മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ.

Union Budget  2024

പ്രഖ്യാപനങ്ങൾക്ക് പിന്നാലെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്.

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.

ശമ്പളമുള്ള ജീവനക്കാർക്കുള്ള നികുതി ഇളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായും പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ കിഴിവ് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ ധനമന്ത്രി നിർദ്ദേശിച്ചു. 

പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ 75000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയിൽ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി.
സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ നിലവിൽ ആദായ നികുതി അടക്കേണ്ടി വരില്ല. ഏഴ് ലക്ഷം മുതൽ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനവും  10 മുതൽ 12 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 15 ശതമാനവും 12 മുതൽ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിലാണ് ശമ്പളമെങ്കിൽ 30 ശതമാനവും നികുതിയടക്കണം. 


ബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ 

* വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. 

* കർഷകർക്ക് കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ  

* 1 കോടി യുവാക്കൾക്ക് രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 5000 രൂപ സ്റ്റൈപ്പന്റോടു കൂടി ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം. കൂടാതെ ഒറ്റത്തവണയായി  6000 രൂപയും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണം.

* കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ.

* ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം.

* എല്ലാ കാലാവസ്ഥയിലും ഉപയോ​ഗിക്കാനാകുന്ന റോ‍ഡുകളുടെ നിര്‍മ്മാണത്തിനായി പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ് 4. 25,000 ​ഗ്രാമീണ മേഖലകളിൽ റോഡുകൾ നിര്‍മ്മിക്കും.

* 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ.

* ക്യാൻസർ രോ​ഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

* കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാൽ മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. 
 
* കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാൽ സ്വര്‍ണം, വെള്ളി വില കുറയും. 

* ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും

* കസ്റ്റംസ് ഡ്യൂട്ടി കൂട്ടിയതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും.

* കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും

* ആദായനികുതി ആക്ട് പുനപരിശോധിക്കും. റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല

* സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാ​ഗത്തിലും ഒഴിവാക്കി.

* വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്.

* വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു
 
* കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി

* സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ. 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം

* പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം

*  എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകുന്നതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും.

* മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി.

* നഗരങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കുന്ന പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. 

* ബീഹാറിന് പ്രളയ ദുരിതം നേരിടാൻ 11500 കോടിയുടെ സഹായം 

* ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾ ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പദ്ധതികൾ.

* ബിഹാറിൽ പുതിയ വിമാനത്താവളം

* ബിഹാറിന് തലസ്ഥാന വികസനത്തിനായി ധനസഹായം

* ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.

* ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം

* ആന്ധ്രാപ്രദേശിൻ്റെ  തലസ്ഥാന വികസനത്തിനായി 15000 കോടി രൂപ ലഭ്യമാക്കും. 

* ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം.

* ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്ക് സഹായം

മധ്യവർഗത്തെ ശാക്തീകരിക്കുമെന്ന് പറഞ്ഞുകൊണ്ട് ബജറ്റിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു

കസേര സംരക്ഷണ ബജറ്റാണിതെന്ന്  ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ സഖ്യകക്ഷികൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും കുറ്റപ്പെടുത്തി.

ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയാണ് കേരളത്തിനോട് കാണിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി.

മൂന്നാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിന് പിന്നാലെ അമേരിക്കൻ ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.രൂപയുടെ മൂല്യം 83.69 വരെയാണ് ഇന്ന് താഴ്ന്നത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലവാരം 83.6775 ആയിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് മുമ്പ് ഇന്ന് രാവിലെ 83.6275 ആയിരുന്നു നിരക്ക്.

Comments

    Leave a Comment