സിമന്റ് വില കൂടും; ജൂൺ ഒന്ന് മുതൽ വില കൂട്ടാനൊരുങ്ങി ഇന്ത്യ സിമന്റ്‌സ്.

Cement prices will go up; India Cements raises prices to offset losses from June 1

ഇന്ത്യൻ സിമന്റസിന്റെ വരുമാനം 1,449.62 കോടിയിൽ നിന്ന് 1,391.99 കോടി രൂപയായി കുറഞ്ഞതോടെ മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 23.7 കോടിയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വില വർധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

ഇന്ത്യ സിമന്റ്‌സ് വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകർ 2022 സാമ്പത്തിക വർഷത്തിൽ നഷ്ടം നേരിട്ടതിനെ തുടർന്നാണ് വില വർധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ജൂൺ ഒന്ന് മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരുവാനാണ് സാധ്യത.

മൂന്ന് ഘട്ടമായി വില 55 രൂപ വർദ്ധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന്  മാനേജിംഗ് ഡയറക്ടർ എൻ ശ്രീനിവാസൻ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ജൂൺ ഒന്നിന് ഒരു സിമന്റ് ചാക്കിന്  20 രൂപ വർദ്ധിപ്പിക്കും. ജൂൺ 15ന് രണ്ടാം ഘട്ടത്തിൽ 15 രൂപയും മൂന്നാം ഘട്ടമായി ജൂൺ 30ന് 20 രൂപയും വർദ്ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
മുൻകാലങ്ങളിലൊരിക്കൽ പോലും കമ്പനി ഇത്രയും വലിയ വില വർദ്ധനവ് വരുത്തിയിട്ടില്ല എന്നും കമ്പനിക്കുണ്ടായ നഷ്ടം നികത്താൻ വില വർദ്ധനവ്‌  സഹായിക്കുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി. 

ഇന്ത്യൻ സിമന്റസിന്റെ വരുമാനം 1,449.62 കോടിയിൽ നിന്ന് 1,391.99 കോടി രൂപയായി കുറഞ്ഞതോടെ മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 23.7 കോടിയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നഷ്ടം നേരിട്ടതിനു ശേഷം കടം തിരിച്ചടയ്ക്കാൻ ഭൂമി വിൽക്കാനും ഇന്ത്യ സിമന്റ്‌സ് പദ്ധതിയിടുന്നതായാണ് പറയപ്പെടുന്നു. കമ്പനിയുടെ അധീനതിയിലുള്ള സ്ഥലങ്ങൾ മൊത്തമായി വിൽക്കുകയില്ലെന്നും കടം തീർക്കാനായി മാത്രമേ വിൽപന നടത്തുന്നുള്ളു എന്നുമാണ് മാനേജിംഗ് ഡയറക്ടർ എൻ ശ്രീനിവാസൻ വ്യക്തമാക്കിയത്. 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരായ ഇന്ത്യൻ സിമന്റ്‌സ് ഏഴ് പ്ലാന്റുകളിൽ നിന്നുമായി 14 ദശലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കുന്നുണ്ട്.

Comments

    Leave a Comment