സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍ത്തു; എല്‍കര്‍ ഐജെ എയര്‍ ഇന്ത്യയിലേക്കില്ല.

Sangh Parivar organizations opposed; Ilker Ayci will not join Air India.

തുര്‍ക്കി രാഷ്ട്രീയവുമായി എല്‍കര്‍ ഐജെക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയിട്ടുള്ള നിയമനത്തിനെതിരെ ആര്‍എസ്എസും സംഘ്പരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ ഐജെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ടാറ്റ സ്ഥിരീകരിച്ചു. ബിസിനസുകാരന്‍ എന്ന നിലയില്‍ തൊഴില്‍ ഉയര്‍ച്ച മാത്രമാണ് എന്റെ ലക്ഷ്യമെന്നും വിവാദമുണ്ടായ സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും എല്‍കര്‍ ഐജ പ്രസ്താവനയില്‍ പറഞ്ഞു.

ദില്ലി: ഫെബ്രുവരി 14 ന് എല്‍കര്‍ ഐജെ (Ilker Ayci) യെ എയര്‍ ഇന്ത്യ(Air India) യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (CEO) ആയി നിയമിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് (Tata Group) പ്രഖ്യാപിച്ചിരുന്നു. എന്നാൽ എയര്‍ ഇന്ത്യയിലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നതായി അറിഞ്ഞുവെന്നും വിവാദമുണ്ടായ സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും എല്‍കര്‍ ഐജെ പ്രസ്താവനയില്‍ പറഞ്ഞു.

തുര്‍ക്കി സ്വദേശിയായ എല്‍കര്‍ ഐജെയുടെ എയർ ഇന്ത്യയിലെ നിയമന വാർത്തകൾ പുറത്തു വന്നയുടനെ സംഘ്പരിവാര്‍ സംഘടനകളും ആര്‍എസ്എസും (RSS) തുര്‍ക്കി രാഷ്ട്രീയവുമായി എല്‍കര്‍ ഐജെക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ രംഗത്തെത്തി. 2022 ജനുവരി 26നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ സ്ഥാനം ഐജെ രാജിവച്ചത്. ബിസിനസുകാരന്‍ എന്ന നിലയില്‍ തൊഴില്‍ ഉയര്‍ച്ച മാത്രമാണ് എന്റെ ലക്ഷ്യമെന്നും വിവാദമുണ്ടായ സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും എല്‍കര്‍ ഐജ പ്രസ്താവനയില്‍ പറഞ്ഞു.ഐജെ സ്ഥാനം ഏറ്റെടുക്കില്ലെന്ന്  ടാറ്റയും സ്ഥിരീകരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴത്തെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ 1994ല്‍ ഇസ്താംബുള്‍ മേയര്‍ ആയിരുന്നപ്പോള്‍ ഐജെ ഉപദേശകനായിരുന്നുവെന്നാണ് ആര്‍എസ്എസ് ഉയര്‍ത്തിക്കാട്ടിയ പ്രധാന ആരോപണം. എന്‍ഡിടിവിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1971ല്‍ ഇസ്താംബൂളിൽ ജനിച്ച എല്‍കര്‍ ഐജെ ബില്‍കെന്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വകുപ്പിൽ  1994 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ബില്‍കെന്റ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് എല്‍കര്‍. 1995- ല്‍ യു കെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1997-ല്‍ ഇസ്താംബൂളിലെ മര്‍മര യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാസ്റ്റേഴ്സ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. 

2022 ഏപ്രില്‍ 1 ന് മുമ്പായി എയര്‍ ഇന്ത്യ എംഡിയായി എല്‍കര്‍ ഐജെ സ്ഥാനം ഏറ്റെടുക്കുമെന്ന് ഫെബ്രുവരി 14നാണ് എയര്‍ ഇന്ത്യയുടെ പുതിയ ഉടമകളായ ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നത്. 2015 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരിക്കെ അദ്ദേഹം. തുര്‍ക്കിയുടെ വിമാന കമ്പനിയെ ആധുനിക വത്കരിച്ച വ്യക്തിയായാണ് അറിയിപ്പെടുന്നത്.  ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പങ്കെടുത്ത ബോര്‍ഡി മീറ്റിംഗിലാണ് എല്‍കര്‍ ഐജെയുടെ നിയമനം അംഗീകരിച്ചത്. എയർ ഇന്ത്യയിലേക്കില്ല എന്ന ഐജയുടെ തീരുമാനം എയര്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. 

2020 ഡിസംബറിൽ നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും തുടർന്ന്പ തിനെട്ടായിരം കോടി രൂപയ്ക്ക്  ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കുകയും ചെയ്തു. ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ  തുടര്‍ന്ന് നാല് കമ്പനികള്‍ മുന്നോട്ട് വന്നിരുന്നുവെങ്കിലും അവസാന റൗണ്ടിലെത്തിയത് സ്‌പൈസ് ജെറ്റും ടാറ്റയുമായിരുന്നു. അവസാന റൗണ്ടിൽ സ്‌പൈസ് ജെറ്റിനെ മറികടന്ന്  ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

എല്‍കര്‍ ഐജെയുടെ നിയമനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയില്‍ വിദേശ പൗരന്മാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

Comments

    Leave a Comment