കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു സ്വർണാഭരണ നിർമാണ സ്ഥാപനം ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്.
സ്വർണാഭരണ നിർമാണ മേഖലയില്‍ ഒരു ദശകമായി സജീവസാന്നിധ്യമായ മലപ്പുറത്തെ എജെസി ജ്യൂവൽ മാനുഫാക്ചറേഴ്സ് ലിമിറ്റഡ് ജൂലൈ ഒന്നിന് കമ്പനി ബോംബേ സ്റ്റോക് എക്സ്ചേഞ്ചിൽ എസ്എംഇ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തു.
കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു സ്വർണാഭരണ നിർമാണ സ്ഥാപനം ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. കാസ്റ്റിങ് ആഭരണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനി പ്ലെയിന്‍, സ്റ്റഡഡ്, ജെംസ്, വജ്രാഭരണങ്ങളാണ് നിർമിക്കുന്നത്. വള, പാദസരം, ബ്രേസ് ലെറ്റ്, കമ്മൽ, നെക്ലേസ്, മൂക്കുത്തി, പെൻഡന്റ് എന്നിവയുടെ വിപുലശേഖരം തയാറാക്കുന്നു. ഓഹരി വിപണിയിൽ കേരളത്തിൽ നിന്ന് ഇതിനു മുമ്പ് ലിസ്റ്റ് ചെയ്തിട്ടുള്ള സ്വർണ വ്യാപാര സ്ഥാപനം കല്യാൺ ജൂവലേഴ്സാണ്.
ജൂൺ 23 മുതൽ 26 വരെയായിരുന്നു കമ്പനിയുടെ ഐപിഒ നടന്നത്. ഐപിഒയിലൂടെ സമാഹരിച്ച 15.39 കോടി രൂപയുടെ ഫണ്ട് കമ്പനിയുടെ ബിസിനസ് വിപുലീകരിക്കുന്നതിനും അത്യാധുനിക മെഷിനറികളും ആഭരണ നിർമാണത്തിനുള്ള സാങ്കേതിക വിദ്യയും വാങ്ങുന്നതിന് ഉപയോഗപ്പെടുത്തുമെന്ന് എജെസി ജ്യൂവൽ മാനുഫാക്ചറേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്റഫ് പെരിങ്കടക്കാട് പറഞ്ഞു. നിലവിൽ കേരളത്തിലും തമിഴ്നാട്ടിലുമുള്ള വൻകിട, റീട്ടെയ്ൽ ജ്വല്ലറികൾക്കാണ് ആഭരണങ്ങൾ വിതരണം ചെയ്യുന്നത്. വിപണി വടക്കേയിന്ത്യയിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനും ദുബായിലേയ്ക്കുള്ള കയറ്റുമതി വിപുലമാക്കാനുമുള്ള തയാറെടുപ്പിലാണെന്നും അഷ്റഫ് കൂട്ടിചേർത്തു.
എജെസി ജ്യൂവൽ സംസ്ഥാന സർക്കാരിന്റെ മിഷൻ 1000 പദ്ധതിയിൽ ഉൾപ്പട്ടിട്ടുള്ളതിനാൽ മെഷിനറി വാങ്ങുക, ഫാക്ടറി നിർമിക്കുക തുടങ്ങിയ മൂലധന അധിഷ്ഠിത നിക്ഷേപങ്ങൾക്ക് 40 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. ഈ പദ്ധതി ഭാവി വിപുലീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളർച്ചാസാധ്യതയുള്ള കമ്പനികളുടെ വിറ്റുവരവ് 1000 കോടിയാക്കുന്നതിന് സർക്കാർ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് മിഷൻ 1000.
ഈവർഷം അവസാനത്തോടെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓൺലൈൻ വ്യാപാര സൗകര്യം ഒരുക്കുമെന്ന് അഷ്റഫ് വ്യക്തമാക്കി. നിലവിൽ ബിസിനസ് പങ്കാളികൾക്ക് മാത്രമാണ് ഓൺലൈന്‍ വ്യാപാരത്തിന് അവസരമുള്ളത്. ഓർഡർ മാനേജമെന്റ് സിസ്റ്റം (ഒഎംഎസ്) എന്ന ഓൺലൈന്‍ പ്ലാറ്റ് ഫോമിലൂടെ ആഭരണങ്ങൾ ഓർഡര്‍ ചെയ്യുന്ന വ്യാപാരികൾക്ക് ആഭരണ നിർമാണം മുതൽ ഡെലിവറി ലഭിക്കുന്നതുവരെ യുള്ള ഓരോഘട്ടവും കൃത്യമായി അറിയാനാകും.
English Summary
AJC Jewel Manufacturers Limited, based in Malappuram, Kerala, made history as the first gold jewellery manufacturer from the state to be listed on the Bombay Stock Exchange. Since AJC Jewel is included in the state government's Mission 1000 scheme, it will receive a 40 percent government subsidy for capital-based investments such as purchasing machinery and building a factory.
Comments