570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്

HiLITE Group with Rs 570 crore Investment in Calicut Cyber Park കിറ്റ്ഫ്ര പ്രിൻസിപ്പൽ സെക്രട്ടറി ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐഎഎസ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ എന്നിവർ ചേർന്ന് കോഴിക്കോട് സൈബർപാർക്കിൽ ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു

കോഴിക്കോട് സൈബർപാർക്കിൽ 'ഹൈലൈറ്റ് സൈബർ ടവർ', 'ഹൈലൈറ്റ് സൈബർ ഹബ്' എന്ന പേരിൽ രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ്. 

കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും ( കിറ്റ്ഫ്ര ) സൈബർ പാർക്കിൻ്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയിൽ 'ഹൈലൈറ്റ് സൈബർ ടവർ', 'ഹൈലൈറ്റ് സൈബർ ഹബ്' എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഹൈലൈറ്റ് സൈബർ ടവറിനായുള്ള ഔദ്യോഗിക കരാറുകൾ കിറ്റ്ഫ്രയുമായി കൈമാറിക്കഴിഞ്ഞു; അടുത്ത ഘട്ടമായി ഇതിന്റെ നിർമാണവും തുടങ്ങും. 

ഗ്രൂപ്പിന്റെ വേൾഡ് ട്രേഡ് സെന്റർ വികസന പദ്ധതിക്കൊപ്പം, ഈ പുതിയ സംരംഭങ്ങളും കേരളത്തിന്റെ വാണിജ്യ, ഐടി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ നിർണ്ണായക പങ്കിനെയാണ് അടയാളപ്പെടുത്തുന്നത്. ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ലാബുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഈ പദ്ധതികളിലൂടെ ലഭ്യമാകും.

കേരളത്തിലെ കഴിവുറ്റ യുവതലമുറയ്ക്ക് സ്വന്തം നാട്ടിൽ തന്നെ കരിയർ കെട്ടിപ്പടുക്കാൻ അവസരങ്ങൾ ഒരുക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നതായി ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. സൈബർപാർക്കിൽ ഉയരുന്ന ഈ പുതിയ സമുച്ചയങ്ങളിലൂടെ, കേരളത്തെ ഒരു പ്രമുഖ സാങ്കേതിക കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാനത്തിന്റെ ദൗത്യത്തിനൊപ്പം തങ്ങൾ അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സൈബർപാർക്കിനുള്ളിൽ 2.5 ഏക്കർ സ്ഥലത്താണ് 28 നിലകളുള്ള കൂറ്റൻ ഐടി സമുച്ചയമായ 'ഹൈലൈറ്റ് സൈബർ ടവർ' നിർമിക്കുന്നത്. 9 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ പദ്ധതിക്കായി ഏകദേശം 500 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം 70 കോടി രൂപയുടെ നിക്ഷേപത്തിൽ 1.56 ലക്ഷം ചതുരശ്ര അടിയിൽ 'ഹൈലൈറ്റ് സൈബർ ഹബ്ബും' സജ്ജമാകുന്നു. ഇതിനോടകം നിർമ്മാണ പ്രവർത്തനം  ആരംഭിച്ച ഹൈലൈറ്റ് സൈബർ ഹബ്ബ് വഴി  2,500 പേർക്ക് കൂടി നേരിട്ട് ഐടി മേഖലയിൽ തൊഴിൽ ലഭിക്കും.

"കോഴിക്കോട് നഗരത്തിലേക്ക് രണ്ട് വമ്പൻ ഐടി ടവറുകൾ കൊണ്ടുവരുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ഉത്തേജിപ്പിക്കും. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമായി കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഈ പദ്ധതി സഹായകമാകും," എന്ന് പദ്ധതിയുടെ പ്രാദേശിക സ്വാധീനത്തെക്കുറിച്ച്  ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

കോഴിക്കോട്ട് നടന്ന ചടങ്ങിൽ കിറ്റ്ഫ്ര പ്രിൻസിപ്പൽ സെക്രട്ടറി ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐഎഎസ്, കിറ്റ്ഫ്ര ജനറൽ മാനേജർ രാഹുൽ എ. രാജ് കെഎഎസ്, ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, സ്തപതി പ്രിൻസിപ്പൽ ആർക്കിടെക്റ്റ് ടോണി ജോസഫ്,  ഹൈലൈറ്റ് ബിസിനസ് പാർക്ക് എക്സിക്യൂട്ടീവ് ഹെഡ് ഹാനു ഷെൽക്ക്, സൈബർപാർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ ,  ആർക്കിടെക്റ്റ് ഹരീഷ് മൈലാട്ട്, ഡിസൈൻ സ്പെക്ട്രം ചീഫ് കൺസൾട്ടന്റ് കെ. സന്തോഷ്, കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

    Leave a Comment