റേഷൻ കടകൾ നാളെ മുതൽ വീണ്ടും തുറക്കും ; ഇ പോസ് സർവർ തകരാർ പരിഹരിച്ചു.

Ration shops will reopen from tomorrow; E-POS server crash fixed. representative image

മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം. ഏഴ് ജില്ലകളിൽ രാവിലെയും അവശേഷിക്കുന്ന ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ കടകളുടെ പ്രവർത്തനം. 2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. 

ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ ആണ് പുതിയ അറിയിപ്പ്. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാൻ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ റേഷൻ കടകൾ സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് അടച്ചിട്ടത്.

നിലവിലെ സര്‍‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചതായും ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം നാളെ മുതല്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. 

എന്നാൽ മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ രാവിലെയും അവശേഷിക്കുന്ന ഏഴ്  ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ കടകളുടെ പ്രവർത്തനം. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നാളെ രാവിലെ 8 മണി മുതല്‍ 1 മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ച്യ്ക്ക് 2 മണി മുതല്‍ 7 മണി വരെയുമാണ് റേഷന്‍ വിതരണം നടക്കുന്നത്. 

2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്നങ്ങള്‍ ഉണ്ടായാൽ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Comments

    Leave a Comment