ഉദ്ഘാടനം ജനുവരി 31 ന് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കും
കൊച്ചി : മരണാനന്തര അവയവ ദാനത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികളുടെ പ്രചരണാര്‍ത്ഥവും റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍, ഐ.എം.എ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3205, എം.ജി യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള, കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍, കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ) എന്നിവരുടെ സഹകരണത്തോടെ ഈ മാസം 31 ന് (31.01.2026 ശനി) എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 'റിപ്പിള്‍സ് ഓഫ് ലൈഫ് ' പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്റ്റ് കോഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ കെ.മത്തായി, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള സ്‌റ്റേറ്റ് ട്രഷറര്‍ ബാബു കുരുവിള, ഐ.എം.എ കൊച്ചി ട്രഷറര്‍ ഡോ. ബെന്‍സിര്‍ ഹുസൈന്‍, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള സെക്രട്ടറി വിനു വി നായര്‍, റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍ പ്രസിഡന്റ് മേജര്‍ സൂസി പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അവയവാദാനം നടത്തിയവരുടെ ബന്ധുക്കളുടേയും, സ്വീകരിച്ചവരുടേയും സംഗമം, മരണാനന്തര അവയവദാനം നടത്തുന്നതിനുള്ള സമ്മതിദാന പ്രതിജ്ഞ എടുക്കല്‍, കെ. സോട്ടോയുടെ പോര്‍ട്ടലില്‍ മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷനെക്കുറിച്ചുള്ള വിശദീകരണം, ആരോഗ്യവിദഗ്ദരുടെ പ്രഭാഷണം, ചര്‍ച്ച, ഷോര്‍ട്ട് ഫിലിം, സ്‌കിറ്റ് മല്‍സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികളോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ദിനേശ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രാവിലെ 10ന് നടക്കുന്ന പ്രഭാഷണത്തോടെ ആരംഭിക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം 11.30ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കും. കൊച്ചി മേയര്‍ വി.കെ മിനി മോള്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.രാജീവ് മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടറും മെമ്പര്‍ സെക്രട്ടറിയുമായ ഡോ. നോബിള്‍ ഗ്രേഷ്യസ്, എം.ജി യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫ. ഇ.എന്‍.ശിവദാസന്‍, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള സ്‌റ്റേറ്റ് ട്രഷറര്‍ ബാബു കുരുവിള, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ആര്‍.എസ്.സി സെക്രട്ടറി എസ്.എ.എസ് നവാസ്, റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണര്‍ ഡോ. ജി.എന്‍ രമേഷ്്, റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍ പ്രസിഡന്റ് മേജര്‍ സൂസി പോള്‍, റോട്ടറി ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ.സുനില്‍ കെ.മത്തായി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
തുടര്‍ന്ന് 'നേര്‍ക്കാഴ്ച'' മസ്തിഷക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത വ്യക്തികളുടെ കുടുംബാംഗങ്ങളും സ്വീകര്‍ത്താക്കളും പങ്കെടുക്കുന്ന പ്രോഗ്രാമിന് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള സെക്ട്രടറി വിനു വി. നായര്‍ നേതൃത്വം നല്‍കും. സംഗമത്തിന്റെ ഭാഗമായി എന്‍.എസ്. എസ് വോളന്റീയേഴ്‌സായിട്ടുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായി 'ഞാന്‍ ജീവനേകുന്നു'' എന്ന പ്രമേയത്തില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം മല്‍സരം, 'അവയവദാനം ഞാനും എന്റെ കുടുംബവും'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌കിറ്റ് മല്‍സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് മല്‍സരങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്കുള്ള ക്യാഷ് െ്രെപസ് 31 ന് നടക്കുന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. എസ്. സുധീന്ദ്രന്‍ എന്നിവര്‍ വിതരണം ചെയ്യും. സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുടെ 'ആത്മതാളം'' ഡാന്‍സ് പ്രോഗ്രാമും ചടങ്ങില്‍ ഉണ്ടായിരിക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ റെക്കോര്‍ഡ് ചെയ്ത് സ്‌കിറ്റും, ഷോര്‍ട്ട് ഫിലിമുകളും ജനുവരി 21നുള്ളില്‍ സംഘാടകര്‍ മുമ്പാകെ സമര്‍പ്പിക്കണം. മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് ഒരു കോളേജില്‍ നിന്നും ഒരു ടീമിനായിരിക്കും അനുമതി ലഭിക്കുകയെന്നും സംഘാടകര്‍ അറിയിച്ചു.












Comments