പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
ധാക്ക: കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു. എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും.
ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ദില്ലിയിലെ ഹിൻഡൻ വ്യോമസേന താവളത്തിൽ ഇറങ്ങിയത്. രാജ്യത്ത് കലാപം കത്തിപ്പടർന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ നൂറ് കണക്കിന് പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. ഔദ്യോഗിക വസതിയായ ഗനഭബന്റെ നിയന്ത്രണം പ്രക്ഷോഭകാരികൾ പിടിച്ചെടുത്തു.
76 കാരിയായ ഷെയ്ഖ് ഹസീന ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് വീണ്ടും അധികാരത്തിൽ എത്തിയത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും മറ്റൊരു പ്രധാന സംഘടനയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാർത്ഥി സംഘടനകളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് രാജ്യത്ത് നിരോധനമാണ്. ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് സർക്കാർ ജോലികളിൽ നൽകിയിരുന്ന 30 ശതമാനം സംവരണം ഭരണകക്ഷിയായ അവാമി ലീഗിന്റെ അനുയായികൾ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ പേരിലാണ് സംവരണ വിരുദ്ധ സമരം തുടങ്ങിയത്. വിവാദ സംവരണം സുപ്രീംകോടതി റദ്ദാക്കിയതോടെ അടങ്ങിയ പ്രക്ഷോഭം പക്ഷെ ദിവസങ്ങൾക്കകം ഹസീനയുടെ രാജി എന്ന ആവശ്യവുമായി വീണ്ടും കത്തിപ്പടർന്നു.
ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. . മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി വഖാറുസമാൻ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണയും അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകി.
ഇന്ത്യാക്കാർക്കായി ഹെൽപ്ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591.
Comments