എടിഎം പിൻവലിക്കൽ ചാർജ് മുതൽ വാടക പേയ്മെന്റുകൾ വരെ, അറിയേണ്ടതെല്ലാം
ഇന്ന് മുതൽ (ജൂലൈ 1) സാമ്പത്തിക കാര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. റെയിൽവേ, നികുതി, ബാങ്കിംഗ് മേഖലകളിലായി നിരവധി പുതിയ നിയമങ്ങളാണ് പ്രാബല്യത്തിലായത്. നിരവധി കാര്യങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണ്.
ജിഎസ്ടിആർ-3ബി റിട്ടേണുകൾ ഇനി മാറ്റിയെഴുതാൻ കഴിയില്ല: ജൂലൈ മുതൽ ജിഎസ്ടിആർ-3ബി റിട്ടേണുകൾ ഒരിക്കൽ ഫയൽ ചെയ്താൽ മാറ്റിയെഴുതാൻ കഴിയില്ലെന്ന് ജിഎസ്ടിഎൻ അറിയിച്ചു.
പാൻ കാർഡിന് ആധാർ നിർബന്ധം:
വോട്ടർ ഐഡി കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് പാൻ എടുത്തിരുന്ന പഴയ രീതി മാറി ഇന്ന് മുതൽ പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാകുന്നതാണ്.
റെയിൽവേ തത്കാൽ ടിക്കറ്റിനും ആധാർ:
ഇന്ന് മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെങ്കിൽ ആധാർ വഴിയുള്ള വെരിഫിക്കേഷൻ നിർബന്ധമാണ്. ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ മാറ്റം ബാധകമാകും. ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷനും ഉടൻ നിലവിൽ വരുന്നതാണ്.
റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ്:
ജൂലൈ 1 മുതൽ ട്രെയിൻ യാത്രാ നിരക്കുകളിൽ നോൺ-എസി ക്ലാസുകളിൽ മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് 1 പൈസയുടെയും എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയുടെയും വർദ്ധനവ്.
റെയിൽവേ വെയിറ്റിംഗ് ലിസ്റ്റ് ചാർട്ട് :- ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ചാർട്ട് തയ്യാറാക്കിയിരുന്ന വെയിറ്റിംഗ് ലിസ്റ്റ് ചാർട്ട് ജൂലൈ 1 മുതൽ 8 മണിക്കൂർ മുൻപ് തയ്യാറാക്കും. ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് മറ്റ് യാത്രാ ക്രമീകരണങ്ങൾ നടത്താൻ ഉപകാരപ്രദമാകും.
വിവിധ ബാങ്കിങ് നിയമങ്ങളിലെ മാറ്റം
എസ്ബിഐ ക്രെഡിറ്റ് കാർഡ്: ജൂലൈ 15 മുതൽ ചില പ്രീമിയം ക്രെഡിറ്റ് കാർഡുകൾക്ക് (എലൈറ്റ്, പ്രൈം) ഉണ്ടായിരുന്ന സൗജന്യ എയർ ആക്‌സിഡന്റ് ഇൻഷുറൻസ് ഇല്ലാതാകുന്നതോടൊപ്പം ക്രെഡിറ്റ് കാർഡ് ബില്ലുകളിലെ മിനിമം തുക കണക്കാക്കുന്ന രീതിയും മാറ്റുന്നു. ജിഎസ്ടി, ഇഎംഐ, പ്രോസസ്സിംഗ് ഫീസ് എന്നിവയെല്ലാം ഇനി മിനിമം തുകയിൽ ഉൾപ്പെടുമെന്നതിനാൽ പ്രതിമാസ മിനിമം പേയ്മെന്റ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് : ജൂലൈ 1 മുതൽ ചില ഡിജിറ്റൽ ഇടപാടുകൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് സർവ്വീസ് ചാർജ് ഈടാക്കും.
വാടക പേയ്മെന്റുകൾക്ക് 1% ഫീസ്.
10,000-ന് മുകളിലുള്ള വാലറ്റ് റീലോഡുകൾക്ക് 1% ഫീസ്.
50,000-ന് മുകളിലുള്ള യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾക്ക് 1% ഫീസ്.
10,000-ന് മുകളിലുള്ള ഗെയിമിംഗ് ഇടപാടുകൾക്ക് 1% ഫീസ്.
ഓരോ ഇടപാടിനും പരമാവധി 4,999 ആയിരിക്കും ചാർജ്.
ഐസിഐസിഐ ബാങ്ക് : എടിഎം ഇടപാടുകൾ, ഐഎംപിഎസ് ഫീസ്, ബാങ്ക് ശാഖകളിലെ പണമിടപാടുകൾ എന്നിവയുടെ ചാർജുകൾ ഐസിഐസിഐ ബാങ്ക് വർദ്ധിപ്പിക്കുന്നു. സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതൽ ചാർജ് നൽകേണ്ടിവരും.
ആക്‌സിസ് ബാങ്ക് : എടിഎം ഇടപാടുകൾക്ക്, പ്രത്യേകിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, ഫീസ് വർദ്ധിപ്പിക്കുന്നു. ഇനി മുതൽ ഒരു ഇടപാടിന് 23 രൂപ വരെ ഈടാക്കും.
Comments