തൃപ്പൂണിത്തുറയിൽ ഇക്കുറി യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തിയേക്കും.

Thrippunuthura Assembly Election 2026

ഇനി മത്സര രംഗത്തുണ്ടാകില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് എംഎൽഎ കെ. ബാബു മാതൃകാപരമായി കളം ഒഴിയുന്നതോടെ കൂട്ടലും കഴിക്കലും അവകാശവാദങ്ങളുമായി പുതിയതും പരിചിതവുമായ നിരവധി പേരുകൾ രാഷ്ട്രീയ ചർച്ചകളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങി.

എത്ര വലിയ കുത്തൊഴുക്കും രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും എറണാകുളം ജില്ലയിൽ യുഡിഎഫിൻറെ ആധിപത്യം വളരെ വിരളമായി മാത്രമേ കൈവിട്ട് പോകാറുള്ളൂ. വലതുപക്ഷ മുന്നണിക്കൊപ്പം നിൽക്കുന്ന ജില്ലയെന്ന പൊതുവായ ധാരണക്കും പൂർവ്വകാല ചരിത്രത്തിനും ഇതാണ് അടിസ്ഥാനം.
 
എന്നാൽ, യുഡി എഫ് ശക്തി കേന്ദ്രങ്ങൾ എന്നതിനപ്പുറം ചില മണ്ഡലങ്ങളിൽ സാമുദായിക പിന്തുണയും സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലെ ആഴത്തിലുള്ള ബന്ധങ്ങളും വിജയിച്ചു കയറുന്നതിൻറെ നിർണായക ചവിട്ടുപടിയാകളാകാറുണ്ട്. ഇത്തരത്തിലുള്ള ജില്ലയിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നാണ് കൊട്ടാര നഗരമായ തൃപ്പൂണിത്തറ. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ് അങ്കമാലിയിൽ നിന്നെത്തി കഴിഞ്ഞ 35 വർഷങ്ങളായി തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉറച്ചുനിന്ന നിലവിലെ എംഎൽഎ കെ. ബാബു. ഒരിക്കൽ മാത്രം പരാജയപ്പെട്ടതൊഴിച്ചാൽ ബാക്കിയുള്ള കാലയളവിൽ ശക്തമായ രാഷ്ട്രീയ സാന്നിധ്യമാണ് അദ്ദേഹം നിലനിർത്തിയത്. 

ഇനി മത്സര രംഗത്തുണ്ടാകില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് മാതൃകാപരമായി കളം ഒഴിയുകയാണ് എംഎൽഎ. ഇതോടെ കൂട്ടലും കഴിക്കലും അവകാശവാദങ്ങളുമായി പുതിയതും പരിചിതവുമായ നിരവധി പേരുകൾ രാഷ്ട്രീയ ചർച്ചകളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങി. പതിവുപോലെ സാങ്കൽപ്പിക സ്ഥാനാർത്ഥികളെ അവതരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയും സജീവമാണ്. സിനിമാതാരം രമേഷ് പിഷാരടി, കോൺഗ്രസ് പ്രാദേശിക - സംസ്ഥാന നേതാക്കളായ പി. എസ്. ബാബുറാം, രാജു പി. നായർ, അജയ് തറയിൽ എന്നിവരുടെ പേരുകളടങ്ങിയ സാധ്യതാപട്ടികയാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. ഇതിൽ ബാബുറാമിൻറെ പേരാണ് ഏറ്റവും മുൻപന്തിയിലുള്ളതെന്ന് ജില്ലയിലെ ചില യുഡിഎഫ് കേന്ദ്രങ്ങളും മണ്ഡലത്തിലെ ഒരു വിഭാഗവും പറയുന്നുണ്ട്.
  
താരപരിവേഷവും കോൺഗ്രസ് പാർട്ടിയിലെ ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിൻറെ താരപ്രചാരകനായിരുന്നതുമെല്ലാം പാലക്കാട് ആലത്തൂർ കുട്ടനൂർ സ്വദേശി ടി.വി രമേഷ് എന്ന രമേഷ് പിഷാരടിക്ക് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. അതേസമയം മണ്ഡലത്തിന് പുറത്തുനിന്നുള്ള വ്യക്തിയാണെന്നതും താഴെത്തട്ടിലെ നേതാക്കളുമായും പ്രവർത്തകരുമായും അടുത്ത ബന്ധമില്ലെന്നതും അദ്ദേഹത്തിന് പ്രതികൂല ഘടകങ്ങളാകാനും സാധ്യതയുണ്ട്.
  
ബ്ലോക്ക് പഞ്ചായത്ത് അംഗവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻറെ മനസാക്ഷി സൂക്ഷിപ്പുകാരനുമായി അറിയപ്പെടുന്ന രാജു പി. നായരാണ് സ്ഥാനാർത്ഥി പട്ടികയിലെ മറ്റൊരു പേര്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നേരത്തെ പ്രചാരണം ആരംഭിച്ചതെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ പാർട്ടിക്കുള്ളിൽ ഉയരുന്നത് പ്രതികൂല ഘടകമായേക്കാം. സതീശൻറെ മൗനാനുവാദമുണ്ടെന്ന നാട്ടിലെ സംസാരവും ശക്തമായ സാമുദായിക വേർതിരിവുകളും രാജുവിന് വെല്ലുവിളിയാകും.

സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ അജയ് തറയിലിൻറെ പേരാണ് പറഞ്ഞു കേൾക്കുന്നതിൽ മറ്റൊന്ന്. കെപിസിസി ഉന്നതാധികാരസമിതി അംഗവും പാർട്ടിയിലെ തലമുതിർന്ന നേതാക്കളുമായുള്ള അടുത്ത ബന്ധവും മത്സരിച്ചുള്ള മുൻപരിചയവുമാണ് സാധ്യതയുണ്ടെന്ന് പറയുന്നവർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. എന്നാൽ ഇപ്പോൾ വലിയ വിവാദമായിരിക്കുന്ന ആരോപണങ്ങൾ നിലനിൽക്കുന്നത് ഇദ്ദേഹത്തിന് തിരിച്ചടിയാകുമെന്നാണ് മറു വിഭാഗത്തിൻറെ അവകാശവാദങ്ങൾ.
  
മുൻ മരട് മുനിസിപ്പൽ ചെയർമാൻ ആൻറണി ആശാൻ പറമ്പിലിൻറെ പേരും പരിഗണനയിലുണ്ടെന്നും പറയുന്നുണ്ട്. എന്നാൽ അന്തിമഘട്ടത്തിൽ ജയസാധ്യത, ഗ്രൂപ്പ് സമവാക്യങ്ങൾ, സീനിയർ നേതാവായ കെ. ബാബുവിൻറെ താൽപര്യം എന്നിവയാണ് കോൺഗ്രസ് നേതൃത്വം പ്രധാനമായി പരിഗണിക്കുക. ഇതിനിടെ എൽഡിഎഫും ബിജെപിയും പ്രമുഖരെ രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള ശക്തമായ അണിയറ നീക്കങ്ങൾ ആരംഭിച്ചതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു

Comments

    Leave a Comment