മട്ടന്നൂരിലെ കെ കെ ശൈലജയുടെ 60,963 മറികടന്നു.
കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യം 140 സീറ്റുകളിൽ 102 എണ്ണം നേടി വൻ ഭൂരിപക്ഷത്തോടെ അരികാരത്തിലേക്ക് എത്തി. എൽ ഡി എഫിന് 35 സീറ്റുകൾ ലഭിച്ചപ്പോൾ ചരിത്രത്തിൽ ആദ്യമായി ബി ജെ പി ക്ക് മൂന്ന് സീറ്റുകൾ ലഭിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയംനേടിയ മുസ്ലിംലീഗിന് ഇത്തവണയും തങ്ങളുടെ ശക്തി തെളിയിച്ചു. ജനവിധി തേടിയ 27 മണ്ഡലങ്ങളിൽ 22 ഇടത്തും ജയിച്ച് ലീഗ് ഏറ്റവുമധികം സീറ്റെന്ന റെക്കോഡും ഇക്കുറി എഴുതിച്ചേർത്തു. 2011-ലാണ് ലീഗിന് മുൻപ് ഏറ്റവുംകൂടുതൽ അംഗങ്ങളുണ്ടായിരുന്നത്. 24 സീറ്റുകളിൽ മത്സരിച്ച് അന്ന് 20 സീറ്റ് നേടിയിരുന്നു. ആ റെക്കോഡാണ് ഇക്കുറി 22-ലേക്കുയർത്തിയത്.
2021 - ൽ ജയിച്ച 15 മണ്ഡലങ്ങൾ നിലനിർത്തിയ ലീഗ് ഇത്തവണ താനൂർ, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, തിരുവമ്പാടി, പേരാമ്പ്ര,കുന്ദമംഗലം, കളമശ്ശേരി എന്നീ ഏഴു സീറ്റുകൾകൂടി പിടിച്ചെടുത്തു. അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ, ചേലക്കര, പുനലൂർ എന്നീ അഞ്ചു സീറ്റുകൾ നഷ്ടമായി. തോൽവിയറിഞ്ഞെങ്കിലും അഴീക്കോട് (349), കൂത്തുപറമ്പ് (1286), ഗുരുവായൂർ (1998) മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ലീഗ് പ്രതിനിധികൾക്കു കഴിഞ്ഞു.
കൂടാതെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമാക്കി. 2021 തിരഞ്ഞെടുപ്പിൽ മട്ടന്നൂരിലെ കെ കെ ശൈലജയുടെ ഭൂരിപക്ഷമായ 60,963 കുഞ്ഞാലിക്കുട്ടി മറികടന്നു. മലപ്പുറത്തു നിന്നും ജനവിധി തേടിയ കുഞ്ഞാലിക്കുട്ടി 85,327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി ആയ കെ റ്റി മുജീബ് റഹ്‌മാൻ 46305 വോട്ട് നേടിയപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് 131632 വോട്ടുകൾ ലഭിച്ചു. ആകെ പോൾ ചെയ്തതിന്റെ 66.86 ശതമാനം വോട്ടുലകളും ലീഗിന്റെ പ്രിയ കുഞ്ഞാപ്പക്ക് ലഭിച്ചു.
മറ്റൊരു ശ്രദ്ധേയമായ വിജയം പെരിന്തൽമണ്ണയിൽ കഴിഞ്ഞതവണ 38 വോട്ടിനു ജയിച്ച നജീബ് കാന്തപുരം ഇക്കുറി ഭൂരിപക്ഷം 32,431-ലേക്കുയർത്തി എന്നതാണ്. തിരൂരങ്ങാടി (63,387), കോട്ടയ്ക്കൽ (62,638), മഞ്ചേരി (57,887), കൊണ്ടോട്ടി (56,017), വള്ളിക്കുന്ന് (51,289) എന്നിവിടങ്ങളിലും തിളക്കമാർന്ന ഭൂരിപക്ഷമാണ് പാർട്ടിക്ക് ലഭിച്ചത്.
കോൺഗ്രസും (63) സി.പി.എമ്മും (26) കഴിഞ്ഞാൽ നിയമസഭയിൽ ഏറ്റവുമധികം അംഗങ്ങളുള്ള പാർട്ടിയും മുസ്ലിം ലീഗാണ്. 85 സീറ്റുകളിൽ മത്സരിച്ചാണ് സി.പി.എം. 26 സീറ്റുകൾ നേടിയതെങ്കിൽ ലീഗ് വെറും 27 സീറ്റിൽനിന്നാണ് 22 എണ്ണം നേടിയത്.
2011 ഉമ്മൻചാണ്ടി സർക്കാരിൽ അഞ്ച് മന്ത്രിമാരായിരുന്നു ലീഗിനുണ്ടായിരുന്നത്. ഇത്തവണ മന്ത്രിസഭയിലേക്കുള്ള സാധ്യതാപട്ടികയിൽ ഒരുപിടി പേരുകളാണ് ലീഗിന് മുന്നിലുള്ളത്. ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി, തുടർച്ചയായി നാലാം തവണ നിയമസഭയിലെത്തുന്ന മണ്ണാർക്കാട്ടെ അംഗം എൻ. ഷംസുദ്ദീൻ, ഏറനാട്ടിൽനിന്ന് ജയിച്ച പി.കെ. ബഷീർ, മൂന്നാംതവണ എം.എൽ.എ.യായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, യുവപ്രാതിനിധ്യവും അനുഭവസമ്പത്തും മാനദണ്ഡമാക്കിയാൽ വേങ്ങരയിൽനിന്ന് ജയിച്ച കെ.എം. ഷാജി എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്.












Comments