മലയാളത്തിന്റെ വല്ല്യേട്ടൻ ; ലാലേട്ടന്റെ സ്വന്തം ഇച്ചാക്കക്ക് ഇന്ന് 71ാം പിറന്നാൾ......

Vallyetan of Malayalam; Today is the 71st birthday of Laleton's own Echakka

ഓരോ പിറന്നാള്‍ ആകുമ്പോഴും മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ മലയാളിക്കും. അൻപത് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയ്ക്ക് ലഭിച്ച ഈ അഭിനയ സുകൃതത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഓരോ മലയാളിയും......

മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ....

കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ.


ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാ​ഗ്യം, ചാരുതയാർന്ന അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മനസ്സുകളെ കീഴടക്കിയ അതുല്യ പ്രതി​ഭ, പ്രായത്തിന്റെ പാടുകൾ മനസ്സിനോ  ശരീരത്തിനോ ഏൽക്കാൻ അനുവദിക്കാതെ, പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ നിമിഷവും തെളിയിച്ചു കൊണ്ടിരിക്കുന്ന മലയാളക്കരയുടെ പ്രിയനടൻ മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും ഓരോ മലയാളിക്കും.

1971 ഓ​ഗസ്റ്റിൽ സത്യൻ നായകനായി എത്തിയ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി,  ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ടുണർത്തിയ എത്ര കഥാപാത്രങ്ങൾ, എന്തെന്തു വേഷപ്പകർച്ചകൾ, എത്രയെത്ര അംഗീകാരങ്ങൾ...... ജീവിതം  
എഴുപത്തൊന്നാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ അതിൽ അൻപത്തി ഒന്ന് വർഷവും അഭിനയത്തിനു വേണ്ടി മാത്രം ഉഴിഞ്ഞു വച്ച മഹാജീവിതം. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് പലവട്ടം പറഞ്ഞിട്ടുള്ള മമ്മൂട്ടിയോട് സിനിമയിൽ വലിയൊരു താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, "ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല", എന്നായിരുന്നു മറുപടി പറഞ്ഞത്. 

സിനിമ അല്ലാതെ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല. മറ്റൊന്നും തേടി ഞാൻ പോയിട്ടില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. 

ഒരാഴ്ച മുൻപ് തന്നെ താരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ ആരാധകർ തുടങ്ങിയിരുന്നു. വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അം​ഗങ്ങൾ താരത്തിന്റെ വീടിന് മുന്നിൽ അർദ്ധരാത്രി അണിനിരന്ന്  കേക്ക് മുറിച്ചും ആശംസകൾ അറിയിച്ചും പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

അൻപത് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയ്ക്ക് ലഭിച്ച ഈ അഭിനയ സുകൃതത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഓരോ മലയാളിയും......മമ്മൂട്ടി എന്ന നടനിലൂടെ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയ്ക്ക് അകത്തം പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്.

മോഹന്‍ലാല്‍ 

മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം.ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായി കര്‍മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്‍ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് അദ്ദേഹം. ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‍നേഹം കൊണ്ടും ജ്യേഷ്‍ഠൻ. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം ശബ്‍ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല. ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്‍ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബര്‍ത്‍ഡേ ഇച്ചാക്ക, ലോട്‍സ് ഓഫ് ലവ് ആൻഡ് പ്രേയേഴ്‍സ്.

പൃഥ്വിരാജ്

ഹാപ്പി ബര്‍ത്തിഡേ മെഗാസ്റ്റാര്‍ 

സുരേഷ് ഗോപി

പ്രിയപ്പെട്ട ഇക്കയ്ക്ക് ജന്മദിനാശംസകൾ! ❤️

റസൂൽ പൂക്കൂട്ടി

"മനുഷ്യൻ, ഇതിഹാസം, ഏറ്റവും ലളിതവും ഏറ്റവും മനുഷ്യത്വമുള്ളവനുമായ ഒരേയൊരു മമ്മൂക്ക. നിങ്ങൾ ഉള്ള സാഹോദര്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാ​ഗ്യവാനാണ്. എല്ലാ ചുവടുകളിലും എപ്പോഴും വെളിച്ചം ഉണ്ടാകട്ടെ..", 

