രണ്ടു ദിവസമായി കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി മുന്നൂറിലധികം പ്രതിനിധികള്‍
അന്തരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പ്രഥമ അന്തര്‍ ദേശീയ സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബര്‍ 27, 28 (ശനി, ഞായര്‍) തീയതികളില്‍ കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുമെന്ന് സമ്മേളന സമിതി ചെയര്‍മാന്‍ ഐസക് പാലത്തിങ്കല്‍, സംഘാടക സമിതി ചെയര്‍മാന്‍ സന്തോഷ് ജോര്‍ജ്ജ്, റീജ്യണല്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോന്‍സ്, ഏരിയ ട്രഷറര്‍ പ്രതീഷ് പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് 27 ന് രാവിലെ 9.30 ന് അന്തരാഷ്ട്ര സംഘടനാ ഭാരവാഹികളുടെ യോഗത്തോടെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 2.30 ന് ബെന്നി ബഹനാന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഐസക്ക് പാലത്തിങ്കല്‍ അധ്യക്ഷത വഹിക്കും. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ മുഖ്യപ്രഭാഷണവും യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണണല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍ പ്രത്യേക പ്രഭാഷണവും നടത്തും.
പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ ചടങ്ങില്‍ ആദരിക്കും.സംഘടനയുടെ ഈ വര്‍ഷത്തെ പ്രധാന സാമൂഹ്യ സേവന പദ്ധതിയായ റീനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതിയുടെയുടെയും പാര്‍പ്പിട പദ്ധതിയുടെയും ഉത്ഘാടനവും ചടങ്ങില്‍ നടക്കും.
വൈകുന്നേരം 3.30ന് നടക്കുന്ന വനിതാ, യൂത്ത് വിഭാഗം സമ്മേളനം ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 24 ന്യൂസ് ആന്റ് ഫഌവേഴ്‌സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ലോറിയല്‍ നയിക്കുന്ന ഹെല്‍ത്ത് ആന്റ് ബ്യൂട്ടി മാസ്റ്റര്‍ ക്ലാസും, വില്‍പ്പത്രങ്ങളുടെ പ്രധാന്യം സംബന്ധിച്ച് സി. എ എബ്രാഹം സക്കറിയയുടെ പ്രഭാഷണവും നടക്കും.
വൈകിട്ട് ആറുമുതല്‍ സംഗീത വിരുന്ന്, മെമ്പേഴ്‌സ് നൈറ്റ് ആന്റ് കലാസന്ധ്യ, ഭരതനാട്യം എന്നിവയും അരങ്ങേറും.28 ന് രാവിലെ 09.30 ന് ബിസിനസ് മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ബിസിനസ് കണക്ട് എന്ന പേരില്‍ നടക്കുന്ന സംവാദത്തില്‍ ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ മാത്യൂസ് , ഇസാഫ് ചെയര്‍മാന്‍ ഡോക്ടര്‍ പോള്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്റര്‍ ആയിരിക്കും.
തുടര്‍ന്ന് 11.30 ന് പ്രഥമ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍, സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍ , ട്രഷറര്‍ ആന്റണി ജോസഫ്, ബുള്ളറ്റിന്‍ എഡിറ്റര്‍ ഡാനിയേല്‍ തോമസ് ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. . സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ സക്ക ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി മുന്നൂറിലധികം പ്രതിനിധികള്‍ രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. അടുത്ത ഒരു വര്‍ഷക്കാലം അര്‍ഹരായ കിഡ്‌നി രോഗികള്‍ക്ക് സ്വാന്തനമായി സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം റീനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി നല്‍കും. അതുകൂടാതെ ഇപ്പോള്‍ ചെയ്തുവരുന്നതു കൂടാതെ കുടുതല്‍ ആശുപത്രികളുമായി ചേര്‍ന്ന് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച് സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും സംഘടന വിഭാവനം ചെയ്യുന്നുണ്ട്. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയവ ഉള്‍പ്പെടെ മൂന്നു കോടി രൂപയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കുമെന്നും സംഘാടകര്‍ പറഞ്ഞു.











Comments