ഈയാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 88.79ല്‍ എത്തി.
യു.എസിന്റെ വ്യാപാര, കുടിയേറ്റ നയങ്ങളിലെ ആശങ്കകളെ തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ ഈയാഴ്ചയുണ്ടായത് റെക്കോഡ് തകര്‍ച്ച. ഈയാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 88.79ല്‍ എത്തി. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് രൂപയെ രക്ഷിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഈയാഴ്ചയില്‍ മാത്രം 0.7 ശതമാനം ഇടിവുണ്ടായി. 88.71 നിലവാരത്തിലാണ് വെള്ളിയാഴ്ച രൂപ ക്ലോസ് ചെയ്തത്. ഓഗസ്റ്റ് അവസാനം രേഖപ്പെടുത്തിയതിന് ശേഷമുള്ള കുത്തനെയുള്ള പ്രതിവാര ഇടിവാണിത്.
ആര്‍.ബി.ഐ കൂടുതല്‍ വിദേശ കരുതല്‍ ശേഖരം വിറ്റഴിച്ച് വിപണിയിലെ അസ്ഥിരത നിയന്ത്രിക്കാന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 702.57 ബില്യണ്‍ ഡോളറാണ് സെപ്റ്റംബര്‍ 19 ലെ കണക്ക് പ്രകാരം രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം. സെപ്റ്റംബര്‍ 12ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 39 മില്യണ്‍ ഡോളറിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. വിപണിയിലെ അസ്ഥിരത നിയന്ത്രിക്കാന്‍ ആര്‍ബിഐ ഇടപെടുന്നുണ്ടെന്നതിന് സൂചനയാണിത്.
എച്ച്1-ബി വിസ ഫീസിലെ വര്‍ധന, മരുന്നുകള്‍ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ എന്നിവ വിദേശ പണമൊഴുക്കിനെയും വിദേശ നിക്ഷേപത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭീതിയാണ് വിപണിയെ ബാധിച്ചത്.
ഈയാഴ്ചയുടെ തുടക്കത്തിൽ അമേരിക്ക എച്ച്1-ബി വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കക്ക് ഇടയാക്കി. കൂടാതെ ബ്രാന്‍ഡഡ്, പേറ്റന്റഡ് മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള വൈറ്റ് ഹൗസ് തീരുമാനവും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഈ തീരുമാനം രാജ്യത്തെ ഫാര്‍മ കയറ്റുമതിയെ കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
അടുത്തയാഴ്ച പുറത്ത് വരാനിരിക്കുന്ന യുഎസിലെ വ്യക്തിഗത ഉപഭോഗ ചെലവ് സംബന്ധിച്ച കണക്കുകള്‍ യുഎസിന്റെ പണനയത്തെക്കുറിച്ചുള്ള സൂചന നല്‍കും. നിലവില്‍ ഡോളര്‍ സൂചിക 98.4 നിലവാരത്തിലാണുള്ളത്
content : .The rupee has seen a record decline this week amid concerns over US trade and immigration policies. The rupee hit an all-time low of 88.79 this week. Although the RBI is trying to control market volatility by selling more foreign reserves, it is estimated that the rupee may continue to decline. The market was hit by fears that the increase in H1-B visa fees and higher duties on medicines could negatively impact foreign currency inflows and foreign investment.
Comments