ആന്‍റോ ജോസഫ് 

"ഏഴ് എന്ന സംഖ്യയിൽ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. ലോകാദ്ഭുതങ്ങൾ ഏഴ്. സ്വരങ്ങൾ ഏഴ്. കടലുകളും ഏഴ്. എന്തിന് ജീവസ്പന്ദനമായ നാഡികളെക്കുറിച്ച് പറയുമ്പോൾ പോലും ഏഴ് കടന്നു വരുന്നു. കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന ഏഴിൽ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണ്. സെപ്റ്റംബറിലെ ഏഴാം നാൾ പുലരുന്ന ഈ പാതിരാവിൽ എൻ്റെ മുന്നിലെ ഏഴാമത്തെ അദ്ഭുതത്തിനും അതേ പേര്. ഈ നല്ല നിമിഷത്തിൽ ഞാൻ മമ്മൂക്കയ്ക്ക് നന്ദി പറയുന്നു... ഒരുപാട് നല്ല ദിവസങ്ങൾക്ക്.. തന്ന തണലിന്.. ചേർത്തു പിടിക്കലിന്... സഹോദര സ്നേഹത്തിന്... വാത്സല്യത്തിന്.. ഇനിയും ഒരുപാട് ഏഴുകളുടെ കടലുകൾ താണ്ടി മുന്നോട്ടു പോകുക, മമ്മൂക്ക... ആയുരാരോഗ്യത്തിനായി പ്രാർഥനകൾ.."

ആന്‍റണി പെരുമ്പാവൂർ 

 "പ്രിയപ്പെട്ട മമ്മൂട്ടി സാർ, നിങ്ങളുടെ ജന്മദിനത്തിൽ സന്തോഷവും ആരോഗ്യവും നേരുന്നു".

ജഗതി ശ്രീകുമാർ 

ഹൃദയത്തോടെന്നും ചേർന്ന് നിൽക്കുന്ന നിറഞ്ഞ ചിരികൾ. ഒരുപാട് സ്നേഹത്തോടെ ജന്മദിനാശംസകൾ♥️

ബാദുഷ

"എൻ്റെ മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.. ഒരാളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള നിരവധി പേരുണ്ടാകും.. പല രീതിയിൽ. എന്നാൽ ഒരു മനുഷ്യൻ നമ്മെ എല്ലാക്കാര്യത്തിലും സ്വാധീനിക്കുക എന്നത് എത്ര പേരുടെ ജീവിതത്തിൽ സാധ്യമാകും എന്നറിയില്ല. എന്നാൽ എൻ്റെ ജീവിതത്തിൽ, എൻ്റെ എല്ലാ കാര്യങ്ങളിലും ഈ മനുഷ്യൻ എന്ന സ്വാധീനിക്കുകയാണ് വല്ലാതെ .. പ്രിയ മമ്മൂക്കാ .. എൻ്റെ ജീവിതത്തിലെ നിറങ്ങൾ അങ്ങ് നൽകിയതാണ്. കൂടെ നടന്നും ഇടപെട്ടും ഞാൻ നേടിയതാണ്. മമ്മൂക്ക എന്ന നടനേക്കാൾ ഉപരി മമ്മൂക്ക എന്ന വ്യക്തിയെ ഞാൻ എൻ്റെ ഹൃദയത്തോടു ചേർത്തു വച്ചിട്ട് എത്രയോ കാലമായി ..! അത് പൂർണ ശോഭയോടെ ഇനിയും ഇനിയും തിളങ്ങും . അവിസ്മരണീയ കഥാപാത്രങ്ങളായി അങ്ങ് ഞങ്ങളുടെ മുന്നിലേക്ക് ഓടിയണയുമ്പോൾ അവയൊക്കെയും ഈ നാടിന് അഭിമാനകരമാകട്ടെ എന്ന് ആശംസിക്കുന്നു. എൻ്റെ മമ്മൂക്കയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ആയുരാരോഗ്യ സൗഖ്യത്തോടെ എന്നും ഞങ്ങൾക്കൊപ്പം എന്നുമുണ്ടാകാൻ പ്രാർഥിക്കുന്നു"

ബാബു രാജ്

"സിനിമ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിലെ എന്റെ പ്രചോദനം, മാർഗദർശി.. അതിപ്പോ ശരീരം നോക്കുന്ന കാര്യത്തിലായാലും ..ജന്മദിനാശംസകൾ മമ്മൂക്ക".

എംഎം മണി

 " തള്ളേ യെവൻ പുലിയാണ് കേട്ടാ ! വെറും പുലിയല്ല... ഒരു സിംഹം ... മലയാളത്തിന്റെ മഹാനടന് ഇന്ന് 71 ന്റെ ചെറുപ്പം"

Comments

    Leave a Comment