പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്‍റെ വിജയം ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിതാവ് ഉമ്മൻചാണ്ടിയെടൊപ്പം കിട പിടിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍ വിജയം പിടിച്ചെടുത്തത്. 37719 വോട്ടുകളുടെ വിജയമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്‍റെ വിജയം ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്ന് പ്രതികരിച്ച ചാണ്ടി ഉമ്മൻ അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് വലിയ നന്ദിയെന്നും പറഞ്ഞു.
ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പുതുപ്പള്ളിയുടെ പുതിയ എം എൽ എയ്ക്ക് എല്ലാ വിധ ഭാവുകങ്ങൾ അറിയിക്കുന്നതായും വ്യക്തമാക്കി.
എൽഡിഎഫിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് പുതുപ്പള്ളി വിജയമെന്ന് കോൺഗ്രസ് പറഞ്ഞു. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് കിട്ടിയിട്ടുണ്ട്. അവർ തന്നതല്ല. ഞങ്ങൾ പിടിച്ച് വാങ്ങിയതാണ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തത്. ഇടത് പക്ഷത്തോടുള്ള വെറുപ്പാണ് പുതുപ്പള്ളിയിൽ വ്യക്തമായത്. ഭരിച്ച് ഭരിച്ച് പിണറായി വിജയനും എൽഡിഎഫും ഈ കൊച്ചു കേരളത്തെ കുട്ടിച്ചോറാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാർത്ത സമ്മളെനത്തോട് പ്രതികരിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വോട്ടു കുറഞ്ഞത് പരിശോധിക്കുമെന്നും വ്യക്തമാക്കി. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ലെന്നും മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിനന്ദനങ്ങളർപ്പിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ യു ഡി എഫ് വിജയത്തിന് പ്രധാന ഘടകമായത് സഹതാപ തരംഗമാണെന്ന് പറഞ്ഞു. ഭരണ വിരുദ്ധ തരംഗം അടക്കം പുതുപ്പള്ളിയിൽ പ്രതിഫലിച്ചെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Comments