2026 ഏപ്രിലിൽ കൽമൈക്യയിൽ സംഘടിപ്പിക്കുന്ന ടുലിപ് ഫെസ്റ്റിവലിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യങ്ങൾ, ടൂറിസം എന്നിവ പ്രദർശിപ്പിക്കും
കൊച്ചി: റഷ്യയിലെ കൽമൈക്യ റിപ്പബ്ലിക്കിലെ ഔദ്യോഗിക ഉന്നതതല പ്രതിനിധി സംഘം ഇന്ത്യയിൽ സന്ദർശനം നടത്തി. ഇരു രാജ്യങ്ങളിലെയും സാംസ്കാരികം, മൂല്യങ്ങൾ, വിനോദസഞ്ചാരം, പുതു കാഴ്ചപ്പാടുകൾ എന്നിവ പരസ്പരം പങ്കുവെക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തു.
കൽമൈക്യ റിപ്പബ്ലിക് തലവൻ ബാട്ടു ഖാസിക്കോവിൻ്റെ നേതൃത്വത്തിലെത്തിയ സംഘം കേന്ദ്ര ടൂറിസം - സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളിലെയും സാംസ്കാരികവും ആധ്യാത്മികവുമായ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി 2026 ഏപ്രിലിൽ
കൽമൈക്യയിൽ സംഘടിപ്പിക്കുന്ന ടുലിപ് ഫെസ്റ്റിവലിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യങ്ങൾ, ടൂറിസം എന്നിവ പ്രദർശിപ്പിച്ച് ഇന്ത്യ ദിനങ്ങൾ ആഘോഷിക്കും.
കൂടാതെ, റഷ്യയിലെ ആത്മീയ കേന്ദ്രവും ആഗോള സാംസ്കാരിക കേന്ദ്രവുമായി വികസിച്ചുകൊണ്ടിരിക്കുന്ന എലിസ്റ്റയിൽ അടുത്ത മാസം നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ബുദ്ധിസ്റ്റ് ഫോറത്തിൽ ബുദ്ധിസ്റ്റ് പാർക്കിൽ ബുദ്ധ ശാക്യമുനിയുടെ പ്രതിമ സ്ഥാപിക്കുന്നതാണ്. ഈ ചടങ്ങിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് പങ്കെടുക്കാനും ധാരണയായിട്ടുണ്ട്.
യൂറോപ്പിലെ ഏക ബുദ്ധമത ഭൂരിപക്ഷ ജനസംഖ്യയുള്ള കൽമൈക്യ ലോകത്തെ പ്രധാന സാംസ്കാരികവും ആത്മീയവുമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. ഓരോ വർഷവും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്.
Comments