1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്ന് കോടതി
കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സുപ്രധാന വിധി വന്നിരിക്കുന്നത്.
ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് നൽകുന്നതാണ് സിംഗിൾ ബെഞ്ചിന്റെ പുതിയ വിധി. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. പിതാവിന്റെ സ്വത്ത് ഭാഗിക്കലുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്ന കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ കേസ് ആദ്യം കീഴ്ക്കോടതി തള്ളിയെങ്കിലും ഹൈക്കോടതിയിലെത്തിയതോടെ വിവിധ നിയമങ്ങളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടുകയായിരുന്നു.
2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്നും കോടതി പറഞ്ഞു.
1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്‌ഷൻ 3, 4 എന്നിവയും 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവും തമ്മിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല എന്ന് സെക്‌ഷൻ 3 പറയുമ്പോൾ ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്ന് സെക്‌ഷൻ 4 ൽ പറയുന്നുണ്ട്. എല്ലാ മക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നാണ് 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം പറയുന്നത്. ഇങ്ങനെ 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്ന് കോടതി കൂട്ടിച്ചേർത്തു.
Comments