2000 രൂപ നോട്ടുകൾ :നിരോധനം എന്തിന് ? മാറ്റാനുള്ള മാർഗങ്ങൾ അറിയാം.....

2000 rupee notes: Why the ban? Know ways to Exchange….

നിരോധനം എന്തിന്... എങ്ങനെ മാറ്റം...എവിടെയെല്ലാം മാറ്റാം..... എത്ര രൂപ വരെ മാറ്റിവാങ്ങാം, എത്ര രൂപ നിക്ഷേപിക്കാം......

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക് എന്ന് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ച് കൊണ്ട്  2016 നവംബർ രാത്രി എട്ടിന് അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അതുവരെ നിലവിലുണ്ടായിരുന്നതും ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നതുമായ 500, 1000 നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചു.  നോട്ടുനിരോധനത്തിന് പിന്നാലെയാണ്  2000ത്തിന്റെ നോട്ടും കെട്ടും മട്ടും മാറിയ 500 രൂപയുടെ നോട്ടും അവതരിച്ചത്. 

അതെ രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ഇന്നലെയാണ്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചത്. 2023 സെപ്തംബർ 30ന് ശേഷം 2000 രൂപ നോട്ടുകൾ വിനിമയം ചെയ്യാൻ സാധിക്കില്ലഎന്നും, അതുവരെ നോട്ടുകൾ നിയമപരമായി തുടരുമെന്നും ആർബിഐ അറിയിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി വെള്ളിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ച ആർബിഐ, 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളോട് നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് നിർദേശം നൽകി.

പൊതുജനങ്ങൾക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ആർബിഐ സ്വീകരിച്ച നയമായ “ക്ലീൻ നോട്ട് പോളിസി” അനുസരിച്ചാണ് പുതിയ മാറ്റം. .എല്ലാ 500, 1000 രൂപ നോട്ടുകളുടെയും നിയമപരമായ ടെൻഡർ പദവി പിൻവലിച്ചതിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുന്നതിനാണ് 1934 ലെ ആർബിഐ ആക്‌ട് സെക്ഷൻ 24(1) പ്രകാരം 2016 നവംബറിൽ 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്. 

ഇതറിഞ്ഞതോടെ ജനങ്ങൾ പലവിധ ആശങ്കയിലാണ്. 2000 രൂപ നോട്ടുകൾ നാളെ മുതൽ ഉപയോഗിക്കാൻ കഴിയില്ലേ? എങ്ങനെ ഇവ മാറും? നിക്ഷേപമായി കരുതിയത് എന്ത്ചെയ്യും? നോട്ടുകൾ മാറുന്നതിന് പരിധിയുണ്ടോ? തുടങ്ങി നിരവധി സംശയങ്ങളാണ്. നമുക്ക് വിശദമായി പരിശോധിക്കാം

2023 സെപ്തംബർ 30ന് ശേഷം ആണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുക. അതുവരെ നോട്ടുകൾ നിയമപരമായി തുടരുന്നതിനാൽ പേയ്‌മെന്റുകളും ഇടപാടുകളും നടത്താൻ നിങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് ഇതിനർത്ഥം. നിങ്ങളുടെ പക്കലുള്ള 2000 രൂപ നോട്ടുകൾ ആർബിഐ അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ മാറ്റാവുന്നതാണ്.

2000 രൂപയുടെ നോട്ടുകൾ എങ്ങനെ മാറ്റാം?

2023 സെപ്‌റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ, പൗരന്മാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ നിന്നും 2000 ത്തിന് പകരം മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകൾക്കായി മാറ്റി വാങ്ങാനും കഴിയും. 

ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്ര രൂപ വരെ നിക്ഷേപിക്കാമെന്ന സംശയം ഉണ്ടെങ്കിൽ,സാധാരണ രീതിയിൽ, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിർദ്ദേശങ്ങൾക്കും മറ്റ് ബാധകമായ നിയമപരമായ വ്യവസ്ഥകൾക്കും വിധേയമായി നടത്താമെന്നതാണ് ഉത്തരം. അതായത് മുൻപ് നിക്ഷേപിച്ചിരുന്നത്പോലെ തന്നെ മാറ്റങ്ങളൊന്നും തന്നെ ഇല്ലാതെ നിക്ഷേപിക്കാമെന്ന് അർഥം. 

കൈമാറ്റ പരിധി 

2023 മെയ് 23 മുതൽ ഏത് ബാങ്കിലും ഒരു സമയം 20,000 രൂപയുടെ  2000 രൂപ നോട്ടുകൾ വരെ മറ്റ് മൂല്യങ്ങളുടെ നോട്ടുകളാക്കി മാറ്റാവുന്നതാണ് എന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. 

Comments

    Leave a Comment