി തിരഞ്ഞെടുക്കാം.

നിങ്ങളുടെ വാഹനത്തിന് കുറഞ്ഞ ഓട്ടമേ ഉള്ളുവെങ്കിൽ ഇനി മുതൽ ഉയർന്ന തുക പ്രീമിയമുള്ള ഇൻഷുറൻസ് പോളിസി എടുക്കേണ്ട ആവശ്യമില്ല. ഇനി മുതൽ ഉപയോഗത്തിനനുസരിച്ച് കുറഞ്ഞ പ്രീമിയമുള്ള പോളിസികൾ ലഭിക്കുന്നതാണ്.

ഇൻഷുറൻസ് വിപണിയിലെ നടപടിക്രമങ്ങൾ ലളിതമാക്കി കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭവന, ആരോഗ്യ, വാഹന ' ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഐആർഡിഎഐ മാസ്റ്റർ സർക്കുലർ പുറപ്പെടുവിച്ചു.
സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് പ്രീമിയം ഉള്ള പോളിസികൾ നൽകണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. 'പേ ആസ് യൂ ഗോ',  'പേ ആസ് യൂ ഡ്രൈവ്', 'പേ ആസ് യൂ യൂസ്' ഓപ്ഷനുകൾ ഉപഭോക്താക്കൾക്കിനി തിരഞ്ഞെടുക്കാവുന്നതാണ്.

ഇൻഷുറൻസ് കമ്പനിയെ കാരണം ബോധിപ്പിക്കാതെ തന്നെ എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കാനുള്ള അനുവാദം അതോറിറ്റി ഉപഭോക്താവിന് നൽകുന്നുണ്ട്. മാത്രമല്ല ആനുപാതികമായ പ്രീമിയം തുക പോളിസി ഉടമകൾക്ക് കമ്പനി റീഫണ്ട് ചെയ്തു നൽകുകയും വേണം. എന്നാൽ ഉടമ തട്ടിപ്പു കാണിച്ചാൽ മാത്രമേ ഇൻഷുറൻസ് കമ്പനിക്ക് പോളിസി റദ്ദാക്കാൻ അവകാശമുള്ളൂ. ഇൻഷുറൻസ് ഉല്പന്നം പിൻവലിക്കുകയാണെങ്കിൽ വിവരം മുൻകൂട്ടി അറിയിക്കണമെന്നും വ്യവസ്ഥയുമുണ്ട്. ഇതിന് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകിയിരിക്കണം. 

നിലവിലുള്ള പോളിസികൾക്കു പുറമെ മിനിമം കവറേജ് മാത്രം നൽകുന്ന അടിസ്ഥാന പോളിസികളും ( ബേസ് പ്രോഡക്ട് ) ഇൻഷുറൻസ് കമ്പനികൾ പുറത്തിറക്കണമെന്ന് അതോറിറ്റി പ്രസ്താവിച്ചു. ഇപ്പോൾ പല കമ്പനികളും പലതരം ആഡ് ഓൺ കവറേജ് ഉൾപ്പെടുത്തി പോളിസികൾ  വാഗ്ദാനം ചെയ്യുന്നതിന്നാൽ ഉപഭോക്താവിന് ഇവ തമ്മിലുള്ള താരതമ്യം എളുപ്പമല്ല. എല്ലാ കമ്പനികളും ബേസ് പോളിസികൾ നൽകുന്നതു വഴി സമാന പോളിസികൾ എളുപ്പത്തിൽ താരതമ്യം ചെയ്ത് മെച്ചപ്പെട്ടവ ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകും.
 
രേഖകളില്ല എന്ന പേരിൽ ഉപഭോക്താവിന്  ക്ലെയിം നിഷേധിക്കരുതെന്ന് അതോറിട്ടി മുന്നറിയിപ്പ് നൽകി. ക്ലെയിം സെറ്റിൽമെൻ്റുമായി നേരിട്ടു ബന്ധമുള്ള രേഖകൾ മാത്രമേ ഉപഭോക്താവിനോട് ആവശ്യപ്പെടാൻ പാടുള്ളൂ. മാത്രമല്ല പോളിസികളിൽ ക്ലെയിം ഉണ്ടായാൽ  ഉടൻ തന്നെ ആനുകൂല്യങ്ങൾ അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പോളിസി ഉടമകളെ അറിയിക്കുകയും വേണം. 

മോട്ടോർ ഇൻഷുറൻസിൽ 5000 രൂപയ്ക്കു മുകളിലുള്ള നഷ്ടവും മറ്റുള്ളവയിൽ 1ലക്ഷം രൂപയ്ക്കുള്ള നഷ്ടവും റിപ്പോർട്ട് ചെയ്താൽ റജിസ്ട്രേഡ് സർവെയർ സർവെ നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. 7 ദിവസത്തിനുള്ളിൽ ക്ലെയിം സംബന്ധിച്ചുള്ള തീരുമാനം എടുക്കണം. വൈകിയാൽ പിഴ ഈടാക്കും. ഉടമയുടെ ഭാഗത്തുനിന്നു കാലതാമസം ഉണ്ടായാൽ പോലും ക്ലെയിം നിഷേധിക്കാനാവില്ല.

പോളിസി ഉടമയുടെ പരാതിയിൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ നൽകുന്ന ഉത്തരവ് 30 ദിവസത്തിനകം പാലിക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ട്. ഉത്തരവ് പാലിക്കാത്ത പക്ഷം പിന്നീടുള്ള ഓരോ ദിവസത്തിനും 5000 രൂപ പിഴയായി നൽകണമെന്നും ഐആർഡിഎഐ യുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Comments

    Leave a Comment