ലേറ്റ് ഫീയോടുകൂടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.ബിസിനസുകൾക്ക് ഈ ആനുകൂല്യമില്ല.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വരുമാന പ്രകാരമുള്ള അഥവാ നടപ്പു അസസ്മെന്റ് വർഷം (2024-25) പ്രകാരമുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമതീയതി ജനുവരി 15ലേക്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) നീട്ടി.
വ്യക്തികൾക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകൾക്ക് ഈ ആനുകൂല്യമില്ല. ലേറ്റ് ഫീയോടുകൂടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്. ഇന്നായിരുന്നു സമയം അവസാനിക്കേണ്ടിയിരുന്നത്. പിഴയില്ലാതെ റിട്ടേൺ സമർപ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതൽ വിവരങ്ങൾ ചേർത്തും തെറ്റുകൾ തിരുത്തിയുമുള്ള പുതുക്കിയ റിട്ടേണുകളും ഇനി ജനുവരി 15നകം സമർപ്പിച്ചാൽ മതി.
വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ. ആദായനികുതി ബാധ്യതയില്ലെങ്കിലും വാർഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കിൽ നിർബന്ധമായും റിട്ടേൺ ഫയൽ ചെയ്യണം. റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും. പിന്നാലെ പിഴയും അടയ്ക്കേണ്ടി വരും. ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാത്തവർക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസ്സമുണ്ടാകുന്നതാണ്.
Comments