സെപ്തംബര്‍ 21 ആം തിയതി അര്‍ധരാത്രി 12 മണിവരെ പഴയ വിലയിലും 22 ആം തിയതി മുതല്‍ പുതിയ നിരക്കിലുമാണ് സാധനങ്ങള്‍ വില്‍ക്കേണ്ടത്. വളരെ വലിയ പ്രായോഗിക ബുദ്ധിമുട്ടാണ് ഇതു മൂലം നേരിടേണ്ടി വരുന്നത്.
പുതിയ ജിഎസ്ടി നിരക്ക് പ്രകാരമാണ് സെപ്തംബര്‍ 22 മുതല്‍ തങ്ങള്‍ സാധനങ്ങള്‍ വില്‍ക്കുന്നതെന്നും എന്നാല്‍ പിഴവുകള്‍ ഇല്ലാതെ പുതിയ നിരക്ക് പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിക്കണമെന്നും ഓള്‍ കേരള സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ്, ട്രഷറര്‍ അരുണ്‍ അരവിന്ദ്, വൈസ് പ്രസിഡന്റുമാരായ പി എം അഷറഫ്, റാഫി മുടവന്‍കാട്, ജോയിന്റ് സെക്രട്ടറി അബ്ദുള്‍ സലാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
20,000 മുതല്‍ 35,000 വരെ സാധനങ്ങളാണ് സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത്രയും സാധനങ്ങളാണ് തരംതിരിച്ച് പുതിയ ജിഎസ്ടി നിരക്കു പ്രകാരമുള്ള വിലയിലേക്ക് മാറ്റേണ്ടത്. സെപ്തംബര്‍ 21 ആം തിയതി അര്‍ധരാത്രി 12 മണിവരെ പഴയ വിലയിലും 22 ആം തിയതി മുതല്‍ പുതിയ നിരക്കിലുമാണ് സാധനങ്ങള്‍ വില്‍ക്കേണ്ടത്. വളരെ വലിയ പ്രായോഗിക ബുദ്ധിമുട്ടാണ് ഇതു മൂലം നേരിടേണ്ടി വരുന്നത്.
രണ്ടാഴ്ചയെങ്കിലും കട പൂട്ടിയിട്ട് ജോലി ചെയ്താല്‍ മാത്രമെ ഇത്രയും സാധനങ്ങള്‍ പിഴവുകളില്ലാതെ പുതിയ ജിഎസ്ടി പ്രകാരമുള്ള വിലയിലേക്ക് മാറ്റാന്‍ കഴിയു. എന്നാല്‍ ഇത്രയും ദിവസം കട പൂട്ടിയിടുകയെന്നത് സാധിക്കാത്ത കാര്യമായതിനാല്‍ നിലവില്‍ രാപ്പകല്‍ ജോലി ചെയ്ത് 90 ശതമാനത്തിലധികം സാധനങ്ങളുടെയും വില പുതിയ ജിഎസ്ടി നിരക്ക് പ്രകാരം പൊതുതത്വം ഉപയോഗിച്ച് പുനര്‍നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തതിനാല്‍ സാധനങ്ങളുടെ ജിഎസ്ടി കൃത്യമായി തരംതിരിക്കാനുള്ള സാവാകാശം ലഭിക്കാത്തതിനാല്‍ പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഇത് തിരുത്തി പുതിയ ജിഎസ്ടിയുടെ ആനൂകൂല്യം കൃത്യമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഒരു മാസത്തെ സാവകാശം സര്‍ക്കാര്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സെപ്തംബര്‍ 22 നു ശേഷം കമ്പനികളില്‍ നിന്നും വരുന്ന ഉല്‍പ്പന്നങ്ങളുടെ വില പുതിയ ജിഎസ്ടി പ്രകാരമായിരിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പഴയ ജിഎസ്ടി പ്രകാരമുള്ള വിലയിലാണ് സാധനങ്ങള്‍ അവര്‍ തന്നുകൊണ്ടിരിക്കുന്നതെന്നും ഇതും പ്രായോഗിക ബുദ്ധമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഷോപ്പുടമകള്‍ സാധനങ്ങളുടെ വില പുതിയ ജിഎസ്ടിയിലേക്ക് മാറ്റി വില്‍ക്കുന്നതിന് പകരം ഒരോ ഉല്‍പ്പന്നങ്ങളുടെയും വില പുതിയ ജിഎസ്ടി പ്രകാരം അതാത് കമ്പനികള്‍ നിശ്ചയിച്ച് വിതരണം ചെയ്യുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് വലിയ ആശ്വാസമായിരിക്കും.
ചില കമ്പനികള്‍ യൂണിറ്റ് പ്രൈസ് കൂട്ടി പഴയ എംആര്‍പിയില്‍ തന്നെ ഇപ്പോഴും സാധനങ്ങള്‍ തരുന്നുണ്ട്. ഇതുമൂലം പുതിയ ജിഎസ്ടി നിരക്കിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടാത്ത സാഹചര്യമുണ്ട്. ആശയകുഴപ്പം പരിഹരിക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളില്‍ സാധനങ്ങളുടെ പുതിയ എംആര്‍പി ലിസ്റ്റ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.











Comments