പുതിയ ഥാറിനെ പുറത്തിറക്കി മഹീന്ദ്ര.

Mahindra launches new Thar.

അഞ്ച് മോഡലുകളിലായി പെട്രോൾ, ‍‍ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന പുതിയ ഥാറിന്റെ അടിസ്ഥാന മോഡലിന് നിലവിലെ മോഡലിനെക്കാൾ ഏകദേശം 32000 രൂപ കുറവാണ്.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും മാറ്റങ്ങളുമായി മഹീന്ദ്രയുടെ പുതിയ 3 ഡോർ ഥാർ വിപണിയിലെത്തി. ഹാർ‍ഡ് ടോപ്പിൽ മാത്രമായിരിക്കും പുതിയ ഥാർ ലഭിക്കുക. 

അഞ്ച് മോഡലുകളിലായി പെട്രോൾ, ‍‍ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന ഥാറിന്റെ വില 9.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന മോഡലിന് നിലവിലെ മോഡലിനെക്കാൾ ഏകദേശം 32000 രൂപ കുറവാണ്.

എക്സ്റ്റീരിയറിന് ഒറ്റ നോട്ടത്തിൽ വലിയ മാറ്റങ്ങൾ തോന്നില്ല എങ്കിലും ബോഡി കളേർഡ് ഗ്രിൽ, ഡ്യുവൽ ടോൺ മുൻ ബംബർ, പുതിയ രണ്ട് നിറങ്ങൾ എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ. പിൻഭാഗത്ത് പാർക്കിംഗ് ക്യാമറയും റിയർ വാഷറും വൈപ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ സീറ്റിൽ നിന്നുതന്നെ ഇന്ധന ടാങ്കിന്റെ അടപ്പ് തുറക്കാൻ ഒരു സ്വിച്ച് നൽകിയിട്ടുണ്ട്. അലോയ് വീലിന്റെ രൂപകൽപന പഴയതുപോലെ തന്നെ നിലനിർത്തി. 

ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും സഹിതമുള്ള 10.25 ഇഞ്ച് ടച്ച്സ്ക്രീൻ യൂണിറ്റ്, സ്‌ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, പിന്നിലെ എസി വെന്റുകൾ എന്നിവയുണ്ട്. ഈ ടച്ച് ഡിസ്‌പ്ലേയിൽ, 'അഡ്വഞ്ചർ സ്റ്റാറ്റ്‌സ്' എന്നതിൽ ഉയരം, ബാങ്ക് ആംഗിൾ, പിച്ച്, യാവ് ആംഗിളുകൾ തുടങ്ങി വിവിധ പാരാമീറ്ററുകളും പ്രദർശിപ്പിക്കുന്നുണ്ട്. 

ഥാറിന് നൽകിയിരിക്കുന്ന പുതിയ ഡാഷ്ബോർഡ് തീം കൂടാതെ പുതിയ സ്റ്റിയറിങ് വീല്‍, റയർ എസി വെന്റുകൾ എന്നിവ നൽകിയിരിക്കുന്നു. എ പില്ലറിൽ ഘടിപ്പിച്ച ഗ്രാബ്-ഹാൻഡിലുകൾ ക്യാബിനകത്ത് കയറുന്നത് കുറച്ചുകൂടി എളുപ്പമായിരിക്കുന്നു. മുമ്പ് ഇത് ഗിയർ ലിവറിന് സമീപമായിരുന്ന പവർ വിൻഡോ സ്വിച്ചുകൾ പുതിയ മോഡലിൽ ‍ഡോർ പാനലിലാണ്.

എല്ലാ എൻജിനുകൾക്കും 6-സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡ് ആണ്. കൂടാതെ പെട്രോൾ, 2.2 ലീറ്റർ ഡീസൽ മോട്ടോറുകൾക്ക് അധികമായി ഒരു 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുന്നതാണ്. 152 ബിഎച്ച്പി കരുത്തുള്ള, 2 ലീറ്റർ ടർബോ-പെട്രോൾ എൻജിൻ, 119 ബിഎച്ച്പി കരുത്തുള്ള 1.5-ലീറ്റർ ടർബോ-ഡീസൽ എൻജിൻ, 132 ബിഎച്ച്പി കരുത്തുമായി വരുന്ന 2.2-ലീറ്റർ ടർബോ-ഡീസൽ എൻജിൻ എന്നിവയാണ് ഓപ്ഷനുകൾ.  

വേരിയന്റ് തിരിച്ചുള്ള വിലകൾ

ഡീസൽ (D117 CRDe)

∙ AXT RWD MT – 9.99 ലക്ഷം രൂപ

∙ LXT RWD MT – 12.19 ലക്ഷം രൂപ

ഡീസൽ (2.2L mHawk)

∙ LXT 4WD MT – 15.49 ലക്ഷം രൂപ

∙ LXT 4WD AT – 16.99 ലക്ഷം രൂപ

പെട്രോൾ (2.0L mStallion)

∙ LXT RWD AT – 13.99 ലക്ഷം രൂപ

∙ LXT 4WD MT – 14.69 ലക്ഷം രൂപ

∙ LXT 4WD AT – 16.25 ലക്ഷം രൂപ

Content : Mahindra's new 3-door Thar has hit the market with changes to both the interior and exterior. The Thar, available in five models with petrol and diesel engines, is priced between Rs 9.99 lakh and Rs 16.99 lakh.


Comments

    Leave a Comment